അടഞ്ഞുപോയ രക്തധമനിയെ തുറക്കുന്ന 'തീമധുരം' | ആയുർജീവനം - 9

#ഡോ. കെ. മുരളീധരന്‍
തിപ്പലി | Photo: UNI
തിപ്പലി | Photo: UNI

രു മഹാരക്തധമനിയിലെ തടസ്സംമൂലം രണ്ടുകാലുകള്‍ക്കും വേദനയും ബലക്കുറവും ദീര്‍ഘകാലമായി അനുഭവിച്ചുകൊണ്ടിരുന്ന രോഗിയുടെ ചികിത്സാനുഭവത്തില്‍നിന്ന് തുടങ്ങാം. അദ്ദേഹം ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം കാലുകള്‍ക്ക് വേദന അനുഭവപ്പെട്ടു. നടക്കാന്‍ തുടങ്ങുന്നതോടെ വേദന കൂടുകയും നിവൃത്തിയില്ലാതെ ഇരിക്കേണ്ടിവരുകയും ചെയ്തിരുന്നു. അന്‍പതിനോടടുത്താണു പ്രായം.

ശസ്ത്രക്രിയചെയ്ത് രക്തധമനിയിലെ തടസ്സം നീക്കാന്‍ ശ്രമിക്കാം എന്നായിരുന്നു വിദഗ്ധാഭിപ്രായം. എന്നാല്‍ അക്കാലത്ത് രക്തവാഹിനികളുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനുള്ള വാസ്‌കുലാര്‍ ശസ്ത്രക്രിയ പ്രചാരത്തിലായിട്ടില്ല. അപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ജീവിതം ഇരുളടഞ്ഞതാകും എന്ന ആധിയിലായിരുന്നു രോഗി.

ഡോ. പി.കെ. വാരിയര്‍, അലോപ്പതിയിലും ആയുര്‍വേദത്തിലും ഒരുപോലെ പഠിപ്പും പരിചയവുമുള്ള ഡോ. കെ. രാജഗോപാലന്‍ എന്നിവര്‍ കൂടിയാലോചിച്ച് പിപ്പലിരസായനം എന്ന ചികിത്സചെയ്യാന്‍ തീരുമാനിച്ചു.

പിപ്പലിരസായനത്തെക്കുറിച്ച് അല്പം പറയാം: പിപ്പലി (തിപ്പലി) ചെറിയ അളവില്‍ തുടങ്ങി ക്രമേണ കൂട്ടി പത്തുദിവസം കൊടുക്കുക. പിന്നീട് അളവ് കുറച്ചുകൊണ്ടുവന്ന് ആരംഭിച്ച മാത്രയില്‍ എത്തിക്കുക. ഏതാണ്ട് 19 ദിവസമെടുക്കും ചികിത്സ പൂര്‍ത്തിയാക്കാന്‍. കഠിനമായ ആഹാരപഥ്യം വേണം. പാലും നവരയരിച്ചോറും മാത്രമാണു ഭക്ഷണം.

അദ്ഭുതകരമായ മാറ്റങ്ങളാണ് ചികിത്സയ്‌ക്കൊടുവില്‍ ലഭിച്ചത്. അടഞ്ഞുകിടന്നിരുന്ന രക്തധമനിയിലൂടെ രക്തം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ടാകണം; അദ്ദേഹത്തിന് വേദന ഗണ്യമായി കുറഞ്ഞു. അത്യാവശ്യത്തിന് നടക്കാമെന്നായി. ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്.

രസായനചികിത്സ എന്നാല്‍ ദേഹം നന്നാക്കാനുള്ള ഔഷധപ്രയോഗം മാത്രമല്ല. അതിദാരുണമായ രോഗാവസ്ഥകളില്‍ അതീവശ്രദ്ധയോടെ ചെയ്യുന്ന ചികിത്സാക്രമംകൂടി ആകുന്നു. തിപ്പലിയുടെ പ്രധാന ഔഷധഗുണം തടസ്സങ്ങളെ അലിയിച്ചുകളഞ്ഞ് രക്തധമനികള്‍പോലെയുള്ള ജീവന് ആധാരമായ സഞ്ചാരപഥങ്ങളെ സ്വച്ഛസുന്ദരമാക്കും എന്നതാണ്.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

ഈ കാരണംകൊണ്ടുതന്നെ തിപ്പലി ശ്വാസകോശം, അന്നപഥം, നാഡീവ്യൂഹം മുതലായവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഔഷധമാണ്. മൃദ്വീകാദി ലേഹമാണ് ഒരു ഉദാഹരണം. ഇതില്‍ മുന്തിരിങ്ങയും തിപ്പലിയും പഞ്ചസാരയും തേനും ചേരുന്നു. ശ്വസനവ്യവസ്ഥയിലെ കഫത്തെ അലിയിപ്പിച്ചുകളയാനാണ് ഈ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)

Content Highlights: Ayurjeevanam by Dr. K Muraleedharan | Part 9