അത് ഞാന്‍ കണ്ട സ്വപ്നം, കോലിയെ തിരഞ്ഞെടുക്കാനും ഭാഗ്യമുണ്ടായി; ആര്‍സിബിയെ അഭിനന്ദിച്ച് വിജയ് മല്യ

അഹമ്മദാബാദ്: ഐപിഎല്‍ കിരീട നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിനെ അഭിനന്ദിച്ച് ടീമിന്റെ മുന്‍ ഉടമയായ വിജയ് മല്യ. ആര്‍സിബി ടീം സ്ഥാപിച്ചപ്പോള്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തണമെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും കോലിയടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ചതും താനാണെന്നും മല്യ എക്‌സില്‍ കുറിച്ചു. നിലവില്‍ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട് വിദേശവാസത്തിലാണ് മല്യ.
2008-ല്‍ പ്രഥമ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഉടമയായിരുന്നു വിജയ് മല്യ. 'ആര്‍സിബി സ്ഥാപിച്ചപ്പോള്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തണമെന്ന് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. ചെറുപ്രായത്തില്‍ ഇതിഹാസ താരം വിരാട് കോലിയെ ടീമിലേക്ക് തിരഞ്ഞെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം 18 വര്‍ഷം ആര്‍സിബിയില്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ക്രിസ് ഗെയ്‌ലിനെയും എ ബി ഡിവില്ലിയേഴ്‌സിനെയും തിരഞ്ഞെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒടുവില്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തി. എന്റെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും വീണ്ടും അഭിനന്ദനങ്ങളും നന്ദിയും. ആര്‍സിബി ആരാധകര്‍ ഏറ്റവും മികച്ചവരാണ്, അവര്‍ ഐപിഎല്‍ ട്രോഫി അര്‍ഹിക്കുന്നു.' - മല്യ കുറിച്ചു.
Content Highlights: Vijay Mallya, RCB`s former owner, congratulates the team on their IPL victory