നാടകീയ ഫൈനലിനൊടുവില്‍ ഇന്ത്യന്‍ പുരുഷ കബഡി ടീമിന് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ നാടകീയ ഫൈനലിനൊടുവില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യന്‍ ടീമിന്റെ സ്വര്‍ണ നേട്ടം.
ഇടയ്ക്ക് ടീമുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു.
നാല് ഇറാന്‍ പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കിയെങ്കിലും ഇന്ത്യ നാല് പോയന്റ് നല്‍കണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. പിന്നാലെ ഇറാന്‍ ടീം പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതര്‍ ഇടപെട്ട് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വര്‍ണം ഉറപ്പാക്കി.
Content Highlights: Asian Games 2023 Kabaddi final suspended until further notice