2022 ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി ബട്‌ലര്‍ക്ക്, ഒപ്പം പുതിയൊരു റെക്കോഡും

Photo: twitter.com/IPL
Photo: twitter.com/IPL

മുംബൈ: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ക്ക്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെയാണ് ബട്‌ലര്‍ സെഞ്ചുറി നേടിയത്. 

വെറും 66 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 100 റണ്‍സെടുത്ത ബട്‌ലര്‍ 19-ാം ഓവറിലാണ് പുറത്തായത്. മലയാളി താരം ബേസില്‍ തമ്പി ചെയ്ത നാലാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 26 റണ്‍സടിച്ച് ബട്‌ലര്‍ കൊടുങ്കാറ്റായി മാറി. ബട്‌ലറുടെ ഇന്നിങ്‌സ് മികവില്‍ രാജസ്ഥാന്‍ 193 റണ്‍സെടുത്തു. 

ഐ.പി.എല്ലില്‍ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരം എന്ന റെക്കോഡ് ബട്‌ലര്‍ക്ക് സ്വന്തമായി. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബട്‌ലര്‍ 124 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചായി രണ്ടാം സീസണിലും സെഞ്ചുറി നേടാന്‍ താരത്തിന് കഴിഞ്ഞു. 

ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇതിനുമുന്‍പ് ഐ.പി.എല്ലില്‍ രണ്ട് സെഞ്ചുറി നേടി ഇന്ത്യന്‍ താരം. 2017-ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടി സ്റ്റോക്‌സ് ആദ്യ സെഞ്ചുറി നേടി. രണ്ടാം സെഞ്ചുറി 2020-ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും നേടി. 

ഇരുവരെയും കൂടാതെ ജോണി ബെയര്‍സ്‌റ്റോ, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഐ.പി.എല്ലില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ഐ.പി.എല്ലിലെ ഒരു ഇംഗ്ലീഷ് താരത്തിന്റെ ആദ്യ സെഞ്ചുറി പീറ്റേഴ്‌സണിന്റെ പേരിലാണ്. 

Content Highlights: Jos Buttler becomes first centurion of IPL 2022, joins Ben Stokes in elite list