അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ തളയ്ക്കാന്‍ ചൈനയുടെ ഫൗള്‍പ്ലേ?

ജവലിന്‍ ത്രോ മത്സരത്തിനിടെ അധികൃതരുമായി സംസാരിക്കുന്ന നീരജ് ചോപ്ര | Photo: PTI
ജവലിന്‍ ത്രോ മത്സരത്തിനിടെ അധികൃതരുമായി സംസാരിക്കുന്ന നീരജ് ചോപ്ര | Photo: PTI

ഹാങ്ചൗ: സ്വര്‍ണഖനിയായ അത്ലറ്റിക്‌സില്‍ ഇന്ത്യയെ തളയ്ക്കാന്‍ ആതിഥേയരായ ചൈനയുടെ ഫൗള്‍പ്ലേയുണ്ടോ? ഏഷ്യന്‍ ഗെയിംസില്‍ രണ്ടുമൂന്നു ദിവസത്തെ സംഭവങ്ങള്‍ ഉയര്‍ത്തുന്ന സംശയമാണിത്. ഇതിനെതിരേ ഔദ്യോഗികമായി പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം.

കുറച്ചുദിവസമായി പുകയുന്ന പ്രശ്‌നം പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് മറനീക്കി പുറത്തുവന്നത്. നീരജ് ചോപ്രയുടെ മികച്ച ത്രോ അളക്കാതെ പോവുകയും വീണ്ടും എറിയിക്കുകയും ചെയ്തു. ഒരു മെഡലിനുവേണ്ടി ഏഴുതവണ എറിയേണ്ടിവന്നത് കരിയറിലെ ആദ്യ അനുഭവമാണെന്ന് ഒളിമ്പിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ നീരജ് പറഞ്ഞു. ഇതിനു പിന്നില്‍ ഇന്ത്യയെ ഒതുക്കാനുള്ള ശ്രമമുണ്ടോ എന്ന ചോദ്യം നീരജ് നിഷേധിച്ചതുമില്ല. ആദ്യ ത്രോയില്‍ 88 മീറ്റര്‍ പിന്നിട്ട നീരജിന് ഈ ആശയക്കുഴപ്പത്തോടെ താളംപോയി. അടുത്ത ശ്രമം 82 മീറ്ററിലൊതുങ്ങി.

നാലാമത്തെ ശ്രമത്തിലാണ് 88.88 മീറ്റര്‍ പിന്നിട്ടത്. പിറകെ കിഷോര്‍ ജെനയുടെ ഒരു ത്രോ അനാവശ്യമായി ഫൗള്‍ വിളിച്ചു. നീരജ് ഇടപെട്ട് ചോദ്യംചെയ്തതോടെ ഈ ഫൗള്‍ പിന്‍വലിച്ചു. ഇതിനെതിരേയും ഇന്ത്യന്‍ ടീം പരാതി നല്‍കും.

ബുധനാഴ്ച രാവിലെ 35 കിലോമീറ്റര്‍ മിക്‌സഡ് നടത്തത്തിലും കണ്ടു സമാന നാടകം. ഇന്ത്യയുടെ മഞ്ജു റാണിയും രാംബാബും 34 കിലോമീറ്റര്‍ പിന്നിട്ടശേഷം ഒഫീഷ്യലുകള്‍ ഫൗള്‍ വിളിച്ചു. ഏതാനുംനേരം പിടിച്ചുവെച്ചശേഷമാണ് മത്സരം തുടരാന്‍ അനുവദിച്ചത്. ഒരുവിധമാണ് മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനീസ് താരത്തിന്റെ ഫൗള്‍ സ്റ്റാര്‍ട്ടിന് ഇന്ത്യയുടെ ജ്യോതി യാരാജിയെക്കൂടി അയോഗ്യയാക്കി. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന് പ്രതിഷേധിച്ചതുകൊണ്ടാണ് ജ്യോതിക്ക് ഓടാനായത്. ഇന്ത്യയുടെ ഔദ്യോഗിക പരാതിക്കുശേഷമാണ് ജ്യോതിയുടെ വെങ്കലം വെള്ളിയായത്.

ഇതേ പ്രശ്‌നം ശ്രീശങ്കറിന്റെ ലോങ്ജമ്പിലും ഉണ്ടായതായി സംശയിക്കുന്നു. ശ്രീശങ്കറിന്റെ അഞ്ചാമത്തെ ചാട്ടം ഫൗളാണെന്നാണ് ഒഫീഷ്യലുകള്‍ വിധിച്ചത്. അത് ഫൗളല്ലെന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പ് മെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് പറയുന്നു. 8.19 മീറ്ററാണ് ശ്രീശങ്കര്‍ താണ്ടിയത്. ഇതില്‍ അളവില്‍ കൃത്രിമം നടന്നതായും ഇന്ത്യ സംശയിക്കുന്നു.

Content Highlights: China s foul play to defeat India in athletics