ചൈനീസ് ആടലോടകം, ഗോരോചനാദി | ഹാങ് ഷോ

ഹാങ്ചൗവിലെ പരമ്പരാഗത ചൈനീസ് മരുന്നുകളുടെ മ്യൂസിയം
ഹാങ്ചൗവിലെ പരമ്പരാഗത ചൈനീസ് മരുന്നുകളുടെ മ്യൂസിയം

ഒരു വലിയ മുറത്തില്‍ കറുത്ത പൊടിയിട്ട് ഇളക്കുകയാണയാള്‍. ഇടയ്ക്ക് മുറം ഒന്ന് നനയ്ക്കും. മറ്റൊരു പൊടികൂടി ചേര്‍ത്ത് പിന്നെയും പഴയ പണി. മുറത്തിലെ പൊടി മെല്ലെ ചെറിയ കറുത്ത ഗുളികകളാവുന്നു. നോക്കിനില്‍ക്കുന്ന എന്നോട് ചോദിച്ചു: ''ഒരു കൈ നോക്കുന്നോ?.'' ഒന്നല്ല രണ്ടുകൈയും നോക്കാന്‍ റെഡി. അല്ലെങ്കിലും വീട്ടിലെടുക്കാത്ത ജോലി മറുനാട്ടില്‍ ചെയ്യാന്‍ പ്രത്യേക മിടുക്കുണ്ടല്ലോ നമുക്ക്. സംഗതി സിംപിള്‍. പൊടി നിമിഷനേരംകൊണ്ട് ചെറുഗുളികകളായി. നമ്മുടെ വായുഗുളിക ഓര്‍മവന്നു. കഷായവും കുഴമ്പും മണക്കുന്ന ഏതൊക്കെയോ വൈദ്യശാലകളും.

ഇതാണ് 'ഷണ്‍ ക്യി ടോങ് ഷി.' വേദനമുതല്‍ സ്തംഭനംവരെ വയറിനുള്ള സകലപ്രശ്‌നത്തിനുമുള്ള സംഹാരി. തന്ന സാംപിള്‍, ബാഗിലെ അയമോദകംമുതല്‍ അഷ്ടചൂര്‍ണംവരെയുള്ള അര ഡസന്‍ വയറുസംരക്ഷകരുടെ ഇടയിലേക്കു തിരുകി.

സംഗതി നമ്മുടെ ആയുര്‍വേദംതന്നെ. അത്രതന്നെ പഴക്കവുമുണ്ട് ഷോങ് യാവോ എന്ന ചൈനീസ് പാരമ്പര്യവൈദ്യത്തിന്. ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഈ ചൈനീസ് വൈദ്യശാസ്ത്രശാഖയ്ക്ക് വലിയ സംഭാവന കൊടുത്ത, ചൈനയിലെ ഏറ്റവും പഴക്കംചെന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നാണ് ഞാന്‍ മരുന്ന് ഉരുട്ടിയുണ്ടാക്കിയ 'ഹ്യു ക്യുങ്യൂ ടാങ്.' ഇന്നത് മരുന്നുശാല മാത്രമല്ല, ചൈനീസ് മെഡിസിന്റെ ചരിത്രം പറയുന്ന മ്യൂസിയംകൂടിയാണ്.

ക്യുങ് രാജവംശത്തിന്റെ കാലത്തെ കച്ചവടക്കാരനായിരുന്ന ഹ്യു ഷ്യുയാന്‍ 1874-ല്‍ തുടങ്ങിയ ഫാര്‍മസിയാണിത്. യാങ്സി നദിക്ക് തെക്ക് ഏറെക്കാലം നാടിന്റെ ആരോഗ്യം കാത്തുപോന്നത് ഈ ഫാര്‍മസിയായിരുന്നു.

ആന്തരിക, ബാഹ്യ ഘടകങ്ങളായ യിന്നിന്റെയും യാങ്ങിന്റെയും തുലനമാണ് ചൈനീസ് മരുന്നുകളുടെയും ചികിത്സയുടെയും അടിസ്ഥാനം. ആധുനിക വൈദ്യശാസ്ത്രത്തെക്കാള്‍ ബഹുകേമമെന്ന് അവകാശപ്പെടും ചൈനക്കാര്‍. ഈ ചൈനീസ് വൈദ്യശാസ്ത്രത്തിന് തുടക്കമിട്ടത് സണ്‍ സിമിയാവോയാണ്. ചികിത്സയും മരുന്നുനിര്‍മാണവും നമ്മുടെ ആയുര്‍വേദത്തിനു സമാനം. ഇലകളും കായും പൂവും വേരുകളും മൃഗക്കൊഴുപ്പും ധാതുക്കളടങ്ങിയ കല്ലും... പല മരുന്നുകളിലെയും പ്രധാന ചേരുവയായി കാണ്ടാമൃഗത്തിന്റ കൊമ്പും.

ഫാര്‍മസിയില്‍ ഇപ്പോഴും മരുന്നുനിര്‍മാണവും വില്‍പ്പനയും ചികിത്സയും തുടരുന്നു. എന്നാല്‍, കടംകയറിയതിനാല്‍ ഹ്യു ഷിയാന്റെ പിന്‍തലമുറക്കാര്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫാര്‍മസി ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തി. അങ്ങനെയാണ് 1991-ല്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് മ്യൂസിയമാക്കിയത്. വിവിധ മരുന്നുകള്‍, അതിന്റെ നിര്‍മാണരീതി, പുരാതന ഗ്രന്ഥങ്ങള്‍, മരുന്നുചെടികള്‍, വേരുകള്‍, കിഴങ്ങുകള്‍ എന്നുവേണ്ട ഒറ്റ നടത്തത്തില്‍ ചൈനീസ് ആയുര്‍വേദത്തിന്റെ സമ്പൂര്‍ണ ചരിത്രം അറിയാം. കാണ്ടാമൃഗംമുതല്‍ വവ്വാല്‍വരെയുള്ള ജീവികളെ സ്റ്റഫ് ചെയ്തുസൂക്ഷിച്ചിട്ടുമുണ്ട്.

ഈ മരുന്നുകളോ വാസ്തുവിദ്യയോ അല്ല, തിരക്കേറിയ ഡാജിങ് തെരുവിലെ ഫാര്‍മസിയിലേക്ക് കടക്കുമ്പോള്‍ നമ്മളെ സ്വീകരിക്കുന്ന ഒന്നുരണ്ട് ബോര്‍ഡുകളാണ് പ്രധാന ആകര്‍ഷണം. 'ജിയേ ക്യു' ആണ് പ്രധാനം. ഫാര്‍മസിയിലെ ജീവനക്കാര്‍ക്കുവേണ്ടി വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചതാണിത്. അര്‍ഥം-'വഞ്ചന അരുത്'. മറ്റൊന്നുകൂടിയുണ്ട്. അതും ജീവനക്കാര്‍ക്കുവേണ്ടിത്തന്നെ. 'കരുണ കാണിക്കുക.'

Content Highlights: Hangzhou 2022 Asian Games diary day 12