മാതൃഭൂമി ഇവോൾവ് ഹെൽത്ത്: നിർമിത ബുദ്ധിയും ഗുണനിലവാരമുള്ള ചികിത്സയും ചർച്ചയാകും

തിരുവനന്തപുരം: നിർമിതബുദ്ധി ലോകത്ത് പല മേഖലകളിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ആരോഗ്യ പരിപാലന രംഗത്തും ഗുണകരമായ മാറ്റങ്ങൾ ഇതിനകം തന്നെ നിർമിത ബുദ്ധിയുടെ സ്വാധീനത്താൽ ഉണ്ടായിട്ടുണ്ട്. എ.ഐ. ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച് അതുവഴി എല്ലാവരെയും ഉൾക്കൊണ്ടുള്ള മികച്ച ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നുണ്ട്.

രോഗീ പരിചരണം, രോഗ നിർണയം എന്നിവയിലെല്ലാം എ.ഐ. യുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനാകും. സംസ്ഥാന ആരോഗ്യ വകുപ്പുൾ പ്പെടെ ഇതിന്റെ സാധ്യതകൾ തേടുന്നുണ്ട്. ഡാറ്റാ വിശകലനം, ഇൻഷുറൻസ് പേയ്‌മെന്റുകൾ എന്നിവ കൂടുതൽ കാര്യക്ഷമമായി വിലയിരുത്തുന്നതിനും മറ്റും എ.ഐ. ഉപയോഗിക്കാം. ആരോഗ്യപരമായ സംശയങ്ങൾ ദൂരീകരിക്കാനും പലരുമിന്ന് ചാറ്റ് ജി.പി.ടി. പോലുള്ളവ ഉപയോഗിക്കുന്നുണ്ട്. റോബോട്ടിക് സർജറി, ത്രീഡി ബയോപ്രിന്റിങ്, ധരിക്കാവുന്ന ഇലക്ട്രോണിക്‌സ് ഹെൽത്ത് ഉപകരണങ്ങൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ എന്നിവയെല്ലാം ആരോഗ്യരംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളാണ്. അതേ സമയം ഇവയെല്ലാം തന്നെ ഉപയോഗിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. എ.ഐ ഉൾപ്പെടെ എത്രത്തോളം ഫലപ്രദമാണ്, സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നിവയെല്ലാം ശ്രദ്ധിക്കണം. ആരോഗ്യ രംഗത്തെ എ.ഐ. യുടെ സാധ്യതകളും വെല്ലുവിളികളുമെല്ലാം മാതൃഭൂമി ഹെൽത്ത് കെയർ സമ്മിറ്റ് ചർച്ച ചെയ്യും.

താങ്ങാവുന്ന ചെലവിലുള്ള പരിചരണം എല്ലാവർക്കും ലഭ്യമാകുക എന്നത് പ്രധാനമാണ്. ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാകണം. പല രോഗങ്ങളുടെയും ചികിത്സക്കായി വൻ തുക ചെലവാകുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിരവധിയുണ്ടെങ്കിലും ചിലരെങ്കിലും ഇതിനെക്കുറിച്ച് അജ്‌ഞരാണ്. അപ്രതീക്ഷിതമായാകും പലപ്പോഴും മെഡിക്കൽ ആവശ്യങ്ങൾ ഉണ്ടാകുക. അതിനുള്ള ചെലവിനുള്ള പണം കണ്ടെത്തുന്നതും ബുദ്ധിമുട്ടാകാറുണ്ട്. മികച്ച മെഡിക്കൽ ഇൻഷുറൻസുകളെക്കുറിച്ച് അറിഞ്ഞ് ഇവ എടുത്തുവച്ചാൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം. മെഡിക്കൽ ലോണുകളും ഇത്തരം അവസരങ്ങളിൽ ഉപകാരപ്പെടും. മികച്ച പരിചരണം ഉറപ്പാക്കുന്നതിന് ആശുപത്രികൾക്കും ഇൻഷുറൻസ് കമ്പനികൾക്കും സ്വീകരിക്കാവുന്ന നൂതനവും ജനകീയവുമായ സമീപനങ്ങൾ എന്തൊക്കെയാണെന്നും അത് ഗുണകരമാകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത രോഗികൾക്ക് പോലും അടിയന്തിര ഘട്ടങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ചികിത്സ നൽകുന്നതിനും ആശുപത്രികൾക്ക് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനാകുമോ എന്നതും പരിശോധനവിധേയമാക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ നൂതന പദ്ധതികൾ, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഗുണനിലവാരമുള്ള ചികിത്സ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഹെൽത്ത് കോൺക്ലേവിലൂടെ വിദഗ്ധർ പങ്കുവക്കും. ആരോഗ്യ മേഖലയിലെ പുതിയ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നതാകും കോൺക്ലേവ്.

തലസ്ഥാനത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും വിദഗ്ധ വിശകലനങ്ങളും ഉൾപ്പെടുത്തിയാണ് ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ് എന്ന പേരിൽ മാതൃഭൂമി മെഡിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിന്റെ രണ്ടാം പതിപ്പാണ് 27-ന് തൈക്കാട് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ നടക്കുന്നത്. ആരോഗ്യരംഗത്തെ മാറ്റങ്ങൾ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും വിപണിയുടെയും വീക്ഷണത്തിലൂടെ വിശകലനം ചെയ്യാനാണ് മാതൃഭൂമി ഹെൽത്ത് കോൺക്ലേവ് 2026 സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളിൽ ആരോഗ്യരംഗത്തെ വിദഗ്ധരും മികവുറ്റ സ്ഥാപനങ്ങളുടെ മേധാവിമാരും ചർച്ചകളിൽ പങ്കാളികളാകും. ശനിയാഴ്ച രാവിലെ 9.30-ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഹെൽത്ത് കെയർ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. മേയർ വി.വി. രാജേഷ് അധ്യക്ഷനാകും.

Content Highlights: Discussion on AI integration in diagnostics, patient care, and data management., Focus on making quality healthcare affordable and accessible., Insight into medical insurance and financial planning for emergencies., Expert analysis on robotic surgery and 3D bioprinting advancements., Second edition of the summit featuring industry leaders and government officials.