എന്ന് വീണ്ടെടുക്കും കേരളത്തിന്റെ 'എം'

#വി.എസ്. സിജു
Representational Image
Representational Image

ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഇല്ലാതാകുന്ന കേരളത്തിന്റെ 'എം' വീണ്ടെടുക്കാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന് ഒരു വ്യക്തതയുമില്ല. ഭരണഭാഷ മലയാളമായിട്ടും ഇംഗ്ലീഷിലുള്ള ഔദ്യോഗിക രേഖകളിലെല്ലാം 'കേരള' എന്നാണ് രേഖപ്പെടുത്തുന്നത്. ഹിന്ദിയില്‍ ഇത് 'കേരള്‍' എന്നുമാണ്. ഭരണഘടനയടക്കമുള്ള ഔദ്യോഗിക രേഖകളിലെല്ലാം കേരളയെ 'കേരളം' എന്നാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റാന്‍ ഭരണഘടന അനുച്ഛേദം മൂന്ന് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

ഇനിയുമുണ്ട് കടമ്പ

പേര് മാറ്റാന്‍ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. ഇനിയുള്ള ആദ്യനടപടി പേര് മാറ്റാനുള്ള ഭേദഗതിബില്‍ അവതരിപ്പിച്ച് ലോക്സഭയില്‍ പാസാക്കുക എന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബില്‍ അവതരിപ്പിക്കേണ്ടത്. രാജ്യസഭയും പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചശേഷം ഗസറ്റില്‍ വിജ്ഞാപനംചെയ്താലേ 'കേരള' എന്ന പേര് 'കേരളം' എന്നായി ഔദ്യോഗിക രേഖകളില്‍ മാറൂ. ഇക്കാര്യത്തില്‍ ഒഡിഷ സര്‍ക്കാര്‍ സ്വീകരിച്ച മാതൃകയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ജസ്റ്റിന്‍ മാത്യു ചൂണ്ടിക്കാട്ടുന്നു. കേരള എന്നത് കേരളം എന്നാക്കി മാറ്റേണ്ടതിന്റെ നിയമപരമായ അനിവാര്യത ഒട്ടേറെത്തവണ സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട് ജസ്റ്റിന്‍.

ഒറീസ ഒഡിഷ ആയത് ഇങ്ങനെ

ഒറീസ എന്നത് ഒഡിഷയാക്കണം എന്ന പ്രമേയം ഒഡിഷ നിയമസഭ പാസാക്കിയത് 2008-ലാണ്. 2011-ല്‍ പാര്‍ലമെന്റ് 'ദി ഓറീസ ആള്‍ട്ടറേഷന്‍ ഓഫ് നെയിം ആക്ട്' പാസാക്കുകയും ഒറീസ എന്നത് ഒഡിഷ എന്നാക്കുകയും ചെയ്തു. ട്രിവാന്‍ഡ്രം, ട്രിച്ചൂര്‍, കാലിക്കട്ട് എന്നിവയെ തിരികെപ്പിടിച്ച മാതൃക കേരളത്തിലുമുണ്ട്. പണ്ട് യൂറോപ്യന്മാര്‍ കടല്‍ക്കടന്ന് എത്തിയതിന്റെ തുടര്‍ച്ചയായി നഷ്ടമായതാകാം കേരളത്തിലെ 'എം' എന്നാണ് കരുതുന്നത്.
 

Content Highlights: Kerala to Keralam, God's own country to be renamed