എക്കാലത്തേയും മികച്ച ലോകകപ്പ് ഫൈനല്‍, കിരീടം നേടിയത് ബൗണ്ടറി കണക്കില്‍; മറക്കാനാവുമോ ഈ ത്രില്ലര്‍ ?

കലാശപ്പോരിന്റെ ആവേശത്തില്‍ അന്നത്തെ സായാഹ്നം പതിവിലും ചുവന്നിരുന്നു. ലോര്‍ഡ്സിലെ മൈതാനത്തില്‍ 2019 ലോകകപ്പ് കിരീടത്തിന്റെ അവകാശികള്‍ ആരെന്നറിയാനുളള പോരാട്ടം. ലോകക്രിക്കറ്റിലെ രണ്ട് കൊമ്പന്മാര്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തങ്ങളുടെ ആദ്യ ലോകകിരീടത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. പോയന്റ് ടേബിളിലെ അദ്യ സ്ഥാനക്കാരായ ഇന്ത്യയെ തോല്‍പ്പിച്ചാണ് കിവികളുടെ വരവ്. എന്നാല്‍ രണ്ടാം സെമിയില്‍ ഓസ്ട്രേലിയെ തകര്‍ത്തെറിഞ്ഞായിരുന്നു ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ലോര്‍ഡ്സിലെ ആകാശത്ത് അവസാനചിരി ആരുടേതായിരിക്കുമെന്നറിയാന് കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്നു.
2015-ലോകകപ്പിലെ വേട്ടയാടുന്ന ഓര്‍മകളെ വകഞ്ഞുമാറ്റിയാണ് കിവീസ് മൈതാനത്തിറങ്ങിയത്. അന്ന് മെല്‍ബണ്‍ മഞ്ഞക്കടലായപ്പോള്‍ വേദനകടിച്ചമര്‍ത്തി പുഞ്ചിരിച്ചുനില്ക്കുന്ന കെയിന്‍ വില്ല്യംസണ് ഓര്മചിത്രങ്ങളിലപ്പോഴും മായാതെ കിടക്കുന്നുണ്ടായിരുന്നു. ഇത്തവണ കാലം കിവികള്‍ക്കായി കാത്തുവെച്ച കിരീടമാണിതെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍ സെമിയിലെ 49-ാം ഓവറില്‍ സെന്റീമീറ്ററുകളുടെ ദൂരത്തില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്ന്നുടയില്ലായിരുന്നു.
ലോര്‍ഡ്സില്‍ ടോസ് നേടിയ വില്ല്യംസണ് ബാറ്റ് ചെയ്യാനാണ് തീരുമാനമെടുത്തത്. ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലും ഹെന്റി നിക്കോള്‍സും പതിയെ പതിയെയാണ് റണ്‍സ് കണ്ടെത്തിയത്. പക്ഷേ ഏഴാം ഓവറില്‍ വെറും 19 റണ്‍സ് മാത്രമെടുത്ത് ഗുപ്റ്റില്‍ മടങ്ങി. പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ വില്ല്യംസണ് പതിവുശൈലിയില്‍ റണ്‍സുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ നൂറ് കടത്തി. കിവീസ് 103 റണ്‍സില്‍ നില്‍ക്കെ വില്ല്യംസണെ പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. 173 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കിവീസ് വീണു. ടോം ലതാം, കോളിന് ഡി ഗ്രാന്‍ഡ്ഹോം എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ലതാം 47 റണ്‍സെടുത്താണ് പുറത്തായത്. അങ്ങനെ 50 ഓവറില്‍ 241 റണ്‍സിന് ന്യൂസിലന്‍ഡിന്റെ ഇന്നിങ്സ് അവസാനിച്ചു.
242 എന്ന വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. വളരെ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റേന്തിയത്. പക്ഷേ ആറാം ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ മടക്കി മാറ്റ് ഹെന്റി മികച്ച തുടക്കം നല്കി. പിന്നീടിറങ്ങിയ ജോ റൂട്ട് കൂറ്റനടികള്‍ക്ക് മുതിര്‍ന്നതേയില്ല. വളരെ ശാന്തതയോടെയാണ് താരം ബാറ്റേന്തിയത്. 30 പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത റൂട്ടിനെ കോളിന് ഡി ഗ്രാന്‍ഡ്ഹോം പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. പിന്നാലെ ബെയര്‍സ്റ്റോയും ഓയിന്‍ മോര്‍ഗനും കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 86-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്ട്ലറും ക്രീസില്‍ നിലയുറപ്പിച്ചു. എന്നാല്‍ ടീം സ്കോര്‍ 196-ല്‍ നില്ക്കുമ്പോള് ബട്ട്ലര്‍ പുറത്തായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
അവസാന ഓവറില്‍ ഇംഗ്ലണ്ട് 227-8 എന്ന നിലയിലായിരുന്നു. ജയിക്കാന്‍ 15 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യത്തെ രണ്ട് പന്തുകളും സ്റ്റോക്സിന് റണ്‍ നേടാനായില്ല. എന്നാല്‍ മൂന്നാം പന്ത് അതിര്‍ത്തികടത്തി വിജയപ്രതീക്ഷ നിലനിര്‍ത്തി. നാലാം പന്തില്‍ ഡബിളിനായി ഓടുന്നതിനിടെ സ്റ്റോക്സിന്റെ ബാറ്റില്‍ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് കൊളളുകയും ബൗണ്ടറി കടക്കുകയും ചെയ്തു. ഓവര്‍ ത്രോയില്‍ ആറ് റണ്‍സാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രമേ സ്റ്റോക്സിന് എടുക്കാനായുളളൂ. അങ്ങനെ 241 റണ്‍സിന് ഇംഗ്ലണ്ടിന്റേയും ഇന്നിങ്സ് അവസാനിച്ചു. മത്സരം സമനിലയിലായി. വിജയിയെ നിര്‍ണയിക്കാന്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
ആരാധകര്‍ ആവേശക്കൊടുമുടിയിലായി. ലോകകപ്പ് പോരാട്ടം അതിന്റെ പാരമ്യത്തിലെത്തിനില്ക്കുന്നു. സൂപ്പര്‍ ഓവറില്‍ വിജയിക്കുന്നവര്‍ക്ക് ലോകകിരീടമുയര്ത്താം. ആദ്യ കിരീടമെന്ന സ്വപ്നത്തിനായി ഇരുകൂട്ടരും മൈതാനത്തിറങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസിലന്‍ഡിന് വിജയിക്കണമെങ്കില്‍ 16 റണ്‍സെടുക്കണം. ഗുപ്റ്റിലും നീഷാമുമാണ് കിവികള്‍ക്കായി ബാറ്റിംഗിനിറങ്ങിയത്. അഞ്ച് പന്തില്‍ നിന്ന് ന്യൂസിലന്‍ഡ്14 റണ്‍സെടുത്തു. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടത്. ബാറ്റ് ചെയ്ത ഗുപ്ടില്‍ ഡബിളിനായി ഓടി. രണ്ടാം റണ്‍ തികയ്ക്കുന്നതിന് മുന്നേ റണ്‍ ഔട്ടാക്കിക്കൊണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം തുടങ്ങി.
സൂപ്പര്‍ ഓവറും സമനിലയിലാണ് അവസാനിച്ചത്. രണ്ട് ടീമും 15 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് എങ്ങനെയാണ് കിരീടം നേടിയതെന്ന അമ്പരപ്പില്‍ ആരാധകര്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അതിന് മുമ്പ് അങ്ങനെയൊരു കാഴ്ച ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. അവരുടെ ആശങ്കകള്‍ക്കൊക്കെ വിരാമമിട്ട് ക്രിക്കറ്റിന്റെ നിയമപുസ്തകത്തിലെ ബൗണ്ടറി കൗണ്ട്-ബാക്ക് റൂള്‍ മുഴങ്ങിക്കൊണ്ടിരുന്നു. 50-ഓവറിലും പിന്നാലെയെത്തിയ സൂപ്പര്‍ ഓവറിലും തോല്‍ക്കാതിരുന്ന കിവികള്‍ അവിടെ മാത്രം തോറ്റുപോയി. ഫൈനലില്‍ ഒരാള്‍ മാത്രമേ വിജയിക്കൂവെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ന്യൂസിലന്‍ഡ് താരങ്ങള്‍ നിരാശയോടെ തിരിഞ്ഞു നടന്നു. പതിവുകളൊന്നും തെറ്റിക്കാതെ ലോര്‍ഡ്സില്‍ അപ്പോഴും വില്ല്യംസണ് ചിരിക്കുന്നുണ്ടായിരുന്നു.
സൂപ്പര്‍ ഓവറും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണമാണ് പരിഗണിച്ചത്. ഇതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. മത്സരത്തില്‍ ഇംഗ്ലണ്ട് 26 ബൗണ്ടറികളും കിവീസ് 17 ബൗണ്ടറികളുമാണ് നേടിയത്. കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിനാല്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. പിന്നാലെ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു വന്നു. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഇത്തരത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നത് അനുചിതമാണെന്നാണ് ഒട്ടുമിക്കവരും അഭിപ്രായപ്പെട്ടത്. ബൗണ്ടറി കൗണ്ടിനു പകരം വിക്കറ്റ് കൗണ്ടാണ് പരിഗണിക്കേണ്ടതെന്ന് മുന്‍ താരങ്ങളും പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ഐസിസി ബൗണ്ടറി കൗണ്ട് നിയമം ഒഴിവാക്കി. പകരം വിജയിയെ കണ്ടെത്തുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടരാനാണ് ഐസിസി തീരുമാനിച്ചത്. ഗ്രൂപ്പ് സ്റ്റേജുകളില്‍ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ മത്സരം സമനിലയിലാകും. എന്നാല്‍ സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
മറ്റൊരു വിവാദവും ആ മത്സരത്തില്‍ ഉടലെടുത്തു. അവസാന ഓവറിലെ ഓവര്‍ത്രോ ബൗണ്ടറിയ്ക്ക് പിന്നാലെ അമ്പയര്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. കുമാര്‍ ധര്‍മസേനയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ അമ്പയര്‍ സൗമണ് ടൗഫലും രംഗത്തെത്തി. അമ്പയര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ് അദ്ദേഹം ആരോപിച്ചത്. നിയമമനുസരിച്ച് ഓവര്‍ത്രോ ബൗണ്ടറിയില്‍ കലാശിക്കുകയാണെങ്കില്‍ നേരത്തേ ബാറ്റര്‍ പൂര്‍ത്തിയാക്കിയ റണ്‍സും ത്രോ എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ ക്രോസ് ചെയ്താല്‍ ആ റണ്ണും ടീമിന് ലഭിക്കും. എന്നാല്‍ ഇവിടെ ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ ത്രോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ റണ്ണിനായി ഓടിയ ഇംഗ്ലണ്ട് ബാറ്റര്‍മാരായ സ്റ്റോക്ക്സും ആദില്‍ റാഷിദും ക്രോസ് ചെയ്തിരുന്നില്ല. അതിനാല്‍ അഞ്ച് റണ്‍സ് മാത്രമേ യഥാര്‍ഥത്തില്‍ ഇംഗ്ലണ്ടിന് അനുവദിക്കാന്‍ പാടുള്ളൂ. ഇതാണ് അമ്പയര്‍മാരുടെ പിഴവായി വിലയിരുത്തപ്പെട്ടത്. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഒരുപക്ഷേ കിവീസ് ചാമ്പ്യന്മാരായേനെ.
വിവാദങ്ങളും വിമര്‍ശനങ്ങളും നിരവധി ഉയര്‍ന്നെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഈ മത്സരത്തെ പലരും വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ മത്സരമായും ജോ റൂട്ട്, ബെയര്‍സ്റ്റോ എന്നിവര്‍ എക്കാലത്തേയും മികച്ച മത്സരമായും ഈ കലാശപ്പോരിനെ വിശേഷിപ്പിച്ചു. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും അമ്പരപ്പിച്ച മത്സരമെന്നാണ് ഒരു കമന്റേറ്റര്‍ പറഞ്ഞത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നെന്നും മികച്ച ഏകദിന മത്സരങ്ങളെന്നുമൊക്കെ മാധ്യമങ്ങളും വാഴ്ത്തി. ലോകകപ്പിലെ മാത്രമല്ല കായികചരിത്രത്തിലെ തന്നെ മികച്ച ത്രില്ലര്‍ പോരാട്ടങ്ങളുടെ പട്ടികയില്‍ ഈ മത്സരത്തേയും അടയാളപ്പെടുത്താമെന്നുറപ്പ്.
Content Highlights: icc cricket world cup final 2019 england vs newzealand