പിതാവിന്റെ മരണം വിഷാദത്തിലെത്തിച്ചു, രക്ഷിച്ചത് 'പാഷൻ'; അതിജീവന നാളുകളേക്കുറിച്ച് ശിവകാർത്തികേയൻ

പനാജി: ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ വിഷാദത്തിലേക്ക് വീണുപോയ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ പിതാവിന്റെ മരണശേഷം ഞാൻ വിഷാദത്തിലേക്ക് വഴുതിവീണ ഒരുകാലമുണ്ടായിരുന്നു. എന്നാൽ, ജോലിയാണ് അതിൽനിന്ന് രക്ഷയേകിയത്. സദസ്സിൽ നിന്നുള്ള കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ടകാലത്ത് നിന്ന് പുറത്തെത്തിച്ചത്.
വെല്ലുവിളികൾ നിറഞ്ഞതാണ് ജീവിതം. എന്നാൽ, നമ്മുടെ പാഷൻ ഈ വെല്ലുവിളികളെ മറികടക്കാൻ സാധിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാൻ ചില സമയങ്ങളിൽ തോന്നിയിരുന്നു. എന്നാൽ, പ്രേക്ഷകരുടെ സ്നേഹം എന്നെ മുന്നോട്ട് നയിച്ചു, ശിവകാർത്തികേയൻ പറഞ്ഞു.
തുടക്കം മുതലേ സിനിമ തന്റെ പാഷനായിരുന്നുവെന്ന് ശിവകാർത്തികേയൻ വ്യക്തമാക്കി. പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ടെലിവിഷൻ ആങ്കറിംഗിൽ നിന്നാണ് ആരംഭിച്ചത്. അത് സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു. പിന്നീട് ഞാൻ വളരെ ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്തത്' നടൻ കൂട്ടിച്ചേർത്തു.
തന്റെ സിനിമാ ജീവിതത്തെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയും വളരെ വിശദമായി ശിവകാർത്തികേയൻ ഈ പരിപാടിയിൽ സംസാരിച്ചു. നടി ഖുഷ്ബുവിന്റെ ചോദ്യങ്ങൾക്കുള്ള ശിവകാർത്തികേയൻ്റെ ഓരോ മറുപടിയും വലിയ കെെയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കലാ അക്കാഡമിയിലെ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി നടന്നത്.
Content Highlights: Tamil Actor Sivakarthikeyan opens up about depression and triumph through cinema