സന്തോഷം തരാത്ത സമൃദ്ധി

ഈ കേരളപ്പിറവിദിനത്തില്‍ സാമൂഹികജീവിതത്തിലേക്ക് കണ്ണോടിക്കുന്ന ആര്‍ക്കും ആഹ്‌ളാദവും അഭിമാനവും തോന്നുന്ന ഭൗതികസൗകര്യങ്ങളാല്‍ സമ്പന്നമായ ചുറ്റുപാടാണ് കാണാന്‍ കഴിയുക. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, പ്രവാസം മുതലായവവഴി സമ്പത്തും സമൃദ്ധിയുമാര്‍ജിച്ച സംസ്ഥാനമാണ് നമ്മുടേത്. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, ആശുപത്രികള്‍, സിനിമാതിയേറ്ററുകള്‍, വാടകവീടുകള്‍, കച്ചവടപ്പീടികകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, വാഹനസൗകര്യങ്ങള്‍, നിരത്തുകള്‍ തുടങ്ങിയവ മിക്ക ഗ്രാമപ്രദേശത്തുമുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടി ആണും പെണ്ണും ആയിരക്കണക്കിന് ഇവിടേക്ക് വന്നുകൊണ്ടേയിരിക്കുന്നു. നാട്ടിന്‍പുറങ്ങളുടെയും പട്ടണങ്ങളുടെയും അതിരുകള്‍ മാഞ്ഞ് കേരളം മുഴുവന്‍ ഒരു വന്‍നഗരമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കയാണ്. പകിട്ടും പത്രാസും പറഞ്ഞിട്ടെന്താ, നാട്ടില്‍ പിന്നെപ്പിന്നെ സന്തോഷം കുറഞ്ഞുവരുകയാണ് എന്നാണ് എന്റെ നിരീക്ഷണം. എനിക്ക് 73 വയസ്സായി. ഞങ്ങളുടെ കുട്ടിക്കാലത്ത് കണ്ടതും കേട്ടതുമായ ദാരിദ്ര്യവും നടപ്പുദീനവും ദുരിതവുമൊന്നും ഇപ്പോഴില്ല. ഈ സമൃദ്ധിയും സുഖവും കൊണ്ടുവരേണ്ട സന്തോഷം എവിടെപ്പോയി.
ആദര്‍ശമുള്ളിടത്തേ സ്‌നേഹമുണ്ടാവൂ
അന്ന് കണ്ടിരുന്ന സ്‌നേഹം ഇപ്പോള്‍ കുടുംബത്തിലോ നാട്ടിലോ വ്യക്തികളിലോ കാണാനില്ല. സ്‌നേഹത്തിന് നിദാനം അന്നത്തെ പട്ടിണിയും പരിവട്ടവുമായിരുന്നോ? അല്ലേയല്ല. അന്ന്, ഇന്നത്തെ അപേക്ഷിച്ച് മൂല്യബോധവും ആദര്‍ശനിഷ്ഠയും സമൂഹത്തിലുണ്ടായിരുന്നു. മേല്‍പ്പറഞ്ഞതിന്റെ ഏറ്റവും വലിയ സൂചകം രാഷ്ട്രീയമേഖലയാണ്.
വഴിയും മൊഴിയും ഹിംസാത്മകം
വീട്ടിലും റോട്ടിലും നാട്ടിലും ഹിംസ മുഴുത്തുവരുകയാണ്. ജാതി മാറിയോ മതം മാറിയോ കല്യാണം കഴിക്കുന്നവരെ കുടുംബാംഗങ്ങള്‍ത്തന്നെ ശരിപ്പെടുത്തിക്കളയുന്ന 'ദുരഭിമാനക്കൊല' പണ്ട് ഉത്തരേന്ത്യയില്‍നിന്നുള്ള വാര്‍ത്തകളായിരുന്നു. ഇതിപ്പോള്‍ കേരളത്തിലും വ്യാപകമാവാന്‍ തുടങ്ങിയിരിക്കുന്നു. നിത്യവും ബസിലും തീവണ്ടിയിലും ആപ്പീസിലും തൊഴില്‍ശാലയിലും നമ്മുടെ സ്ത്രീകള്‍ അനുഭവിക്കുന്ന വലുതും ചെറുതുമായ അപമാനങ്ങള്‍ ഓര്‍ത്തുനോക്കുക: ഒട്ടും സ്ത്രീസൗഹൃദദേശമല്ല മലയാളികളുടെ മാതൃഭൂമി.
വികസനത്തില്‍വരാത്ത കര്‍ഷകരും ദളിതരും
വികസനം ഒരു പ്രത്യയശാസ്ത്രമായി ഉന്നയിക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാരെല്ലാം. റോഡും പാലവും കെട്ടിടവും ബസ്സ്റ്റാന്‍ഡും തീവണ്ടിയാപ്പീസും വിമാനത്താവളവുമാണ് അവരുടെ വികസനചര്‍ച്ചയില്‍ വരുക; കൃഷിവരില്ല. നെല്ലോ തെങ്ങോ റബ്ബറോ കശുമാവോ കൃഷിചെയ്യുന്നവരെ കണക്കില്‍ക്കൂട്ടിയിട്ടേയില്ല. ഓര്‍ത്തിരിക്കുക, ഇവിടെ ആത്മഹത്യചെയ്യുന്നതില്‍ അധികവും കര്‍ഷകരാണ്!
മടങ്ങിവരുന്ന അന്ധവിശ്വാസങ്ങള്‍
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ നാം ഉച്ചാടനംനടത്തിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമെല്ലാം എല്ലാവിഭാഗങ്ങളിലേക്കും മടങ്ങിവന്നു. ആ വകയില്‍ പുതുതായി പലതും ഉണ്ടായിവരുകയുംചെയ്തു. ആള്‍ദൈവങ്ങള്‍ നേടുന്ന പ്രചാരം ഉദാഹരണം. കാരണം ലളിതമാണ്. നമ്മുടെ നാട്ടില്‍ ശക്തിപ്പെടുന്നത് പൗരോഹിത്യമാണ്. എല്ലാ സമുദായത്തിലും ഇതാണ് സ്ഥിതി. അതിനെതിരേ ചെറുവിരലനക്കാന്‍പോലും ഒരു പാര്‍ട്ടിക്കും ധൈര്യമില്ല. അത് വോട്ടുബാങ്കുകളെ പ്രകോപിപ്പിച്ചേക്കും എന്നാണ് പേടി.
രാഷ്ട്രീയപ്രബുദ്ധത റിവേഴ്സ് ഗിയറില്‍
റിവേഴ്സ് ഗിയറിലുള്ള കേരളത്തിന്റെ ഈ മടക്കയാത്ര ജനാധിപത്യത്തിന്റെ പ്രാരംഭഘട്ടത്തിലേ തുടങ്ങി എന്നതാണ് വിധിവൈപരീത്യം. അതിന്റെ അടയാളക്കല്ല് വിമോചനസമരം എന്നുപേരായ പിന്തിരിപ്പന്‍ പ്രസ്ഥാനമാണ്. തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഒന്നാമത്തെ ഭരണകൂടമായ ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരായി മതപുരോഹിതരെയും ജാതിമേധാവികളെയും സമുദായമേലധ്യക്ഷന്മാരെയും രംഗത്തിറക്കി കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോ.ലീ.പി.) സഖ്യം നിരന്ന് നടത്തിയ ജനാധിപത്യവിരുദ്ധപ്രക്ഷോഭം, കേന്ദ്രസര്‍ക്കാര്‍ ആ സര്‍ക്കാരിനെ പിരിച്ചുവിടുന്നേടത്തോളം മൂത്തു(1959). കഷ്ടം!
അധികാരരാഷ്ട്രീയത്തിന്റെ ആ കെട്ടപാഠങ്ങള്‍ പകര്‍ത്തിക്കൊണ്ടാണ്, ജാതി-മത സംഘങ്ങളുടെ പിന്തുണയുറപ്പാക്കിക്കൊണ്ടാണ് 'സപ്തമുന്നണി'യുടെ കൊടിക്കൂറയുമായി രണ്ടാം ഇ.എം.എസ്. മന്ത്രിസഭ (1967) വാഴ്ചയേല്‍ക്കുന്നത്. അങ്ങനെ 'ഏതുചെകുത്താനെ കൂട്ടുപിടിച്ചും ഭരണം നേടുക' എന്നതായിത്തീര്‍ന്നു മലയാളികളുടെ രാഷ്ട്രീയാദര്‍ശം. ജാതീയത, മതകീയത, യാഥാസ്ഥിതികത, സ്ത്രീവിരുദ്ധത മുതലായ അരാഷ്ട്രീയജീര്‍ണതകളെ രാഷ്ട്രീയത്തിന്റെ പേരില്‍ത്തന്നെ(!) കൊണ്ടാടിക്കൊണ്ട് കേരളീയരുടെ രാഷ്ട്രീയപ്രബുദ്ധത മുന്നേറിക്കൊണ്ടേയിരിക്കുന്നു.
Content Highlights: M. N. Karassery