കഞ്ചാവ് വിൽപ്പന പോലീസിലറിയിച്ചു; യൂത്ത് കോൺ. നേതാവിനുനേരെ ആക്രമണം, സഹോദരന്റെ കണ്ണിൽ ഇടിക്കട്ടകൊണ്ടിടിച്ചു

കല്ലൂർ: പുല്ലുത്തിയിൽ കഞ്ചാവുവിൽപ്പന പോലീസിൽ അറിയിച്ചതിലുള്ള വൈരത്തിൽ ലഹരിസംഘം യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി ആക്രമിച്ചു. യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലി(35)ന്റെ വീടിനുനേരേയായിരുന്നു ആക്രമണം. സംഭവത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോ (37), അമ്മ മേരീസ് (59) എന്നിവർക്കും പരിക്കേറ്റു.
റിന്റോയുടെ ചെവിക്കും കാലിനുമാണ് പരിക്ക്. റിജോയുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇരുവരും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്ക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വാതിൽ ചവിട്ടിത്തുറന്ന് വീടിനുള്ളിൽക്കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇതു കണ്ടുവന്ന റിജോയെ വാഹനത്തിന്റെ താക്കോൽകൊണ്ടും ഇടിക്കട്ടകൊണ്ടും കണ്ണിൽ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ റിന്റോയെ സംഘം റോഡിലിട്ട് മർദിച്ചു. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു. പ്രതികളിലൊരാളായ സമീപവാസിയെ പോലീസ് പിന്തുടർന്ന് പിടികൂടി. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
മാസങ്ങൾക്കുമുൻപ് പ്രതികൾ കഞ്ചാവുവിൽപ്പന നടത്തുന്നത് റിന്റോ പോലീസിൽ അറിയിച്ചതിലുള്ള വൈരമാണ് ആക്രമണത്തിനു പിന്നിലെന്ന് പുതുക്കാട് പോലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശത്തെ ലഹരി സംഘങ്ങളെ പിടികൂടണമെന്നും കൊടകര ബ്ലോക്കുപഞ്ചായത്തംഗം ജെറോം ജോൺ, തൃക്കൂർ ഗ്രാമപ്പഞ്ചായത്ത് അംഗം സജിതാ രാജീവ് എന്നിവർ ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരേ വീടുകയറിയാക്രമണം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു.