ഖനി തൊഴിലാളികള്‍ക്ക് വെളിച്ചമായി, ഒടുവിൽ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി മടങ്ങി

ശങ്കർ ഗുഹ നിയോഗി
ശങ്കർ ഗുഹ നിയോഗി

നാൽപത്തിയെട്ടാം വയസിലാണ് തന്റെ നേര്‍ക്ക് പാഞ്ഞുവന്ന വെടിയുണ്ടകളെ ധീരമായി നേരിട്ട് ശങ്കര്‍ ഗുഹ നിയോഗിയെന്ന വിപ്ലവകാരി മരണത്തെ പുല്‍കിയത്. ചത്തീസ്ഗഢിലെ വെറുമൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല നിയോഗി, കല്‍ക്കരി ഖനികളില്‍ ജീവിതം വെന്തു തീര്‍ത്ത നിരവധി തൊഴിലാളികളുടെ ജീവിതത്തിലെ വെളിച്ചവുമായിരുന്നു. ആ ജീവന്‍ നിലച്ചപ്പോള്‍ അവര്‍ക്കറ്റു പോയത് ജീവിതത്തിന്റെ തന്നെ പ്രതീക്ഷയായിരുന്നു. എഴുപതുകളില്‍ ചത്തിസ്ഗഢിലെ ഖനി തൊഴിലാളികളെ രാഷ്ട്രീയമായി ബോധവത്കരിച്ചത് നിയോഗിയുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളായിരുന്നു.തൊഴിലാളികളെ ഉത്ബോധിപ്പിച്ചു കൊണ്ട് നിയോഗി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിയോഗിയുടെ നേതൃത്ത്വത്തില്‍ ആരംഭിച്ച ചത്തിസ്ഗഢ് മുക്തി മോര്‍ച്ച എന്ന തൊഴിലാളി സംഘടനയുടെ ഇടപെടലുകള്‍ ഖനി മാഫിയയുടെ അടിത്തറ നോക്കിയുള്ള തീവ്ര പ്രഹരങ്ങളായിരുന്നു.

1943ല്‍ ഫെബ്രുവരി 14നാണ് നിയോഗി ജനിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു നിയോഗി തന്റെ ജീവിതം ആരംഭിച്ചത്. ഇവിടെ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ ചേര്‍ന്നു. ശേഷം സംഘടനയുടെ ലോക്കല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തിലാണ് ചത്തീസ്ഗഢിലെ ഭിലായിലേക്ക് താമസം മാറുന്നത്. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ തൊഴിലാളിയായി. ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കെ അദ്ദേഹം തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്.

Content Highlights: Shankar Guha Niyogi

Continue reading