'അബ് കി ബാര്‍ 100 പാര്‍', വാക്കുപാലിച്ച് ഇന്ത്യ, ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ഉറപ്പിച്ചു

Photo: PTI
Photo: PTI

ഹാങ്ചൗ: ''അബ് കി ബാര്‍ 100 പാര്‍' 2023 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം ഇതായിരുന്നു. ഇത്തവണ 100 മെഡല്‍ മറികടക്കുമെന്ന ആ ഉറച്ച ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം. ഇതിനോടകം 95 മെഡലുകള്‍ നേടിയ ഇന്ത്യയ്ക്ക് മെഡലുറപ്പിച്ച മത്സരങ്ങള്‍ വരും ദിനങ്ങളില്‍ വരാനുണ്ട്. 

ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ എന്ന മാന്ത്രിക സംഖ്യ മറികടക്കും. പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടിയതോടെ ആകെ മെഡല്‍ നേട്ടം 95-ല്‍ എത്തി. ഇനി അമ്പെയ്ത്തിലും കബഡിയിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യയ്ക്ക് ഉറച്ച മെഡലുകളുണ്ട്. 

അമ്പെയ്ത്ത് പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുറപ്പാണ്. ഫൈനലില്‍ മത്സരിക്കുന്നത് ഇന്ത്യയുടെ അഭിഷേക് വര്‍മയും ഓജസ് പ്രവീണ്‍ ദിയോതാലെയുമാണ്. ഇതോടെ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. അന്നുതന്നെ അമ്പെയ്ത്ത് വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ ജ്യോതി സുരേഷ വെന്നം മത്സരിക്കുന്നുണ്ട്. ഇതിലും മെഡലുറപ്പാണ്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 98-ല്‍ എത്തും. 

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം സെമിയിലെത്തിയിട്ടുണ്ട്. സെമിയില്‍ പരാജയപ്പെട്ടാലും ടീം വെങ്കലം ഉറപ്പിക്കും. ഇതോടെ മെഡല്‍ നേട്ടം 99-ല്‍ എത്തും. കബഡിയില്‍ പുരുഷ-വനിതാ ടീമുകള്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഈ രണ്ട് മത്സരങ്ങളിലും മെഡലുറപ്പാണ്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 101-ല്‍ എത്തും.ക്രിക്കറ്റിലും ഇന്ത്യ ഫൈനലിലുണ്ട്. സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. ഇതോടെ ആകെ മെഡല്‍ 102-ല്‍ എത്തുമെന്ന് ഉറപ്പായി.  ഇന്ത്യ സ്വപ്‌നം കണ്ട ആ ലക്ഷ്യം മറികടക്കുകയും ചെയ്യും. 

ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചില്‍, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ ഇന്ത്യ 22 സ്വര്‍ണവും 34 വെള്ളിയും 39 വെങ്കലവുമാണ് നേടിയിരിക്കുന്നത്. 

Content Highlights: india confirmed 100 medals in asian games 2023