പാളിപ്പോയ ദോശയും പാഴാവാത്ത യോഗയും | ഹാങ് ഷോ

ജീവിതത്തിന്റെ ഓട്ടത്തിനിടയിലെപ്പോഴോ ആണ് ലൂസി ലീയുടെ, അഥവാ ലി ക്വാനിന്നിന്റെ മനസ്സ് ഒന്നിടറിയത്. ആ ഇരുട്ടില്‍നിന്ന് കരകയറാന്‍ കിട്ടിയ പിടിവള്ളിയായിരുന്നു പുസ്തകങ്ങള്‍. അക്ഷരങ്ങള്‍ പക്ഷേ, ലൂസിയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. അങ്ങനെ ഒരു ദിവസം ഷാങ്ഹായില്‍നിന്ന് ബെംഗളൂരുവിലേക്ക് വിമാനം കയറി. ആ യാത്ര ലൂസിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. വലിയൊരു ദൗത്യവുമായിട്ടായിരുന്നു മടക്കം.
മാനസികാരോഗ്യത്തിനുവഴിതേടി നടക്കുമ്പോഴാണ് ലൂസി യോഗയെക്കുറിച്ച് അറിയുന്നത്. പിന്നെ അത് ആഴത്തില്‍ പഠിക്കാനുള്ള ശ്രമമായി. അങ്ങനെയാണ് ബെംഗളൂരുവിലെ ആശ്രമത്തെക്കുറിച്ച് വായിച്ചറിഞ്ഞത്. രണ്ടാമതൊന്ന് ആലോചിക്കാതെ യാത്ര തുടങ്ങി. ആദ്യം ബെംഗളൂരുവിലും പിന്നെ മൈസൂരിലുമായിരുന്നു പഠനം. സംസ്‌കൃതത്തോടും കന്നഡയോടും മല്ലിട്ടു. ഹംപി കണ്ട് അന്തംവിട്ടു.
അതിനിടെ കോവിഡ് നാടിനാകെ പൂട്ടിട്ടു. നാട്ടിലേക്ക് മടങ്ങാനാവതെ മൂന്നുവര്‍ഷം വീടും യോഗയുമായി ഒതുങ്ങിക്കൂടി. പ്രാണായാമവും സൂര്യനമസ്‌കാരവും വിവിധ ആസനങ്ങളും സ്വായത്തമാക്കി. അക്കാലത്താണ് മൈസൂരിലെ ദോശയുമായി പ്രണയത്തിലാവുന്നത്. മൂന്നുകൊല്ലം കഴിഞ്ഞ് ഷാങ്ഹായിലേക്ക് മടങ്ങുമ്പോള്‍ യോഗയ്‌ക്കൊപ്പം കുറെ ദോശപ്പൊടികൂടി കൊണ്ടുവന്നു ലൂസി.
ഹാങ്ഹായിലെ വീട്ടില്‍ ദോശ പരീക്ഷണം അത്ര വിജയിച്ചില്ലെങ്കിലും യോഗ ലൂസിക്ക് വഴികാട്ടി. നാട്ടിലെത്തി ആദ്യം കുട്ടികളെ യോഗ പഠിപ്പിച്ചുതുടങ്ങി. പിന്നെ മുതിര്‍ന്നവരെയും. വൈകാതെ ചൈനയിലെ യോഗയുടെ ബ്രാന്‍ഡ് അംബാസഡറായി മാറി. ജാപ്പനീസ് ഭാഷയുടെ വിവര്‍ത്തകയായിട്ടാണ് ജോലി. പക്ഷേ, അതിലേറെ നേരം ചെലവഴിക്കുന്നത് യോഗ പഠിപ്പിക്കാനാണ്. എന്തുചെയ്യുന്നു എന്നു ചോദിച്ചാല്‍ യോഗ ടീച്ചര്‍ എന്നാണ് ആദ്യ മറുപടി.
''ചൈനയില്‍ ഇപ്പോള്‍ യോഗയ്ക്ക് വന്‍ ഡിമാന്‍ഡാണ്. കേട്ടും കണ്ടും ഒട്ടേറെയാളുകള്‍ വരുന്നു. അധികം സമയം ചെലവഴിക്കാന്‍ പറ്റാത്തതാണ് എന്റെ സങ്കടം.'' -ലൂസി പറഞ്ഞു. ജപ്പാനിലെ കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ദ്വിഭാഷിയായി പ്രവര്‍ത്തിക്കാനാണ് ലൂസി ഹാങ്ചൗവിലെത്തിയത്. ഈ രണ്ടാഴ്ചകൊണ്ട് ജാപ്പനീസ് താരങ്ങള്‍ക്കും യോഗയുടെ പ്രാഥമികപാഠങ്ങള്‍ പകര്‍ന്നുകൊടുത്തുകഴിഞ്ഞു.
യോഗാ പ്രചാരകരായി ലൂസിയെപ്പോലെ ഒട്ടേറെയാളുകളുണ്ട് ഇപ്പോള്‍ ചൈനയില്‍. ഇക്കഴിഞ്ഞ അന്താരാഷ്ട്ര യോഗാദിനത്തില്‍ കുന്‍മിങ്‌പോലുള്ള പ്രദേശങ്ങളില്‍ ഇന്ത്യയിലെപ്പോലെ വലിയ ആഘോഷമുണ്ടായിരുന്നു.
യോഗ പഠിക്കുക മാത്രമല്ല, യോഗയുടെ പാരമ്പര്യത്തില്‍ അവകാശവാദവും ഉന്നയിക്കുന്നുമുണ്ട് ചൈനയിന്‍ യോഗ, താവോ യോഗ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ചിലതെല്ലാം ഇന്ത്യന്‍ യോഗയുടെയും ചൈനീസ് വൈദ്യശാസ്ത്രത്തിന്റെയും മേളനമായി രൂപാന്തരപ്പെട്ടതാണെന്നും വാദമുണ്ട്. ഇതിനെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയമായി കാണുന്നവരും കുറവല്ല. നയതന്ത്ര ചര്‍ച്ചകള്‍ക്ക് കഴിയാത്തത് പ്രാണായാമം കൊണ്ട് സാധ്യമായാലോ?
Content Highlights: Hangzhou 2022 Asian Games diary day 13