ട്രയല്‍സില്‍ തോറ്റ ദഹിയ ഏഷ്യന്‍ ഗെയിംസിന് പുറത്ത്; ഗോദയില്‍ ജയിച്ച അന്തിം പംഗല്‍ കാത്തിരിക്കണം

കോഴിക്കോട്: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയക്ക് ഏഷ്യന്‍ ഗെയിംസ് ഗുസ്തി ട്രയല്‍സില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ മഹാരാഷ്ട്രക്കാരനായ ആതിഷ് ടോഡ്കറാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണജേതാവായ ദഹിയയെ മര്‍ത്തിയടിച്ചത് (20-8). ഇതോടെ ദഹിയ ഏഷ്യന്‍ ഗെയിംസിന് പുറത്തായി. ട്രയല്‍സില്‍ കാലിടറിയ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ അന്‍ഷു മാലിക്, സരിത മോര്‍ എന്നിവര്‍ക്കും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകില്ല.
ലൈംഗികപീഡനക്കേസില്‍, ഗുസ്തി അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് സമരരംഗത്തായിരുന്ന ബജ്രംഗ് പുണിയക്കും വിനേഷ് ഫോഗട്ടിനും നേരിട്ട് യോഗ്യത ലഭിച്ചപ്പോള്‍ അവര്‍ക്കൊപ്പം സമരരംഗത്തുണ്ടായിരുന്ന സാക്ഷി മാലിക്കിനും സംഗീത ഫോഗട്ടിനും ട്രയല്‍സില്‍ പങ്കെടുക്കാത്തതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാവില്ല.
ട്രയല്‍സില്‍ ജയിച്ച ജൂനിയര്‍ ലോകചാമ്പ്യന്‍ അന്തിം പംഗലിന്റെ ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തവും ഉറപ്പായിട്ടില്ല. ഇതേ ശരീരഭാരത്തില്‍ വിനേഷ് ഫോഗട്ടിന് അഡ്ഹോക്ക് കമ്മിറ്റി നേരിട്ട് യോഗ്യതനല്‍കിയിരുന്നു. ചില താരങ്ങള്‍ക്ക് ട്രയല്‍സില്‍ ഇളവനുവദിച്ചതിനെതിരേ കോടതിയെ സമീപിച്ച അന്തിം നിലവില്‍ വിനേഷിന്റെ സ്റ്റാന്‍ഡ്ബൈയാണ്. വിനേഷ് പിന്മാറിയാലേ അന്തിമിന് പങ്കെടുക്കാനാകൂ.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ ആദ്യറൗണ്ടില്‍ ബൈ ലഭിച്ച അന്തിം പിന്നീട് തമന്നയെയും സെമിയില്‍ നേഹയെയും ഫൈനലില്‍ മഞ്ജുവിനെയും തോല്‍പ്പിച്ചു. ഫൈനല്‍ രണ്ടുമിനിറ്റില്‍ അവസാനിച്ചു. ഫൈനല്‍ പോരാട്ടം കഴിഞ്ഞ ഉടനെയാണ് വിനേഷ് ഫോഗട്ടിനും ബജ്രംഗ് പുണിയക്കും ട്രയല്‍സില്‍ ഇളവനുവദിച്ചതിനെ ചോദ്യംചെയ്ത് അന്തിമും സുജീത് കല്‍ക്കലും കൊടുത്ത ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ടീം സെലക്ഷന് ഗുസ്തി ഫെഡറേഷന് വ്യക്തമായ നയങ്ങളുണ്ടെന്നും അതുപ്രകാരമാണ് വിനേഷിനെയും ബജ്രംഗ് പുണിയയെയും ട്രയല്‍സില്‍നിന്ന് ഒഴിവാക്കിയതെന്നും ഇതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് പറഞ്ഞു.
വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അന്തിം പറഞ്ഞു. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ സരിത മോറാണ് അന്‍ഷു മാലിക്കിനെ തോല്‍പ്പിച്ചത് (6-4). എന്നാല്‍, സെമിയില്‍ സരിതയെ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് മാന്‍സി അഹ്ലാവത് മലര്‍ത്തിയടിച്ചു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ദിവ്യ കക്കരണിനും യോഗ്യതനേടാനായില്ല. വനിതകളുടെ 76 കിലോഗ്രാം വിഭാഗം ഫൈനലില്‍ ദിവ്യയെ തോല്‍പ്പിച്ച കിരണാണ് ഗെയിംസില്‍ പങ്കെടുക്കുക.
ആറ് ഗ്രെക്കോ-റോമന്‍ ഗുസ്തിക്കാര്‍ ഉള്‍പ്പെടെ 11 പേരെയാണ് ഏഷ്യന്‍ ഗെയിംസിന് തിരഞ്ഞെടുത്തത്. ഫ്രീസ്റ്റൈലിലെ പുരുഷ ടീമിന്റെ ട്രയല്‍സിന്റെ വിവരം അറിഞ്ഞിട്ടില്ല.
ഏഷ്യന്‍ ഗെയിംസിനുള്ള ഗുസ്തി ടീം: ഫ്രീസ്റ്റൈല്‍ - വനിതകള്‍-പൂജ ഗെഹ്ലോട്ട് (50 കിലോ), വിനേഷ് ഫോഗട്ട് (53 കിലോ, സ്റ്റാന്‍ഡ്ബൈ-അന്റിം പംഗല്‍), മാനസി അഹ്ലാവത്ത് (57 കിലോ), സോനം മാലിക് (62 കിലോ), രാധിക (68 കിലോ), കിരണ്‍ (76 കിലോ).
ഗ്രെക്കോ-റോമന്‍: ഗ്യാനേന്ദര്‍ (60 കിലോ), നീരജ് (67 കിലോ), വികാസ് (77 കിലോ), സുനില്‍ കുമാര്‍ (87 കിലോ), നരീന്ദര്‍ ചീമ (97 കിലോ), നവീന്‍ (130 കിലോ).
Content Highlights: Tokyo Olympics Silver Medallist Ravi Dahiya Out Of Asian Games After Losing In Trials