പച്ചക്കറി വാങ്ങും പോലെ ചന്തയില്‍ നിന്ന് തോക്കുവാങ്ങി, കലാപത്തിന്റെ വഴികളിലൂടെ | Manipur diary 2

കേരളത്തേക്കാള്‍ ഒന്നരമണിക്കൂറെങ്കിലും മുന്നേ നേരം പുലരും മണിപ്പുരില്‍. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് തയ്യാറായി നഗമപാലിലെത്തി. അവിടെ അശോകന്‍ പറഞ്ഞതനുസരിച്ച് മെയ്ത്തി വിഭാഗത്തെ കാണാന്‍ പോകാന്‍ ആളുകള്‍ തയ്യാറായി വന്നിരിക്കുന്നു. മണിപ്പുരി പോലീസിലെ ഉദ്യോഗസ്ഥന്‍ ശാമു സിങ്ങും മറ്റു രണ്ടുപേരുമാണ് കൂട്ടത്തില്‍ വരുന്നത്. മൂന്നുപേരും മെയ്ത്തികള്‍. നേരേ മൊയ്‌റാങ്ങിലേക്ക്. മൊയ്‌റാങ് എന്നു കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു അവിടെയല്ലേ ഐ.എന്‍.എയുടെ തലസ്ഥാനം, ശാമുസിങ് പറഞ്ഞു, അതേ, ഐ.എന്‍.എയുടെ തലസ്ഥാനമായി ഉപയോഗിച്ചത് ഒരു മെയ്ത്തി വിഭാഗത്തിന്റെ പരമ്പരാഗതമായി നിര്‍മിച്ച വീടാണ്. അവിടേയും പോകാം. യാത്രതുടങ്ങി. ഇംഫാല്‍ എയര്‍പോര്‍ട്ട് പിന്നിട്ട് മിസോറാമിലേക്കുപോകുന്ന തിഥിം റോഡിലൂടെയാണ് യാത്ര. വഴിയരികിലൊക്കെ കലാപത്തിന്റെ ബാക്കിപത്രമായി കത്തിച്ച വാഹനങ്ങളും വീടുകളും തകര്‍ക്കപ്പെട്ട കടകളുമൊക്കെ കണ്ടു. വറോയി മലനിരകള്‍ക്കു സമാന്തരമായിട്ടാണ് ഈ പാതപോകുന്നത്. ഈ മലകള്‍ക്കപ്പുറമാണ് മൂന്നാം തീയതി സംഘര്‍ഷത്തിനു തുടക്കമിട്ട ചുരാചന്ദ്പുര്‍. യാത്രയില്‍ ശാമുസിങ് പറയുന്നു- "എല്ലാത്തിനും കാരണം ഒരാളാണ്. മുഖ്യമന്ത്രി ബിരേന്‍ സിങ്, അയാളെ മാറ്റിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. അയാളുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ. മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണ്, ഈ രീതിയില്‍ കനത്ത ഏറ്റുമുട്ടലിന് രണ്ടുകൂട്ടരും തയ്യാറെടുക്കുന്നുണ്ടെന്ന്. എന്നിട്ടും ഒന്നും ചെയ്തില്ല".
Content Highlights: Manipur violence,riot,reporters diary 2,meithei kuki clash,gun,poppy