ചൈനക്കാരുടെ 'ചിന്‍ഷാങ്ങും' നമ്മുടെ 'കൊല്ലങ്കോടും' | ഹാങ് ഷോ

അപ്ലൈഡ് സയന്‍സ് പഠിച്ച സെര്‍ബിയക്കാരി യുവാനയും ഡിസൈനറായ ചാങ് ലെയ് എന്ന ചൈനക്കാരനും പരിചയത്തിലാവുന്നത് മിലാനില്‍ വെച്ചാണ്. കല്യാണം കഴിച്ച് ചൈനയിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്കൊരാശയം. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. കൂട്ടുകാരനായ ജര്‍മന്‍കാരന്‍ ക്രിസ്റ്റോഫിനെയും അവര്‍ കൂടെക്കൂട്ടി. ആള്‍ത്തിരക്കില്ലാത്ത, പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ഒരിടം തേടിവന്നവര്‍ എത്തിയത് ഹാങ്ചൗവില്‍നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെയുള്ള ചിന്‍ഷാങ്ങില്‍. കാടും മലയും തടാകവും വയലുകളുമുള്ള തനിഗ്രാമം. അവരെത്തുമ്പോള്‍ ഗ്രാമത്തില്‍നിന്ന് ആളുകള്‍ ഏതാണ്ടൊക്കെ നഗരത്തിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു. ശേഷിച്ചത് കുറെ പ്രായമായവര്‍ മാത്രം. നെല്ലും പച്ചക്കറികളും നട്ടും മുളവെട്ടി കൊട്ടകെട്ടിയും നെല്ലിട്ടുവാറ്റിയ ചാരായം വിറ്റും ജീവിക്കുന്നവര്‍. കുട്ടികള്‍ ഉപേക്ഷിച്ച സ്‌കൂള്‍ പൂര്‍ണമായി നിലംപൊത്തി. കല്യാണങ്ങളും ചടങ്ങുകളും നിലച്ചതോടെ ഗ്രാമത്തിലെ ഹാള്‍ പ്രേതാലയമായി. മുളങ്കാട്ടില്‍നിന്ന് കീടനാശിനി ഒഴുകിയെത്തി ജലസംഭരണി ഉപയോഗശൂന്യമായി. ഗ്രാമം മരിച്ചുകൊണ്ടേയിരുന്നു.
എന്നിട്ടും അവരീ ഗ്രാമത്തില്‍ താമസമാക്കി. ഗ്രാമീണര്‍ ഉപേക്ഷിച്ചുപോയ ഒരു വീട് സ്റ്റുഡിയോയാക്കി. ഹാള്‍ ലൈബ്രറിയാക്കി. പിന്നെ ചൈനയുടെ തനത് കലകളും ജീവിതരീതികളും തേടി യാത്രയും പഠനവും തുടങ്ങി. മുള, സില്‍ക്ക്, മണ്ണ്, കടലാസ്, ചെമ്പ്, കൊത്തുപണി... അങ്ങനെ ഓരോ വിഷയങ്ങളും തേടിച്ചെന്നു. എല്ലാ പ്രവിശ്യകളും സന്ദര്‍ശിച്ചു. അവിടത്തെ നെയ്ത്ത്, കരകൗശല, വസ്ത്രരീതികള്‍ പഠിച്ചു, അതൊക്കെ പകര്‍ത്തി. കൂടെ കൊണ്ടുവന്നു. ഇത് കാണാനും പഠിക്കാനുമായി പലരും ഷിന്‍യാങ് തേടിവന്നു. ഇതിനിടെ മുളകൊണ്ട് കൊട്ട മാത്രം മെടഞ്ഞ് നിത്യവൃത്തി കഴിച്ചുപോന്ന ഗ്രാമീണര്‍ക്ക് പുതിയ ആശയം പകര്‍ന്നുകൊടുത്തു. അവര്‍ ഉപേക്ഷിച്ചുപോയ കടലാസ് കുട നിര്‍മാണം വീണ്ടും തുടങ്ങി. സ്റ്റുഡിയിലേക്ക് വന്നവര്‍ ഗ്രാമീണരുടെ ഉത്പന്നങ്ങളും വാങ്ങി. ഈ ഉത്പന്നങ്ങള്‍ക്ക് പുറത്ത് വിപണി കിട്ടി. വിരുന്നുകാര്‍ക്ക് താമസിക്കാന്‍ വീടുകള്‍ ഹോംസ്റ്റേകളായി. അങ്ങനെ ഗ്രാമീണരുടെ വരുമാനം കൂടിവന്നു. വീടുവിട്ടുപോയ ചെറുപ്പക്കാര്‍ തിരിച്ചുവന്നുതുടങ്ങി. യുവാനയുടെ പിന്‍വൂ, റോങ് സ്റ്റുഡിയോകളില്‍ മാത്രം ജോലിക്ക് നാല്‍പ്പതോളംപേരുണ്ട്.
അക്കാലത്തുതന്നെ മാര്‍ക്കറ്റിങ് ജോലി ഉപേക്ഷിച്ച് വലിയ പദ്ധതികളുമായി ജില്‍ ക്വാന്‍ എന്നൊരു സ്ത്രീ കൂടി ഗ്രാമത്തിലെത്തി. കീടനാശി മലിനമാക്കിയ ജലസംഭരണി വീണ്ടെടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇവരുടെ ശ്രമഫലമായി മുളങ്കാടുകളുടെ ഉടമസ്ഥാവകാശം ഗ്രാമീണര്‍ക്ക് ലഭിച്ചു. കീടനാശിനിയുടെ ഉപയോഗം നിലച്ചതോടെ ജലസംഭരണി ശുദ്ധമായി. ഹോംസ്റ്റേകളുടെ വരുമാനത്തിലെ പത്തുശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കാനുള്ള നിയമം പാസാക്കിച്ചു. അടുത്ത ഊഴം തകര്‍ന്നുവീണ സ്‌കൂള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. മരംകൊണ്ട് വേലി, മുറ്റം നിറയെ മരങ്ങള്‍, വലിയ വാതിലുകളുള്ള ക്ലാസ് മുറി, പ്രകൃതിയോട് ഇണങ്ങുന്ന ആധുനിക സ്‌കൂള്‍.
പിന്നീട് നഗരത്തിലുള്ളവരും കുട്ടികളുമായി ഈ സ്‌കൂള്‍ തേടി വന്നുതുടങ്ങി. ഗ്രാമത്തിന് വീണ്ടും ജീവന്‍വെച്ചു. പരമ്പരാഗത ചൈനീസ് ഗ്രാമീണജീവിതം പഠിക്കാന്‍, ചൈനീസ് കലയും കരകൗശലവും പഠിക്കാനുള്ള ഏറ്റവും നല്ല പാഠശാലയായി മാറിക്കഴിഞ്ഞു ചിന്‍ഷാങ് ഗ്രാമം. ഈയിടെ ആയിരക്കണക്കിന് കലാപ്രേമികളെ ആകര്‍ഷിച്ച പബ്ലിക് ആര്‍ട്ട് ഫെസ്റ്റിവലിനും ഗ്രാമം വേദിയായി.
തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമാവുന്നതിനോട് യുവാനയ്ക്ക് തെല്ലും താത്പര്യമില്ല. ഇപ്പോള്‍ ഇവിടെ ശുദ്ധമായ വായുവും ജലവുമുണ്ട്. ആളുകള്‍കൂടി ഇവിടെയും നഗരംപോലെ ശ്വാസംമുട്ടിത്തുടങ്ങിയാല്‍ പിന്നെ ഈ ഗ്രാമത്തിന് എന്തുപ്രസക്തി? ആളുകള്‍ എത്ര വന്നിട്ടും ഒരു കടലാസ് കഷണമോ പ്ലാസ്റ്റിക് കുപ്പിയോ കാണാത്തതിന്റെ രഹസ്യവും യുവാനയോട് ചോദിച്ചു: ''ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഇവിടെ വരുന്നവര്‍ സ്വയം അങ്ങനെയൊരു നിയന്ത്രണം പാലിക്കുന്നു. അവര്‍ക്കറിയാം അതിന്റെ വില.'' തിരക്കുകൊണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ടും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കൊല്ലങ്കോടിനെയും മറ്റനേകം ഗ്രാമങ്ങളെയും ഓര്‍ത്തുപോയി.
Content Highlights: Hangzhou 2022 Asian Games diary day 14