'എ ബി ഈ കിരീടം നിങ്ങളുടേതുകൂടിയാണ്'; കരച്ചിലടക്കാനാകാതെ കോലി

Photo: x.com/cricbuzz
Photo: x.com/cricbuzz

ഇത്തവണത്തെ ഐപിഎല്‍ ഫൈനല്‍ മത്സരം അതിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ ക്യാമറ കണ്ണുകള്‍ എല്ലാം തന്നെ വിരാട് കോലിയിലായിരുന്നു. അയാളുടെ കണ്ണുകള്‍ അപ്പോഴേക്കും ഒന്ന് പെയ്‌തൊഴിയാനായി വെമ്പുന്നുണ്ടായിരുന്നു. ആര്‍സിബി വിജയം ഉറപ്പിച്ച ഘട്ടത്തില്‍ കോലി, ബാണ്ടറിക്ക് അപ്പുറം നിന്നിരുന്ന എ ബി ഡിവില്ലിയേഴ്‌സിന് നേരേ വിരല്‍ ചൂണ്ടി. 'എ ബി ഈ കിരീടം നിങ്ങളുടേത് കൂടിയാണ്', കോലി, തന്റെ പ്രിയപ്പെട്ട സഹതാരത്തോട് പറയാതെ പറഞ്ഞത് ഒരുപക്ഷേ ഇതായിരിക്കാം. 

ജോഷ് ഹേസല്‍വുഡ് അവസാന പന്തും എറിഞ്ഞു തീര്‍ന്നതിനു പിന്നാലെ കോലിയുടെ കണ്ണില്‍ നിന്ന് ആനന്ദം അണപൊട്ടിയൊഴുകി. ഐപിഎല്ലിന്റെ 18 വര്‍ഷക്കാലം ഒരു ടീമിന് മാത്രം കളിച്ച ഒരേയൊരു താരം കോലിയായിരുന്നു. അയാള്‍ക്ക് ഒരു ഐപിഎല്‍ കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നതും 18 വര്‍ഷം.

2016-ല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ഒപ്പമുണ്ടായിരുന്നിട്ടും കൈവിട്ടുപോയ ആ കിരീടം ഒടുവില്‍ സ്വന്തമാക്കിയതിനു പിന്നാലെ കോലി സംസാരിച്ചതൊക്കെയും ടീം അംഗങ്ങളെ കുറിച്ചായിരുന്നു. കിരീട നേട്ടത്തിനു പിന്നാലെ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനുമായി സംസാരിക്കുമ്പോഴും കോലി വാചാലനായത് മുഴുവനും സഹതാരങ്ങളെ കുറിച്ചും ഇത്രയും കാലം പിന്തുണ നല്‍കിയ ആര്‍സിബി ആരാധരെ കുറിച്ചുമായിരുന്നു.

ആര്‍.സി.ബി ടീമിനെ പോലെ തന്നെ ആരാധകരും ഒരുപോലെ അര്‍ഹിച്ച കിരീടനേട്ടമാണിതെന്ന് കോലി പറഞ്ഞു. തന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തുമെല്ലാം ഈ ടീമിനാണ് നല്‍കിയത്. കിരീട നേട്ടത്തിനായി സാധ്യമായതെല്ലാം ചെയ്തു. എ ബി ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി ചെയ്ത കാര്യങ്ങളെല്ലാം ഈ നിമിഷം ഓര്‍ക്കുന്നു. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

മുന്‍ ആര്‍സിബി താരങ്ങളായ ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഫൈനല്‍ മത്സരം കാണാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. കിരീട നേട്ടത്തിനു പിന്നാലെ ഇരുവര്‍ക്കുമൊപ്പം കോലി വിജയം ആഘോഷിക്കുകയും ചെയ്തു.

Content Highlights: Virat Kohli`s emotional reaction after RCB`s IPL victory, sharing the moment with AB de Villiers