RCB-യുടെ വിക്ടറി പരേഡില്‍ അനിശ്ചിതത്വം; അനുമതിയില്ലെന്ന് പോലീസ്, പരേഡ് റദ്ദാക്കിയിട്ടില്ലെന്ന് KSCA

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീം ബുധനാഴ്ച ബെംഗളൂരു നഗരത്തില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡില്‍ അനിശ്ചിതത്വം. വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാല്‍ പരേഡിന് അനുമതി നല്‍കാനാകില്ലെന്ന് ബെംഗളൂരു പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ പരേഡ് റദ്ദാക്കിയെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) ഇക്കാര്യം നിഷേധിച്ചു. വിക്ടറി പരേഡ് റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പ്രതികരിച്ചു. വിക്ടറി പരേഡിനുള്ള അനുമതിക്കായി കെഎസ്‌സിഎ, കര്‍ണാടക പോലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ് പരേഡ് അനിശ്ചിതത്വത്തിലായത്.
വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയം വരെ 1.4 കി.മീ ദൂരം നീളുന്നതാണ് പരേഡ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:30-നാണ് പരേഡ് ആരംഭിക്കുക എന്നാണ് കെഎസ്‌സിഎ അറിയിച്ചിരിക്കുന്നത്.
Content Highlights: RCB`s victory parade in Bengaluru faces uncertainty after police deny permission