സ്വര്‍ണത്തിലേക്ക് ഇനി ഒരു വിജയം കൂടി, പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

Photo: PTI
Photo: PTI

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കൊറിയയെ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് നേരിട്ട് പാരീസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാം. 

ഫൈനലില്‍ ചൈന-ജപ്പാന്‍ മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. സെപ്റ്റംബര്‍ ആറിനാണ് ഫൈനല്‍. ഏഷ്യന്‍ ഗെയിംസിലെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തിയ ഇന്ത്യ സെമിയിലും ആ മികവ് തുടര്‍ന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് സിങ്, മന്‍ദീപ് സിങ്, ലളിത് ഉപധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. കൊറിയയ്ക്ക് വേണ്ടി ജുങ് മന്‍ജെ ഹാട്രിക്ക് നേടി. 

ഇത് 13-ാം തവണയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലെത്തുന്നത്. മൂന്ന് തവണ ടീം സ്വര്‍ണം നേടി. ഒന്‍പത് വെള്ളിയും മൂന്ന് വെങ്കലവും ടീം നേടിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലം നേടിയിരുന്നു.

Content Highlights: indian hockey team enter into the final of asian games 2023