വിജയാഘോഷത്തിനിടെ കോലിയെ വളഞ്ഞ് ജനക്കൂട്ടം; നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ് | Video

ബെംഗളൂരു: ഇത്തവണത്തെ ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വിജയത്തിന്റെ ആഘോഷത്തിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലുംപെട്ടാണ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലു പേരുടെ നില ഗുരുതരമായി തുടരുകയുമാണ്.
തിക്കിലും തിരക്കിലും ആര്‍സിബി താരങ്ങളും ബുദ്ധിമുട്ടി. ഇപ്പോഴിതാ വിധാന്‍ സൗധയ്ക്ക് പുറത്ത് വിരാട് കോലിയെ ജനക്കൂട്ടം വളയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മേയ് നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. ഇതോടെ താരങ്ങള്‍ വിധാന്‍ സൗധയില്‍ നിന്ന് മടങ്ങി. ഇതിനിടെയാണ് കോലിയെ വലിയ ജനക്കൂട്ടം വളഞ്ഞത്. പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് താരത്തെ ആരാധകര്‍ക്കിടയില്‍ നിന്ന് വിധാന്‍ സൗധയ്ക്ക് പുറത്തെത്തിച്ചത്.
നിരവധി പോലീസുകാരുണ്ടായിരുന്നിട്ടും കളിക്കാര്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ തിരക്ക് തടയാന്‍ അവര്‍ക്കായില്ല.
താരങ്ങള്‍ വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന രീതിയിലാണ് ആര്‍സിബി അധികൃതരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് പരേഡ് നിശ്ചിയിച്ചിരുന്നത്. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. അപകടത്തിനു പിന്നാലെ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു.