'ഇംഗ്ലീഷ് നിന്റെയോ എന്റെയോ ഭാഷയല്ലെന്ന് നിനക്കറിയാം; പക്ഷേ നീ ഞങ്ങളുടെ ഭാഷ പറയാന്‍ മടിക്കുന്നു'

#കരുണാകരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരിക്കല്‍, കുവൈറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷനിലുണ്ടായിരുന്ന കുവൈറ്റി വനിത എന്റെ പാസ്‌പോര്‍ട്ട് പരിശോധിയ്ക്കുന്നതിനിടയ്ക്ക് അറബിക്കില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് - സാധാരണ അത് എപ്പോഴും എത്രനാളായി അവധിയില്‍, ഇവിടെ എന്ത് ജോലിചെയ്യുന്നു എന്നൊക്കെയാവും - ഇംഗ്ലീഷില്‍ മറുപടി പറയുകയായിരുന്നു, ഞാന്‍. മൂന്നാമത്തെയോ നാലാമത്തെയോ ചോദ്യത്തിന് അവള്‍ തലയുയര്‍ത്തി എന്നെ നോക്കി ഇങ്ങനെ പറഞ്ഞു : 'നീ ഏറെ വര്‍ഷങ്ങളായി കുവൈറ്റില്‍ ആണെന്ന് നിന്റെ ഈ പാസ്‌പോര്‍ട്ടിലെ താമസരേഖ പറയുന്നു. പക്ഷേ നീ എന്തേ ഈ രാജ്യത്തെ ഭാഷ പഠിച്ചില്ലേ? അല്ലെങ്കില്‍ നീ ഞങ്ങളുടെ ഭാഷ പറയാന്‍ മടിക്കുന്നു'. അപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു എന്ന് വരുത്തി. 'നിനക്ക് നന്നായി അറിയാം,   ഇംഗ്ലീഷ് നിന്റെയോ എന്റെയോ ഭാഷയല്ലെന്നും...''ഞാന്‍ അവളോട് ക്ഷമ പറഞ്ഞു. എനിക്ക് അറബിക് അറിയാമെന്നു പറഞ്ഞു. പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ അറബിക്കില്‍ മറുപടി പറയാന്‍ തുടങ്ങി. ആ സംഭാഷണം അവര്‍ക്കും എനിക്കും ഇഷ്ടമാവാനും തുടങ്ങി. അവള്‍ എന്നെപ്പറ്റിയും എന്റെ ജോലിയെപ്പറ്റിയും ചോദിച്ചു. കുവൈറ്റ്  ഇഷ്ടമാണോ എന്ന് ചോദിച്ചു. പാസ്‌പോര്‍ട്ട് തിരിച്ചുതരുമ്പോള്‍ അവര്‍ മറ്റൊന്നുകൂടി പറഞ്ഞു: 'അറബിക് പഠിക്കാന്‍ എളുപ്പമുള്ള ഭാഷയാണ്. അത് നീ നിന്റെ ചങ്ങാതിമാരോടും  പറയണം.'

ഒരാളുടെ മാതൃഭാഷ അയാളുടെ സ്വന്തം റിപ്പബ്ലിക്ക് കൂടിയാണ്, തന്റെ രാഷ്ട്രത്തിന്റെ നിയമങ്ങളിലും അതിരുകളിലും  അടയാളമിട്ട ഒരു  ഭൂപ്രദേശത്തെക്കാള്‍ അത്  അയാളുടെ ജീവിതത്തിന്റെ പ്രകാശനംകൂടിയാണ്. അവിടെ അവള്‍ ചിലപ്പോള്‍ തന്റെ ഭാഷയുടെ കാവല്‍ക്കാരിയുമാകുന്നു.

Content Highlights: international mother language day 2023, karunakaran,mathrubhumi

Continue reading