അംറാസ്, വരുംതലമുറയ്ക്കെങ്കിലും നിങ്ങളുടെ ഭാഷയില്‍ പ്രണയിക്കാന്‍, കരയാന്‍, സ്വപ്നം കാണാന്‍ കഴിയട്ടെ!

#ഹരിത സാവിത്രി
കടപ്പാട് എ.എഫ്.പി
കടപ്പാട് എ.എഫ്.പി

അംറാസിന്റെ വയലിനില്‍ നിന്നൊഴുകുന്ന വിഷാദഭരിതമായ ഒരു ഗാനം കേട്ടിരിക്കുകയായിരുന്നു ദിലയും ഞാനും. കണ്ണുകളടച്ച് ഈ ലോകത്തിലെ മറ്റെല്ലാം അവഗണിച്ച് ആ സംഗീതത്തില്‍ ലയിച്ചിരിക്കുമ്പോള്‍ മുന്നില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. നാടന്‍പാട്ടിന്റെ ലാളിത്യവും നീറിപ്പിടിക്കുന്ന വേദനയും കുര്‍ദുകളുടെ കത്തുന്ന സമരവീര്യവും സിരകളില്‍ ലഹരി പോലെ കത്തിപ്പടരുന്നു. ആ ഗാനമുണര്‍ത്തിയ ആവേശം മൂലം എന്റെ അടഞ്ഞ കണ്ണുകളില്‍ നിന്ന് നിയന്ത്രിക്കാനാവാതെ കണ്ണുനീര്‍ ഒഴുകി. പെട്ടെന്ന് വയലിന്റെ ശബ്ദം നിലച്ചു. ഞാന്‍ മെല്ലെ കണ്ണുകള്‍ തുറന്നു. അയാള്‍ നിശ്ശബ്ദനായി എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന ദിലയെ ഞാന്‍ മുഖം തുടച്ചുകൊണ്ട് ഒളികണ്ണിട്ടു നോക്കി. അവളുടെയും മുഖവും കണ്ണുകളും  നനഞ്ഞു ചുവന്നിരിക്കുന്നു.
 
ഞാന്‍ മെല്ലെ എഴുന്നേറ്റു. ഇരുട്ട് പടര്‍ന്നിരിക്കുന്നു. നേരം അധികം വൈകുന്നതിനു മുമ്പ് മുറിയില്‍ എത്തണം.
''നില്‍ക്കൂ..'' അംറാസ് തിടുക്കത്തില്‍ തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ''നീ കഴിഞ്ഞ ഒരാഴ്ചയായി എന്റെ സംഗീതം കേള്‍ക്കാന്‍ വരുന്നു. ഞങ്ങളെ സ്‌നേഹിക്കുന്നവരെ കണ്ടുമുട്ടാന്‍ ഇക്കാലത്ത് അല്പം പ്രയാസമാണ്. നിനക്കായി ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.''

അയാള്‍ തിടുക്കത്തില്‍ കുര്‍ദിഷ് കൊടിയുടെ നിറങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രപ്പണികള്‍ ചെയ്ത തോള്‍സഞ്ചിയില്‍ നിന്ന് എന്തോ പുറത്തെടുത്തു. ആ വസ്തു കണ്ട ദിലയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞത് എന്റെ കണ്ണില്‍പ്പെടാതിരുന്നില്ല. തൊലി പുറത്തുകാണാനാവാത്ത വിധം കരയാമ്പൂ കുത്തിത്തറച്ചു വച്ച് ഉണക്കിയെടുത്ത ഒരു ആപ്പിളായിരുന്നു അത്. കുര്‍ദുകളുടെ പ്രണയ സമ്മാനം! നന്ദിയോടെ അത് സ്വീകരിച്ചിട്ടു ഞാന്‍ പുറത്തേയ്ക്ക് നടന്നു.

''നീ നാളെ പോവുകയാണ് എന്ന് കേട്ടു. ശരിയാണോ?''
വയലിന്‍ ഭിത്തിയില്‍ തൂക്കിയിട്ടിട്ട് അംറാസ് ഞങ്ങള്‍ക്കൊപ്പം കൂടി.
''അവള്‍ക്ക് മറ്റു ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കേണ്ടതുണ്ട്.''
ഇത്തവണ ദിലയാണ് മറുപടി പറഞ്ഞത്.
''എന്റെ കൂടെ അത്താഴം കഴിക്കുന്നോ?'' അടുത്ത ചോദ്യം കേട്ടു ഞാന്‍ തിരിഞ്ഞു നിന്നു.
''തീര്‍ച്ചയായും കഴിക്കാം. പക്ഷെ ഒരു നിബന്ധന. കുര്‍മാഞ്ചിയില്‍ തെറ്റുകളില്ലാതെ നിങ്ങള്‍ എനിക്കൊരു പ്രണയലേഖനം എഴുതിത്തരണം.''

ടര്‍ക്കിയിലെ കുര്‍ദുകള്‍ സംസാരിക്കുന്ന പ്രധാന ഡയലക്ടാണ് കുര്‍മാഞ്ചി. അംറാസിന് കുര്‍മാഞ്ചി എഴുതാനും വായിക്കാനും കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. 
അയാളുടെ പരുങ്ങല്‍ കണ്ട് ദില പൊട്ടിച്ചിരിച്ചു. 
ഒരു നിമിഷത്തേയ്ക്ക് അംറാസിന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘം പടര്‍ന്നുവെങ്കിലും അയാളും മടിക്കാതെ ആ ചിരിയില്‍ പങ്കുചേര്‍ന്നതോടെ സന്ദര്‍ഭത്തിന്റെ മുറുക്കം ഉരുകിയൊലിച്ചു. 

 പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ദില പരിഭവിച്ചു. 
''നിനക്ക് ഞങ്ങളുടെ ദൌര്‍ബല്യം തന്നെ ഉപയോഗിക്കണം. അല്ലെ?''

''എന്ത് ചെയ്യാം പെണ്ണേ.. ഹൃദയം തകര്‍ക്കാന്‍ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.''
ഞങ്ങളുടെ ചിരി ആ ഇരുണ്ടു ഇടുങ്ങിയ നിശ്ശബ്ദമായ തെരുവില്‍ ക്ഷണികമായ സന്തോഷത്തിന്റെ പ്രതിധ്വനികള്‍ സൃഷ്ടിച്ചുവെങ്കിലും തുടര്‍ന്ന് ഒന്നും സംസാരിക്കാന്‍ കഴിയാതെ രണ്ടുപേരും അന്തരീക്ഷത്തില്‍ തങ്ങിനിന്ന കട്ടിയുള്ള മൂകതയിലേക്ക് സ്വയമറിയാതെ വീണു.

''എന്റെ അച്ഛന്‍ ജനിച്ച വര്‍ഷം മുതല്‍ ഈ രാജ്യത്ത് ഞങ്ങളുടെ ഭാഷ നിരോധിച്ചതാണ്. പിന്നെ എങ്ങനെയാണ് എന്റെ പ്രിയപ്പെട്ടവളേ ഞങ്ങള്‍ ഞങ്ങളുടെ ഭാഷ തെറ്റില്ലാതെ ഉപയോഗിക്കുന്നത്? പ്രണയം പറയാനോ ഒന്ന് സങ്കടം പറഞ്ഞുകരയാനോ പോലും അന്യന്റെ ഭാഷ കടമെടുക്കേണ്ടി വരുന്ന ജനത!'' 

കയ്‌പ്പോടെ തല കുലുക്കി, എന്തൊക്കെയോ നിരാശയോടെ പിറുപിറുത്തുകൊണ്ട് ദില അകന്നുപോകുന്നത് നോക്കി ഞാന്‍ ഹോട്ടലിന്റെ വാതില്‍പ്പടിയില്‍ ചലനമറ്റു നിന്നു. 

''ക്രൂരമായിപ്പോയി!''
ഞാന്‍ എന്നോടു തന്നെ ശാസനയോടെ പറഞ്ഞു. കുര്‍മാഞ്ചിയിലൊരു പ്രണയലേഖനം ചോദിക്കുക വഴി, അംറാസിന്റെ പ്രണയത്തെ മാത്രമല്ല, മാതൃഭാഷയെയും സ്വത്വത്തെയുംതന്നെ അസാധുവാക്കിക്കളഞ്ഞ എന്നോട് എനിക്ക് ഒട്ടും മതിപ്പ് തോന്നിയില്ല.

 ദില പറഞ്ഞത് ശരിയായിരുന്നു 1937-ല്‍ ഭാഷ മാത്രമല്ല, കുര്‍ദുകളുടെ പരമ്പരാഗത വസ്ത്രങ്ങള്‍, നാടോടിക്കഥകള്‍, പേരുകള്‍ എന്നിവ ഒറ്റയടിക്ക് നിരോധിക്കപ്പെട്ടു. 'കുര്‍ദുകള്‍', 'കുര്‍ദിസ്ഥാന്‍', 'കുര്‍ദിഷ്' എന്നീ വാക്കുകളും നിരോധിക്കപ്പെട്ടവയില്‍പ്പെടും. 1980-ല്‍ നടന്ന പട്ടാള അട്ടിമറിയോടെ സ്വകാര്യ ജീവിതത്തില്‍പ്പോലും കുര്‍ദുകളെ സ്വന്തം ഭാഷ ഉപയോഗിക്കുന്നതില്‍ നിന്ന് തുര്‍ക്കിയിലെ ഭരണകൂടം വിലക്കി. അതോടെ പുതിയ തലമുറകള്‍ക്ക് കുര്‍ദിഷ് ഭാഷ അന്യമായിത്തുടങ്ങി.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം ടര്‍ക്കിഷാണ് ഔദ്യോഗിക ഭാഷ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 42.9 ഭരണകൂടത്തിന്റെ താല്പര്യം കുറച്ചു കൂടി വിശദമാക്കുന്നു. ടര്‍ക്കിഷ് അല്ലാതെ മറ്റൊരു ഭാഷയും പൗരന്മാര്‍ പഠിക്കാന്‍ പാടില്ല എന്നും പഠിപ്പിക്കാന്‍ പാടില്ല എന്നും കര്‍ശനമായ നിര്‍ദ്ദേശം ഇത് പ്രകാരം നല്‍കിയിട്ടുണ്ട്. ടര്‍ക്കിയില്‍ താമസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളൊക്കെ ഈ നിയമത്തിന്റെ പരിധിയില്‍ പെട്ട് കഷ്ടത അനുഭവിക്കുന്നുവെങ്കിലും പ്രധാന ലക്ഷ്യം കുര്‍ദുകളും അവരുടെ ഭാഷയും തന്നെയായിരുന്നു.

ദേശീയതയും ഏകതയും അടിസ്ഥാനമാക്കിയുള്ള ഒരു ആധുനിക രാജ്യം കെട്ടിപ്പടുക്കാനുള്ള ഭരണകൂടത്തിന്റെ കടുംപിടിത്തമാണ് തുര്‍ക്കിയിലെ പൗരന്മാരുടെ വ്യത്യസ്ത സ്വത്വങ്ങളുടെയും ഭാഷകളുടെയും അടിച്ചമര്‍ത്തലില്‍ കലാശിച്ചത്. 1923-ല്‍ മുസ്തഫ കെമാല്‍ അറ്റാത്തുര്‍ക്ക് റിപ്പബ്ലിക് ഓഫ് ടര്‍ക്കി പ്രഖ്യാപിച്ചതോടെയാണ് ഈ പ്രവണത പ്രകടമായിത്തുടങ്ങിയത്. അധിനിവേശ പ്രവണതകളില്‍ നിന്നും രക്ഷനേടാനുമായി പുതിയതായി രൂപീകരിച്ച രാജ്യത്തിന്റെ ദേശീയത വളര്‍ത്താനുമായി ടര്‍ക്കിഷ്, സുന്നി ഭൂരിപക്ഷം അവലംബിച്ച ഈ രീതിയുടെ ഫലമായി രാജ്യത്ത് നിലനിന്നിരുന്ന വിവിധ ന്യൂനപക്ഷങ്ങളുടെ സംസ്‌കാരവും ഭാഷയും ക്രമേണ അപ്രത്യക്ഷമാവുകയും അവ തുര്‍ക്കിഷ് സ്വത്വത്തില്‍ ലയിക്കുകയും ചെയ്തു.

1930-ല്‍ നിയമ നിര്‍മ്മാണത്തിലൂടെ ടര്‍ക്കിഷ് ഇതര ഭാഷകളിലുള്ള പ്രസിദ്ധീകരണം നിരോധിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ കുര്‍ദുകള്‍ക്കെതിരായ പ്രകടമായ നിലപാടുകള്‍ ഭരണകൂടം സ്വീകരിച്ചു തുടങ്ങിയിരുന്നു. 'മൗണ്ടന്‍ ടര്‍ക്കുകള്‍' എന്ന പുതിയ പേരിലാണ് കുര്‍ദുകളെ ഗവണ്മെന്റ് വിശേഷിപ്പിച്ചത്. തങ്ങളുടെ വംശത്തിന്റെ സംസ്‌കാരവും ഭാഷയും നശിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയ കുര്‍ദുകളുടെ ദേശീയ വികാരം ഉണരുകയും 1960- 70കളോടെ അത് വന്‍ പ്രതിഷേധത്തിലെക്ക് വഴി തെളിക്കുകയും ചെയ്തു.

1961-ല്‍ കുര്‍ദു വംശജരായ കുട്ടികളെ തുര്‍ക്കിഷ് സ്വത്വമുള്ളവരായി വളര്‍ത്തിയെടുക്കുക, ഭരണകൂടത്തിനോട് കൂറുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ചു. പക്ഷേ ടര്‍ക്കിഷ് ഭാഷയില്‍ പ്രാവീണ്യം നേടിയ കുര്‍ദ് കുട്ടികള്‍ തങ്ങള്‍ക്ക് അപ്രതീക്ഷിതമായി തുറന്നുകിട്ടിയ പുതിയ വാതിലിലൂടെ ഗവണ്മെന്റ് നിശ്ചയിച്ച പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള സാഹിത്യലോകത്തേയ്ക്ക് ഇറങ്ങുകയും വിമോചനത്തിന്റെയും സമത്വത്തിന്റെയും പാഠങ്ങള്‍ പഠിക്കുകയും ചെയ്തു.

 ഇത്തരത്തിലുള്ള ഒരു ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയായിരുന്നു അമ്മാവന്‍ എന്നര്‍ത്ഥം വരുന്ന 'അപ്പൊ' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കുര്‍ദുകളുടെ നേതാവ് അബ്ദുള്ള ഒഹ്ജലാന്‍. തന്റെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ബോധമില്ലാത്ത ഒരു സാധാരണ കുട്ടിയായി പഠനം തുടങ്ങിയ അദ്ദേഹം സ്‌കൂള്‍ വിട്ടിറങ്ങിയത് പൂര്‍ണ്ണമായ സ്വത്വബോധത്തോടെയും കടുത്ത ഇടതുപക്ഷ ചിന്താഗതിയോടെയുമായിരുന്നു. ഒഹ്ജലാന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പികെകെ എന്ന സായുധ സംഘടന കുര്‍ദുകളുടെ ഇടയില്‍ തങ്ങളുടെ മാതൃഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

1980-ലെ പട്ടാള അട്ടിമറിയ്ക്ക് ശേഷം കുര്‍ദു ഭാഷയും സംസ്‌കാരവും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുകയാണ് ഉണ്ടായത്. 1983-ല്‍ പാസ്സാക്കിയ നിയമപ്രകാരം എല്ലാ പൗരന്മാരുടെയും മാതൃഭാഷ തുര്‍ക്കിഷ് ആണെന്നും അതല്ലാതെയുള്ള ഭാഷകളുടെ ഉപയോഗം ശിക്ഷാര്‍ഹമാവുകയും ചെയ്തു.    

1991-ല്‍ കുര്‍ദ് വേരുകളുള്ള പ്രസിഡന്റ് തുര്‍ഗുത് ഒസാലിന്റെ പരിശ്രമ ഫലമായി കുര്‍ദിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കാനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി. 2006-ല്‍ ദിവസം തോറും നാല്‍പ്പത്തിയഞ്ച് മിനിട്ടോ ആഴ്ചയില്‍ നാല് മണിക്കൂറോ കുര്‍ദിഷ്ഭാഷാ പ്രോഗ്രാമുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ചാനലുകള്‍ക്ക് ഗവണ്മെന്റ് അധികാരം കൊടുത്തു. പക്ഷെ ഇന്നും കുര്‍ദിഷ് ഭാഷയോ സംസ്‌കാരമോ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടെത്തിയാല്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന കുറ്റത്തിന് ശിക്ഷ ലഭിക്കാം. കുര്‍ദിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അയഞ്ഞുവെങ്കിലും ഇത്തരം നിയമങ്ങള്‍ക്കു അടിസ്ഥാനമായ ഭരണഘടനയിലെ ഭാഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

2019-ല്‍ ദിയര്‍ബക്കിര്‍ പട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാവെസ്റ്റ് എന്ന കുര്‍ദിഷ് റിസര്‍ച്ച് ഇന്‌സ്‌റിറ്റിയൂട്ട് പതിനെട്ടിനും മുപ്പതിനും ഇടയ്ക്ക് പ്രായം വരുന്ന അറുനൂറു കുര്‍ദ് യുവാക്കളുടെ ഇടയില്‍ ഒരു സര്‍വേ നടത്തി. അവരില്‍ പതിനെട്ടു ശതമാനം പേര്‍ക്ക് മാത്രമേ കുര്‍ദിഷ് ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയുമായിരുന്നുള്ളൂ. നാല്‍പ്പത്തി നാല് ശതമാനത്തിനു മാത്രമാണ് തങ്ങളുടെ മാതൃഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നത്. അധ്യയന ഭാഷയായി കുര്‍ദിഷ് ഉപയോഗിക്കുന്നതില്‍ ഇപ്പോഴും വിലക്കുണ്ടെങ്കിലും അതിനെയൊക്കെ മറികടന്നു കുര്‍ദ് യുവതീയുവാക്കള്‍ ആവേശത്തോടെ തങ്ങളുടെ മാതൃഭാഷയുടെ പ്രചാരം നടത്തുന്നു. താന്‍ ഒരു 'ലാംഗ്വേജ് ആക്ടിവിസ്റ്റ്' ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന പലരെയും ഞാന്‍ കുര്‍ദിസ്ഥാനില്‍ കണ്ടു മുട്ടിയിരുന്നു.

അംറാസ് ഇന്നും എന്നെ മറന്നിട്ടില്ല. ദീര്‍ഘമായ ഇടവേളകള്‍ക്കിടയിലാണ് എങ്കിലും അയാളുടെ വയലിന്റെ നാദം വല്ലപ്പോഴും എന്നെ തേടിയെത്താറുണ്ട്. ആ സംഭാഷണം മിക്കപ്പോഴും ഇങ്ങനെയാണ് അവസാനിക്കുക.
''നിങ്ങളിനി എന്നാണ് വരിക സ്ത്രീയേ? നമുക്ക് ഒരുമിച്ച് ഡിന്നര്‍ കഴിക്കണ്ടേ?''
''നിങ്ങള്‍ മറന്നു പോയോ? ആദ്യം തെറ്റ് കൂടാതെ കുര്‍ദിഷില്‍ പ്രേമലേഖനം എഴുതാന്‍ പഠിക്കൂ..''
പൊട്ടിച്ചിരികളോടെ ആ കോള്‍ മുറിയും.
അംറാസ്, നിങ്ങളുടെ വരുംതലമുറകള്‍ക്ക് എങ്കിലും നിങ്ങളുടെ ഭാഷയില്‍ പ്രണയിക്കാന്‍, കരയാന്‍, സ്വപ്നം കാണാന്‍ കഴിയട്ടെ.

Content Highlights: international mother language day 2023, Haritha Savithri, Mathrubhumi