'യഥാർഥ കാറുകൾ, യഥാർഥ ക്രാഷുകൾ'; ക്രിസ്റ്റഫർ നോളന്റെ വിട്ടുവീഴ്ചയില്ലാത്ത സിനിമാ രീതികളെക്കുറിച്ച് കോർബോൾഡ്

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുന്ന ക്രിസ്റ്റഫര്‍ ചാൾസ് കോര്‍ബോൾഡ്, സമീപം പരിപാടിയുടെ മോഡറേറ്റര്‍ നമൻ രാമചന്ദ്രൻ
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുന്ന ക്രിസ്റ്റഫര്‍ ചാൾസ് കോര്‍ബോൾഡ്, സമീപം പരിപാടിയുടെ മോഡറേറ്റര്‍ നമൻ രാമചന്ദ്രൻ

പനജി: ഓസ്കാർ ജേതാവായ സ്പെഷ്യൽ എഫക്റ്റ്സ് ആർട്ടിസ്റ്റ് ക്രിസ്റ്റഫർ ചാൾസ് കോർബോൾഡ് സിനിമാ കാഴ്ചകളുടെ പിന്നിലുള്ള അപൂർവമായ പിന്നണി കഥകൾ പങ്കുവെച്ചു. 'From Bond to Batman: SFX, Stunts & Spectacle' എന്ന പേരിൽ നടന്ന ഇന്റർവ്യു സെഷനിൽ ജെയിംസ് ബോണ്ടിന്റെ ലോകം തയ്യാറാക്കിയ കഥകളും ബാറ്റ്മാനിലെ ട്രക്ക് മറിച്ചിടുന്നതും ഇൻസെപ്ഷനിലെ കോറിഡോർ രംഗമുൾപ്പടെ ക്രിസ്റ്റഫർ നോളനുവേണ്ടി ഫിസിക്സ് നിയമങ്ങളെ വരെ വെല്ലുവിളിച്ച കഥകളും ക്രിസ്റ്റഫർ ചാൾസ് കോർബോൾഡ് പറഞ്ഞു. കലാ അക്കാദമിയിലെ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി.

മൊബൈലിൽ ജെയിംസ് ബോണ്ട് തീം പ്ലേ ചെയ്തുകൊണ്ടാണ് 15 ബോണ്ട് സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ഈ ഇതിഹാസത്തെ ചലച്ചിത്ര നിർമ്മാതാവ് രവി കൊട്ടാരക്കര കലാ അക്കാദമിയിലെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. മൂന്ന് ബാറ്റ്മാൻ സിനിമകളിലും, ഓസ്‌കാർ നേടിയ 'ഇൻസെപ്ഷൻ' എന്ന സിനിമയിലെയും സ്പെഷ്യൽ എഫക്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കോർബോൾഡാണ്. പ്രമുഖ നിരൂപകൻ നമൻ രാമചന്ദ്രൻ മോഡറേറ്റ് ചെയ്ത ഈ സെഷൻ, ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ പിന്നിലുള്ള പല കഥകളും കൊണ്ട് സമ്പന്നമാണ്.

പ്രാക്ടിക്കൽ ഇഫക്റ്റുകളും ഡിജിറ്റൽ ഇഫക്റ്റുകളും തമ്മിൽ ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന്, ഈ രണ്ട് ഡിപ്പാർട്ട്‌മെന്റുകളും പരസ്പരം സഹായിക്കാൻ പഠിക്കുകയും മനോഹരമായി അത് സ്ക്രീനിൽ കാണാൻ സാധിക്കുന്നുണ്ടെന്നും വിശദീകരിച്ചു. ഇവ രണ്ടും സമന്വയിക്കുമ്പോഴാണ് മികച്ച സിനിമാ മുഹൂർത്തങ്ങൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റഫർ നോളനുമായി നാല് സിനിമകളിൽ സഹകരിച്ച കോർബോൾഡ്, നാച്ചുറലായി സീനുകളെ സമീപിക്കുന്ന നോളന്റെ വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തെക്കുറിച്ച് സംസാരിച്ചു. സാധ്യമാകുമ്പോഴെല്ലാം, യഥാർഥ കാറുകൾ, യഥാർഥ ക്രാഷുകൾ, യഥാർഥ പ്രോപ്പർട്ടികൾ എന്നിവ ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ ഇഫക്ടുകളാണ് നോളൻ ആക്ഷൻ രംഗങ്ങൾക്ക് ആവശ്യപ്പെടാറുള്ളത്. 'ഞങ്ങൾ ആദ്യം അത് സാധാരണപോലെ നാച്ചുറലായി ചിത്രീകരിക്കും. അതിനുശേഷം ഡിജിറ്റൽ ടീം വന്ന് അതിനെ കൂടുതൽ മെച്ചപ്പെടുത്തും,' അദ്ദേഹം വിശദീകരിച്ചു.

'കാസിനോ റോയലിലെ' (Casino Royale) മുങ്ങുന്ന പാലസ്, 'ഇൻസെപ്ഷനിലെ' (Inception) കോറിഡോറിലെ പോരാട്ടം, 'ദി ഡാർക്ക് നൈറ്റിലെ' (The Dark Knight) ഐകോണിക്കായ ട്രക്ക് ഫ്ലിപ്പ് എന്നിവയുടെ വീഡിയോ ക്ലിപ്പുകൾ സംസാരത്തിനിടെ പ്രദർശിപ്പിച്ചു. ഓരോ ക്ലിപ്പിനുമായി വലിയ റിഗ്ഗുകൾ രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ചും, കറങ്ങുന്ന കോറിഡോറുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും, ഹെലികോപ്റ്ററുകൾ കൃത്യമായ പാതകളിലൂടെ സഞ്ചരിക്കാൻ പ്രോഗ്രാം ചെയ്യുന്നതിനെക്കുറിച്ചുമുള്ള വിശദമായ കഥകൾ കോർബോൾഡ് പറഞ്ഞു.

'ഇൻസെപ്ഷനിലെ' കോറിഡോർ ആക്ഷൻ രംഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം വിശദീകരിച്ചു. 'ഞാൻ മുമ്പ് കറങ്ങുന്ന മുറികൾ ചെയ്തിട്ടുണ്ട്, പക്ഷേ ആ രംഗത്തിന് നീണ്ട ഇടനാഴികൾ ആവശ്യമായിരുന്നു. മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കറങ്ങിയാൽ ആരായാലും വീഴാൻ സാധ്യതയുണ്ട്. എന്നാൽ വേഗത കൂട്ടാനായിരുന്നു നോളൻ പറഞ്ഞത്. വളരെ റിസ്ക് പിടിച്ച ആ പരിപാടി എങ്ങനെയോ ഞങ്ങൾ ഷൂട്ട് ചെയ്തു".

'ദി ഡാർക്ക് നൈറ്റിലെ' ട്രക്ക് ഫ്ലിപ്പിനെക്കുറിച്ച് കോർബോൾഡ് ചിരിയോടെയാണ് സംസാരിച്ചത്. 'ഒരു യഥാർത്ഥ ട്രക്ക് മറിച്ചിടാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ നോളൻ വഴങ്ങിയില്ല, അവസാനം ഞങ്ങൾ ഒരു യഥാർഥ ട്രക്ക് തന്നെ ആ സീനിന് വേണ്ടി മറിച്ചിട്ടു'.

സ്‌ക്രീനിലെ ഓരോ അവിസ്മരണീയ നിമിഷത്തിനു പിന്നിലും മണിക്കൂറുകളോളം നീണ്ട തയ്യാറെടുപ്പുകളുണ്ടെന്ന് കോർബോൾഡ് പറയുന്നു. 'ഞങ്ങൾ ഞങ്ങളുടെ സംവിധാനങ്ങൾ കുറഞ്ഞത് 25 തവണയെങ്കിലും പരീക്ഷിക്കും. സംഭവിക്കാൻ സാധ്യതയുള്ള എല്ലാ അപകടങ്ങളെക്കുറിച്ചും ഞങ്ങൾ ചിന്തിക്കും,' അദ്ദേഹം പറഞ്ഞു.

അഭിനേതാക്കളുടെ സുരക്ഷയിൽ  വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ അഭിനേതാക്കൾ സുഖകരവും ആത്മവിശ്വാസമുള്ളവരുമായിരിക്കണം. അവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ഞങ്ങൾ വാഹനങ്ങളിൽ ഫയർ-സേഫ്റ്റി സംവിധാനങ്ങൾ നിർമ്മിക്കുകയും ഉൾവശം ലൈൻ ചെയ്യുകയും ചെയ്യും'.

തന്റെ സെറ്റുകളിൽ എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും ഏകോപനം നിർബന്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു. 'അപ്രതീക്ഷിതമായി ഒന്നും ഉണ്ടാകരുത്. എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും കൃത്യമായി അറിയണം'. തന്റെ ഇഷ്ടവിഷയങ്ങളിലൊന്നായ സിനിമയ്ക്കുള്ളിലെ നിയന്ത്രിത സ്ഫോടനങ്ങളെക്കുറിച്ച് (Controlled Explosion) സംസാരിക്കുമ്പോൾ അദ്ദേഹം ആവേശത്തിലായിരുന്നു. 'എല്ലാം മില്ലിസെക്കൻഡുകൾ വരെ സമയം കണക്കാക്കിയാണ് ചെയ്യുന്നത്. ഒരു കമ്പ്യൂട്ടറൈസ്ഡ് ഡിറ്റോണേഷൻ സംവിധാനമാണ് ഓരോ സ്ഫോടനവും കൃത്യസമയത്ത് തന്നെ വിചാരിച്ച പോലെ നടക്കാൻ സഹായിക്കുന്നത്'.

ഒരു കാലത്ത് ഡിജിറ്റൽ ഇഫക്റ്റുകൾ വന്നതോടെ തന്റെ ജോലിക്ക് പ്രസക്തിയില്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് കോർബോൾഡ് തുറന്നു പറഞ്ഞു. 'അങ്ങനെ സംഭവിച്ചില്ല, കാരണം ഡിജിറ്റൽ ഇഫക്ടുകൾ ഇതിന് ഒരു ഉപകരണം മാത്രമായിരിക്കണം, അല്ലാതെ എല്ലാം ഡിജിറ്റലായാൽ സിനിമ എന്ന മാധ്യമത്തിന് പ്രസക്തിയില്ലാതെയാകും,' അദ്ദേഹം പറഞ്ഞു.

രാജമൗലിയുടെ സിനിമകൾ അത്ഭുതം

സംവിധായകൻ എസ്.എസ്. രാജമൗലി കോർബോൾഡ് വാനോളം പുകഴ്ത്തി. അദ്ദേഹത്തിന്റെ സിനിമകൾ അത്ഭുതമാണെന്നും രാജമൗലിയുടെ വരാനിരിക്കുന്ന സിനിമയായ 'വാരണാസി'യെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. SFX സൂപ്പർവിഷനിൽ നിന്ന് മാറി ഇപ്പോൾ സിനിമാസംവിധാനത്തിലേക്ക് തിരിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇന്ത്യ പശ്ചാത്തലമാക്കിയുള്ള കഥകൾ പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Content Highlights: Oscar-winning SFX artist Christopher Charles Corbett reveals behind-the-scenes stories from Bond, Batman, & Inception. Discover the magic of practical & digital effects.