2016-നുശേഷം ബി.ജെ.പി എന്നെ നിരന്തരം ബഹിഷ്കരിച്ചിരിക്കുകയാണ്- കരൺ താപ്പറുമായി അഭിമുഖം

#മനോജ് മേനോൻ
കരൺ താപ്പർ
കരൺ താപ്പർ

ഒക്ടോബറിലെ വെയിൽ തോർന്ന ഒരു പകൽ. അഭിമുഖം രണ്ട് മിനിറ്റ്‌ നാല്പത്തിയഞ്ച് സെക്കൻഡ്‌ പിന്നിട്ടപ്പോൾ അസുഖകരമായ ചോദ്യങ്ങൾക്കുമുന്നിൽനിന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി  എഴുന്നേറ്റു. -അസ്വസ്ഥതയൊന്നും മുഖത്തുപകർത്താതെ. ചോദ്യങ്ങളേറെ ബാക്കി നിൽക്കെ, അഭിമുഖം അതോടെ അവസാനിച്ചു. മോദി ഉടൻ മടങ്ങിയില്ല. ഒരുമണിക്കൂറോളം കരൺ താപ്പറിനോട് മോദി കുശലംപറഞ്ഞു. ചായയും മധുരവും ഗുജറാത്തി ദോക്‌ലയും നൽകി നല്ല ആതിഥേയനായി. പക്ഷേ, അഭിമുഖം പൂർത്തിയാക്കണമെന്ന കരണിന്റെ അഭ്യർഥന അംഗീകരിച്ചില്ല. പകരം, ‘‘അപ്‌നെ ദോസ്തി ബനി രഹേ’’ (നമ്മുടെ സൗഹൃദം നിലനിൽക്കട്ടെ) എന്ന് മറുപടി നൽകി. ആ കൂടിക്കാഴ്ചയ്ക്ക് അവിടെ വിരാമമായി.
 2007-ൽ  അപൂർണമാക്കി അവസാനിപ്പിച്ച അഭിമുഖശകലത്തിനുശേഷം മോദി പിന്നീട് കരൺ താപ്പറിനുമുന്നിൽ അഭിമുഖത്തിനായി ഇരുന്നിട്ടില്ല. ഇത്തരം പിണക്കങ്ങളും കലഹങ്ങളും കരൺ താപ്പറിന്റെ പ്രൊഫഷണൽ ജീവിതത്തിൽ പതിവാണ്. ഒരിക്കൽ അഭിമുഖത്തിലുടനീളം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കലഹിച്ചു. നിയമജ്ഞൻ രാം ജേഠ് മലാനി ഇറങ്ങിപ്പോയി. മമതാ ബാനർജി 12 മണിക്കൂറോളം അഭിമുഖത്തിനായി കാത്തിരുത്തി. ദീർഘ സൗഹൃദകാലത്തിനുശേഷം അദ്വാനി പിണങ്ങി, അഭിമുഖം നൽകാമെന്ന് പറഞ്ഞ സോണിയയും രാഹുലും പിന്നെ ആ വഴിക്കു വന്നില്ല. ആറു വർഷമായി ബി.ജെ.പി. നേതാക്കളോ മന്ത്രിമാരോ വക്താക്കളോ കരണിന് മുന്നിലെ ഇരിപ്പിടത്തിൽ എത്തുന്നതേയില്ല! എന്നിട്ടും ‘ഡെവിൾസ് അഡ്വക്കേറ്റി’ന് കുലുക്കമില്ല. അന്വേഷണങ്ങളുടെ ഉലയിൽ ഉരുക്കിയെടുത്ത ചോദ്യശരങ്ങൾ എയ്ത് കരൺ താപ്പർ എന്ന നിത്യപ്രതിപക്ഷം നിർഭയം തുടരുന്നു.
    കരണിന്റെ 68 വർഷത്തെ ജീവിതകഥ അഭിമുഖങ്ങളുടേതു മാത്രമല്ല, അനുഭവങ്ങളുടേതു കൂടിയാണ്. ‘‘പാകിസ്താൻകാരിയായ ബേനസീറിനും എനിക്കും ഇടയിൽ പ്രണയമില്ല’’ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിവന്നു 1977-ൽ കേംബ്രിജ്‌ സർവകലാശാലയുടെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കരൺ താപ്പറിന്! ബേനസീറിന്റെ പിതാവും പാകിസ്താൻ പ്രസിഡന്റുമായ സുൽഫിക്കർ അലി ഭൂട്ടോയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കാൻ ഇത്തരം അഭ്യൂഹങ്ങൾ ഇടയാക്കുമെന്ന് കണ്ടതിനാലാണ് ഈ ഔദ്യോഗിക അറിയിപ്പെന്ന്  യൂണിയൻ പ്രസിദ്ധീകരണമായ കേംബ്രിജ്‌ ഈവനിങ്‌ ന്യൂസിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക കുറിപ്പിൽ കരൺ വിശദീകരിച്ചു.
‘‘ഒരു ഇന്ത്യൻ കുടുംബവുമായി പാക് പ്രസിഡന്റിന്റെ മകൾക്ക് ബന്ധമുണ്ടെന്ന ചിത്രീകരണം തിര​െഞ്ഞടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു ഈ നീക്കം. ഞങ്ങൾ തമ്മിൽ അടുത്ത സൗഹൃദമായിരുന്നു. ഞാൻ കേംബ്രിജ്‌ സർവകലാശാലയുടെയും ബേനസീർ ഓക്സ്‌ഫഡ് സർവകലാശാലയുടെയും വിദ്യാർഥി യൂണിയൻ  പ്രസിഡന്റുമാരായിരുന്നു. ഈ അടുപ്പമാണ് പ്രണയമായി അഭ്യൂഹമുയർത്തിയത്.’’ -പൊട്ടിച്ചിരി ചിതറിച്ച് ഡൽഹി നഗരഹൃദയത്തിലെ വീട്ടിലിരുന്ന് കരൺ താപ്പർ എന്ന, ഇന്ത്യൻ മാധ്യമരംഗത്തെ ടഫ് ഇന്റർവ്യൂവർ സംസാരിച്ചു -മുപ്പത് മിനിറ്റായി മുൻകൂർ നിശ്ചയിച്ച അഭിമുഖം 58 മിനിറ്റിലേക്ക് വളർന്നതറിയാതെ.

 അഭിമുഖത്തിൽ നിന്നുതന്നെ തുടങ്ങാം. പത്രപ്രവർത്തനത്തിൽ പലതരം വഴികളുണ്ട്. എന്തുകൊണ്ടാണ് അഭിമുഖം  പ്രിയപാതയായി തിരഞ്ഞെടുത്തത് 

= ഞാൻ അത് ബോധപൂർവം തിരഞ്ഞെടുത്തതല്ല. പതുക്കെ അങ്ങനെ ഉരുത്തിരിഞ്ഞു വന്നതാണ്. അഭിമുഖങ്ങളുമായി ചേർത്താണ് പലരും എന്നെ ഇപ്പോൾ തിരിച്ചറിയുന്നത്, ഐഡന്റിഫൈ ചെയ്യുന്നത്. അതിൽ  ഞാൻ കംഫർട്ടബിൾ ആണുതാനും. ലണ്ടൻ ടൈംസ് ന്യൂസ്‌പേപ്പറിലാണ് ഞാൻ എന്റെ കരിയർ തുടങ്ങിയത്. അതായത്,  ഒരു അച്ചടിമാധ്യമ പ്രവർത്തകനായിട്ടായിരുന്നു തുടക്കം. തുടക്കംമുതൽ ദീർഘകാലം ഞാൻ   നൈജീരിയയിൽ കറസ്പോണ്ടന്റായിരുന്നു. തുടർന്ന് ലണ്ടനിൽ തിരിച്ചുവന്ന് ലണ്ടൻ ടൈംസിന്റെ ഫീച്ചർ ഡെസ്കിൽ പ്രവർത്തിച്ചു. ആ സമയത്ത് ലണ്ടൻ വീക്കെൻഡ് ടെലിവിഷനിൽ എനിക്ക് ഒരു ജോലി ഓഫർ ലഭിച്ചു. അത് സ്വീകരിച്ചു. അങ്ങനെ ഞാൻ ടെലിവിഷൻ എന്ന പുതിയ മാധ്യമത്തിലേക്ക് ആകർഷിക്കപ്പെട്ടു. സത്യസന്ധമായി മറ്റൊരു കാര്യംകൂടി പറയാം, എന്റെ മുഖം ടി.വി.യിൽ കാണാം എന്നതിലും എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു! അങ്ങനെ ലണ്ടൻ വീക്കെൻഡ് ടെലിവിഷനിൽ ഞാൻ ചേർന്നു. കറസ്പോണ്ടന്റായിട്ടാണ് ചേർന്നത്. സിനിമകളെ അടിസ്ഥാനമാക്കിയ വാർത്തകളായിരുന്നു ഏറെയും അന്ന് ചെയ്തിരുന്നത്. ഇന്റർവ്യൂവും അതിന്റെ ഭാഗമായിരുന്നു. വാർത്തകളുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളായിരുന്നു അവയെല്ലാം. നേർക്കുനേർ (വൺ ടു വൺ)അഭിമുഖങ്ങളക്കം ഞാൻ ചെയ്തു.

തന്റെ പുതിയ പുസ്തകം കരൺ താപ്പർ മനോജ് മേനോന് ഒപ്പിട്ടു നൽകിയപ്പോൾ

  അവിടെനിന്ന് ഞാൻ ക്രമേണ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലേക്ക് കടന്നു. ഇതുതന്നെയാണ് ഞാൻ ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോഴും ചെയ്തത്. ഐ വിറ്റ്‌നെസ് എന്ന ഒരു ടെലിവിഷൻ പരിപാടി ഞാൻ ഡൽഹിയിൽ ലോഞ്ച് ചെയ്തു. ഈ പരിപാടി 1998-ൽ അവസാനിച്ചപ്പോൾ മറ്റൊരു ഷോ തുടങ്ങി. സബ് ടി.വി., ദൂരദർശൻ, ഹോം ടിവി, സ്റ്റാർ ടി.വി. എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഹോം ടി.വി.യാണ് ആദ്യമായി വൺ ടു വൺ ഇന്റർവ്യൂ പരിപാടിക്ക്  തുടക്കമിട്ടത്. മാത്രമല്ല, പാനലുകളടങ്ങുന്ന ചർച്ചാപരിപാടികളും ഞാൻ ആരംഭിച്ചു. അങ്ങനെ ഇന്റർവ്യൂ ഫോർമാറ്റിൽ ഞാൻ ലോക്ഡ് ആയി. അങ്ങനെയാണ് സി.എൻ.എൻ.-ഐ.ബി.എൻ. ചാനലിൽ  ഡെവിൾസ് അഡ്വക്കേറ്റ് ആരംഭിച്ചത്. ആ പരിപാടി വളരെ ശ്രദ്ധിക്കപ്പെട്ടതോടെ അതുമായി എന്റെ പേര് ഐഡന്റിഫൈ ചെയ്യപ്പെട്ടു. അതിന്റെ ഫലം എന്ന നിലയിൽ കൂടുതൽക്കൂടുതൽ അഭിമുഖങ്ങൾ രൂപമെടുത്തു. അത് ഇപ്പോഴും തുടരുന്നു.

 താങ്കളെ ടഫ് ഇന്റർവ്യൂവർ എന്നാണ് നിരൂപകർ വിളിക്കുന്നത്. അത് ഒരു വലിയ അംഗീകാരമാണ്. ടഫ് ഇന്റർവ്യൂവറായ താങ്കൾക്കുമുന്നിൽ അഭിമുഖത്തിനായി ഇതുവരെ ഇരുന്നിട്ടുള്ളവരിൽ ഏറ്റവും ടഫായ വ്യക്തി ആരാണ് 

= ഒരു വ്യക്തിയെ മാത്രമായി പറയാൻ പ്രയാസമുണ്ട് ! ഒട്ടേറെ വ്യക്തികൾ എന്ന് വേണമെങ്കിൽ പറയാം. ആളുകൾ അഭിമുഖങ്ങളിൽ കഠിന(ടഫ്)രാകുന്നതിന് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനോ, ചോദ്യങ്ങളെ അവഗണിക്കുന്നതിനോ വേണ്ടി ചില ആളുകൾ അഭിമുഖങ്ങളിൽ ടഫ് ആകും. അവർക്ക് അതിന്റെ രീതി അറിയാം. അത്തരത്തിൽ ഇന്റർവ്യൂ നടത്തുന്നവരും ഇന്റർവ്യൂവിന് വിധേയരാകുന്നവരും തമ്മിലുള്ള ഒരുതരം പ്ലേ ആണ് പൊളിറ്റിക്കൽ ഇന്റർവ്യൂ. ഇന്റർവ്യൂ ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവർ പബ്ലിസിറ്റിയും ശ്രദ്ധയും ആഗ്രഹിക്കുന്നു. അതിനായി ലഭിക്കുന്ന അവസരം എന്ന നിലയിൽ അഭിമുഖത്തെ അവർ ഉപയോഗിക്കുന്നു. വെളിപ്പെടുത്താനുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ, ടഫ് ഗെയിം കളിക്കുന്ന ചില വ്യക്തികൾ കാര്യങ്ങൾ വിട്ടുപറയില്ല. അവർ കാര്യമായി സംസാരിക്കില്ല.
 അതുപോലെ, മറ്റു ചിലർ ടഫ് ആകുന്നത്, അവരുടെ ക്ഷമയുടെ അതിർത്തിക്കടുത്ത് അഭിമുഖകാരൻ എത്തുമ്പോഴാണ്. അപ്പോഴാണ് അവർ ചിലപ്പോൾ ഇന്റർവ്യൂ വേദിയിൽനിന്ന് ഇറങ്ങിപ്പോകുന്നത്. ഉദാഹരണത്തിന് നരേന്ദ്രമോദി, രാം ജേഠ് മലാനി തുടങ്ങിയവർ ഇറങ്ങിപ്പോയത്. ക്ഷമകെട്ടെങ്കിലും ജയലളിത ഇറങ്ങിപ്പോയില്ല. പക്ഷേ, ഇതൊന്നും ഒഴിവാക്കാൻ കഴിയില്ല. ആലോചിച്ചുറപ്പിച്ച് അവതാരകൻ ടഫ് ആകുന്നതല്ല, അതിനാൽ അത്തരമൊരു ടഫ് ലൈൻ അഭിമുഖത്തിൽ സ്വീകരിച്ചത് ഒഴിവാക്കേണ്ടതില്ല. ആ രീതി ഉപേക്ഷിക്കേണ്ടതില്ല. ആ വ്യക്തിയുമായി അഭിമുഖം അതേ നിലയിൽ തുടരേണ്ടതാണ്. വേറെ ഒരു തരത്തിലുള്ള ടഫ്‌നസ് ഉണ്ട്. അത് അഭിമുഖത്തിനിരിക്കുന്ന വ്യക്തി കൂടുതൽ നാണംകുണുങ്ങിയോ, അധീരനോ ആകുമ്പോഴാണ്. അങ്ങനെയുള്ളവർക്ക് സംസാരിക്കാൻ കഴിയില്ല. ഇത് എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അത് എന്റെ അഭിമുഖത്തിൽ സംഭവിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ കാര്യത്തിൽ ഇതാണുണ്ടായത്. അദ്ദേഹം വളരെനല്ല വ്യക്തിയാണ്. പക്ഷേ, അഭിമുഖത്തിൽ അങ്ങേയറ്റം നാണംകുണുങ്ങിയായിരുന്നു. അഭിമുഖസമയത്ത് എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി വെറും മൂളൽ മാത്രം. അതിനാൽ എനിക്ക് ആ അഭിമുഖം മൂന്നുവട്ടം മാറ്റിയെടുക്കേണ്ടിവന്നു. മൂന്ന് അഭിമുഖങ്ങളും ചേർത്ത് എഡിറ്റ് ചെയ്താണ് പിന്നീട് സംപ്രേഷണം ചെയ്തത്‌. ഹി ഈസ് എക്‌സ്‌ട്രീമിലി നൈസ്, ബട്ട് ഹി ഈസ് വെരി വെരി ഷൈ. ഇക്കാരണത്താൽ ഞാൻ പ്രൊഫഷണൽ ജീവിതത്തിൽ കൈകാര്യംചെയ്ത, ഏറ്റവും പ്രയാസപ്പെട്ട, ടഫായ അഭിമുഖം എ.ആർ. റഹ്‌മാന്റേതായിരുന്നു !

എ ആർ റഹ്മാനുമായുള്ല താപ്പറിന്റെ അഭിമുഖത്തിൽ നിന്ന്

  ടഫായ ഇന്റർവ്യൂവിനെക്കുറിച്ച് സംസാരിക്കുമ്പോൾ , ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖം താങ്കളുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അധ്യായമാണ്. രണ്ട് മിനിറ്റ്‌ നാല്പത്തിയഞ്ച് സെക്കൻഡ് കഴിഞ്ഞപ്പോൾ അഭിമുഖം നിർത്തിെവക്കേണ്ടി വന്നു. എന്നാൽ, ആ നിമിഷങ്ങൾ മാധ്യമ ലോകത്ത് പിന്നീട് വലിയ സംഭവമായി. 2007-ലെ ആ അഭിമുഖത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എന്താണ് താങ്കളുടെ മനസ്സിൽ ഇപ്പോൾ 

= ഞാൻ ഖേദിക്കുന്നുണ്ടോ എന്നാണ് താങ്കളുടെ ചോദ്യമെങ്കിൽ, എന്റെ ഉത്തരം ഇല്ല എന്നാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ആ അഭിമുഖം ഒരുപക്ഷേ,  ഒരു പാഠമായി മാറിക്കഴിഞ്ഞു. ഞാൻ ചെയ്തതിൽ ഏറ്റവും പ്രസിദ്ധമായ അഭിമുഖം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായി 2007-ൽ നടത്തിയതാണ്. വെറും രണ്ടുമിനിറ്റ്‌ 45 സെക്കൻഡ്‌മാത്രം നീണ്ടുനിന്ന അഭിമുഖമാണിത്. എല്ലാവരും ഇപ്പോഴും അതേക്കുറിച്ച് സംസാരിക്കുന്നു. ചർച്ച ചെയ്യുന്നു. ആ അഭിമുഖം സംബന്ധിച്ച് ചിന്തിക്കുമ്പോൾ, ഒരു വിഷയം അതിന്റെ സ്വാഭാവിക പരിണതിയിലേക്ക് പോയതിൽ വെറുതേ ഖേദിച്ചിട്ട് കാര്യമില്ല എന്നാണ് എന്റെ വിലയിരുത്തൽ. രണ്ടാമത്തെ വിഷയം അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം, ആ അഭിമുഖം കൈകാര്യംചെയ്ത രീതിയിൽ ഞാൻ ഖേദിക്കുന്നുണ്ടോ എന്നതാണ്. ഇല്ല എന്നാണ് അതിനും ഉത്തരം.

 എന്താണ് അങ്ങനെ ഒരു ഉത്തരത്തിന് കാരണം

 അഞ്ചുവർഷമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലുള്ള ഒരാളുമായാണ് ഞാൻ അഭിമുഖം നടത്തിയത്. രണ്ടാമത്തെ ടേമിനായി മത്സരിക്കുന്നതിനിടയിലായിരുന്നു അഭിമുഖം. അദ്ദേഹം ഒരു എസ്റ്റാബ്ലിഷ്ഡ് രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയത്തിൽ പുതിയ ആളല്ല. പരിചയസമ്പന്നനായ വ്യക്തിയാണ്. കാര്യങ്ങൾ പഠിക്കാൻ ഒരാൾക്ക് അഞ്ചു വർഷം ഒരു ദീർഘകാലയളവാണ്. ജനങ്ങൾ തിരിച്ചറിയുന്ന ഒരാളുമാണ്. 2002-ൽ ഗുജറാത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതേക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കേണ്ടത്, ചോദിക്കേണ്ടത് പരമ പ്രധാനമാണ്. എന്നാൽ, ആ വിഷയം മാത്രമല്ല, ഞാൻ  ചോദിക്കാനിരുന്നത്. മറ്റ് ഒട്ടേറെ വിഷയങ്ങളുണ്ടായിരുന്നു. അതിന് ഞാൻ തയ്യാറായിരുന്നു. അഭിമുഖത്തിൽ ചോദിക്കാനായി ആ ചോദ്യങ്ങളും ഞാൻ തയ്യാറാക്കിെവച്ചിരുന്നു.
 അതവിടെ നിൽക്കട്ടെ, അഭിമുഖത്തിന്റെ ഏതു ഘട്ടത്തിലാണ് ഗുജറാത്ത് കലാപം, ഗോധ്ര കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങൾ ഞാൻ ഉയർത്തേണ്ടിയിരുന്നത് എന്നതാണ് അടുത്ത ഡിബേറ്റിങ്‌ പോയന്റ്. അത് വേണമെങ്കിൽ എനിക്ക് അഭിമുഖത്തിന്റെ തുടക്കത്തിൽ ഉന്നയിക്കാമായിരുന്നു. അല്ലെങ്കിൽ അഭിമുഖത്തിന്റെ അവസാനം കൊണ്ടു വരാം. അതുമല്ലെങ്കിൽ അഭിമുഖത്തിന്റെ മധ്യത്തിൽ കൊണ്ടു വരാം. ഇങ്ങനെ മൂന്ന് സാധ്യതകളാണ് അഭിമുഖകാരന്റെ മുന്നിലുള്ളത്. പക്ഷേ, ഈ ചോദ്യങ്ങൾ ഞാൻ അഭിമുഖത്തിന്റെ നടുവിലോ, ഒടുവിലോ ഉന്നയിക്കാൻ തീരുമാനിച്ച് മാറ്റിവെച്ചാൽ, അതൊരു ഡെമോക്ലസിന്റെ വാൾ പോലെ അഭിമുഖത്തിൽ ഉടനീളം തൂങ്ങിനിൽക്കും. തന്നെ വീഴ്ത്താനായി എന്തോ ഒരുങ്ങി നിൽപ്പുണ്ടെന്ന തോന്നൽ അഭിമുഖത്തിൽ ഉടനീളം മോദിക്കുണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് ആദ്യത്തെ രണ്ടുമൂന്ന് മിനിറ്റിനുള്ളിൽത്തന്നെ ഈ ചോദ്യമുന്നയിച്ചിട്ട് വേഗം മറ്റ് വിഷയങ്ങളിലേക്ക് കടക്കാമെന്ന് ഞാൻ കരുതിയത്. അതോടെ, അഭിമുഖത്തിൽ എപ്പോൾ ഈ വിഷയം  വരുമെന്ന ടെൻഷൻ ഒഴിവാകുമല്ലോയെന്ന് കരുതി.
 ഇനി മറ്റൊരു കാര്യം. അഭിമുഖത്തിലെ എന്റെ ആദ്യത്തെ ചോദ്യത്തെക്കുറിച്ചാണ് അടുത്ത ചർച്ച. ‘‘മിസ്റ്റർ മോദീ, നമുക്ക് താങ്കളെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാം. കഴിഞ്ഞ ആറു വർഷമായി താങ്കൾ ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഇന്ത്യ ടുഡേയും രാജീവ് ഗാന്ധി ഫൗണ്ടേഷനും താങ്കളെ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നു. എന്നിട്ടും താങ്കളെ ഒരു കൂട്ടക്കൊലക്കാര(മാസ് മർഡറർ)നെന്നും മുസ്‌ലിം വിഭാഗങ്ങളെക്കുറിച്ച് മുൻകൂർ ധാരണ സൂക്ഷിക്കുന്ന ആളെന്നും ജനങ്ങൾ വിളിക്കുന്നു. താങ്കൾക്ക് ഒരു പ്രതിച്ഛായാ പ്രശ്നമുണ്ടോ.’’ എന്നതായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. ഞാൻ ഓർമയിൽനിന്ന് ഉദ്ധരിക്കുന്നതാണ് കേട്ടോ. എന്തിനാണ് ഞാൻ ക​ൂട്ടക്കൊലക്കാരൻ എന്ന വാക്ക് തിരഞ്ഞെടുത്തത്? എനിക്ക് വേണമെങ്കിൽ, മയപ്പെടുത്തി പറയാമായിരുന്നു. എന്നാൽ, മയപ്പെടുത്തി പറഞ്ഞാൽ അദ്ദേഹത്തിനോ ജനങ്ങൾക്കോ ഞാൻ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാകുമായിരുന്നില്ല. അങ്ങനെ മയപ്പെടുത്തി വാക്കുകൾ ഉപയോഗിക്കുന്നത് ഒരു തരം സത്യസന്ധതയില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഞാൻ വിശ്വസിക്കുന്നു.
അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ് എന്നതാണ് മറ്റൊരു പ്രധാന പോയന്റ്. അദ്ദേഹത്തിന് ജനങ്ങളെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. എന്തിനാണ് ഞാൻ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത്? അദ്ദേഹം ആത്യന്തികമായി ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് അദ്ദേഹത്തെ പ്രതിരോധിക്കാനും ന്യായീകരിക്കാനും അറിയാം. എന്തിനാണ് ഞാൻ അദ്ദേഹത്തെ സുഖിപ്പിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. അദ്ദേഹം സത്യം കേൾക്കാൻ ബാധ്യസ്ഥനുമാണ്. അതുകൊണ്ടാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന ആരോപണം കേൾക്കുന്നുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചത്. അങ്ങനെ ഒരു പ്രയോഗം ഞാൻ നടത്തിയത്.

കരൺതാപ്പറിന്റെ അഭിമുഖത്തിനിടെ വെള്ളം കുടിക്കുന്ന മോദി | cnn സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ സ്ക്രീൻ ഷോട്ട്

എന്നാൽ, മോദി അഭിമുഖത്തിൽ ഒരു പിഴവ് വരുത്തി. തുടക്കംമുതൽ അദ്ദേഹം എന്റെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലാണ് മറുപടി നൽകിയത് എന്നതായിരുന്നു ആ പിഴവ്. 2007-ൽ മോദിയുടെ ഇംഗ്ലീഷ് ഭാഷാ സ്വാധീനം ഒട്ടും നല്ലതായിരുന്നില്ല. ഇപ്പോൾ താരതമ്യേന മെച്ചപ്പെട്ടു. ഇപ്പോൾ അദ്ദേഹം കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ സംസാരിക്കുന്നുണ്ട്. എന്നാൽ അന്നത്തെ അഭിമുഖത്തിൽ, തനിക്ക് നല്ല സ്വാധീനമുള്ള ഹിന്ദിക്കുപകരം സംസാരിക്കാൻ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തത് പിശകായിരുന്നു. ഹിന്ദിയിലോ ഗുജറാത്തിയിലോ ചിന്തിച്ചശേഷം അദ്ദേഹം  അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് സംസാരിച്ചത്. അതിനാൽ മറുപടിയുടെ വേഗം കുറഞ്ഞു. മാത്രമല്ല, വാക്കുകൾ സ്വാഭാവികമായ രീതിയിൽ പുറത്തുവന്നില്ല. അതൊരു വലിയ പരിമിതിയായി മാറി. എന്തിനാണ് മറുപടിപറയാൻ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അദ്ദേഹം നന്നായി ഹിന്ദി സംസാരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഹിന്ദി വളരെ ലളിതമാണ്. എല്ലാവർക്കും  മോദിയുടെ ഹിന്ദി മനസ്സിലാകും. ബി.ബി.സി. അത് പരിഭാഷപ്പെടുത്തുകയും ചെയ്യും. തനിക്ക് സ്വാധീനമില്ലാത്ത ഭാഷയിൽ മറുപടി പറയാൻ അദ്ദേഹം ശ്രമിച്ചത് ഒരു പരിമിതിയായി മാറി. എങ്കിലും  അഭിമുഖത്തിലുടനീളം അദ്ദേഹം അക്ഷോഭ്യനായിരുന്നു.
 ഇന്റർവ്യൂ തുടർന്നു. 2002-ലെ ഗുജറാത്ത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഗോധ്രയുടെ പ്രേതം താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, ആ പ്രേതത്തെ തടയാൻ താങ്കൾ ഒന്നും ചെയ്യാത്തതെന്തുകൊണ്ടെന്ന എന്റെ ചോദ്യത്തിന്, ‘അതിനുള്ള ശ്രമം ഞാൻ കരൺ താപ്പറിനെപ്പോലെയുള്ള മാധ്യമപ്രവർത്തകർക്ക് നൽകിയിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടുമൂന്ന് ചോദ്യങ്ങൾകൂടി ഞാൻ തുടർന്നു. അദ്ദേഹം അതിന് മറുപടി പറഞ്ഞു. അതിനു ശേഷം, ഗോധ്ര സംഭവത്തിൽ മാപ്പു പറഞ്ഞ് ആ പ്രതിച്ഛായയിൽനിന്ന് പുറത്തുവരണമെന്ന് ഞാൻ മോദിയോട് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നതിന് താങ്കൾക്കുമുന്നിൽ ഈ വിഷയം തടസ്സമായി നിൽക്കുന്നുണ്ടെങ്കിൽ, അതിൽനിന്ന് എത്രയും വേഗം താങ്കൾ പുറത്തു വരണമെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അദ്ദേഹം അപ്പോൾ ‘‘എനിക്ക് വിശ്രമിക്കണമെന്നും വെള്ളം വേണമെന്നും’’ പറഞ്ഞ് അഭിമുഖം അവസാനിപ്പിച്ചു.
  പിന്നീട് അദ്ദേഹം അഭിമുഖത്തിന് തയ്യാറായില്ല. രണ്ടുമിനിറ്റ്‌ 45 സെക്കൻഡുമാത്രം പിന്നിട്ടപ്പോൾ നിന്നുപോയ  അഭിമുഖം പുനരാരംഭിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. മോദി വഴങ്ങിയില്ല. പകരം എനിക്ക് ചായയും മധുരവും ഗുജറാത്തി ദോക്‌ലയും തന്ന് ഒരു മണിക്കൂറോളം എന്നോടൊപ്പം ചെലവിട്ടു. അദ്ദേഹം വളരെ നല്ല ആതിഥേയനായിരുന്നു. ഇതിനിടയിലെല്ലാം അഭിമുഖം തുടരാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചുകൊണ്ടിരുന്നു. എന്നാൽ, ‘അപ്‌നെ ദോസ്തി ബനി രഹേ’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘താങ്കൾ ഇവിടെ വന്നതിൽ ഞാൻ സന്തുഷ്ടനാണ്. എനിക്ക് അതിൽ നന്ദിയുണ്ട്. എനിക്ക്  ഈ അഭിമുഖം തുടരാൻ താത്‌പര്യമില്ല. ഇതെല്ലാം നിങ്ങളുടെ ആശയങ്ങളാണ്. താങ്കൾ തുടർച്ചയായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. എനിക്ക് താങ്കളുമായി സുഹൃദ്ബന്ധം തുടരാൻ ആഗ്രഹമുണ്ട്.’’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിമുഖം വീണ്ടും ചെയ്യാമെന്നും ഗുജറാത്ത് വിഷയം അഭിമുഖത്തിന്റെ ഒടുവിൽ ചോദിക്കാമെന്നും ഞാൻ ആവർത്തിച്ചെങ്കിലും സമ്മതിച്ചില്ല.
 സംസാരത്തിലുടനീളം   രണ്ട് കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കാൻ ശ്രമിച്ചത്. ഈ അഭിമുഖം ഇങ്ങനെ അവസാനിപ്പിച്ചാൽ ഇതൊരു ന്യൂസ് സ്റ്റോറിയായി സി.എൻ.എൻ.-ഐ.ബി.എൻ. എല്ലാ വാർത്താ ബുള്ളറ്റിനിലും ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യും. ഒരു ദിവസം 30 ബുള്ളറ്റിൻ ഉണ്ട്. അതിലെല്ലാം ഈ ന്യൂസ് സ്റ്റോറി ഉൾപ്പെടുത്തും. എന്നാൽ, അഭിമുഖമാണ് എങ്കിൽ ഒരു പ്രാവശ്യം സംപ്രേഷണം ചെയ്യും. മറ്റൊരു പ്രാവശ്യം പുനഃസംപ്രേഷണം ഉണ്ടാകും. അതോടെ തീരും. അതിനാൽ അഭിമുഖമാണ് നല്ലതെന്ന് ഞാൻ വ്യക്തമാക്കി. എന്നിട്ടും അദ്ദേഹം തയ്യാറായില്ല. പിന്നെ എപ്പോഴെങ്കിലും ആകാമെന്നു പറഞ്ഞ് ഒഴിഞ്ഞു. ഒടുവിൽ ഞാൻ ഡൽഹിയിലേക്ക് മടങ്ങി. അടുത്തദിവസം ഞായറാഴ്ചയായിരുന്നു. ഈ അഭിമുഖ ശകലത്തിന്റെ വീഡിയോ സി.എൻ.എൻ.-ഐ.ബി.എൻ. വാർത്താ ഐറ്റമാക്കി എല്ലാ ബുള്ളറ്റിനിലും ഉപയോഗിച്ചു. അതോടെ അഭിമുഖം വലിയ വാർത്തയായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മോദി എന്നെ ഫോണിൽ വിളിച്ചു. ‘‘മേരേ കന്ധേ പേ ബന്ധൂക് രഖ് കേ ആപ് ഗോലി മാർ രഹേ ഹോ’’(എന്റെ തോളിൽ തോക്കുെവച്ചാണ് താങ്കൾ വെടി പൊട്ടിക്കുന്നത് !)എന്ന് എന്നോടുപറഞ്ഞു. ‘‘മോദി സാബ് ഞാൻ അങ്ങയോട് ഇക്കാര്യം പറഞ്ഞിരുന്നതല്ലേ. മുഴുവൻ അഭിമുഖം തന്നിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല.’’ അപ്പോൾ അദ്ദേഹം ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. ‘‘കരൺബ്രദർ ഐ ലവ് യു... ജബ് മേ ദില്ലി ആവൂംഗാ തോ ഭോജൻ കരേംഗേ!’’ ‘‘(കരൺ സഹോദരാ, ഞാൻ താങ്കളെ സ്നേഹിക്കുന്നു. ഞാൻ ഡൽഹിയിൽ വരുമ്പോൾ നമ്മൾ ഒരുമിച്ച് ഭക്ഷണം കഴിക്കും).’’ അദ്ദേഹം തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ച സ്നേഹത്തെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ, കഴിഞ്ഞ ഒമ്പതു വർഷമായി അദ്ദേഹം ഡൽഹിയിലുണ്ട്. ഇതുവരെ ഞങ്ങൾ ഒരുമിച്ച് ആഹാരം കഴിച്ചിട്ടില്ല. അഭിമുഖവും തന്നിട്ടില്ല !
   മാത്രമല്ല, 2016-നുശേഷം ബി.ജെ.പി. എന്നെ നിരന്തരം ബഹിഷ്കരിച്ചിരിക്കുകയാണ്. മോദിസർക്കാർ അധികാരമേറ്റ് ആദ്യത്തെ രണ്ടു വർഷത്തോളം കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. നേതാക്കളും മന്ത്രിമാരുമൊക്കെ എന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി ബി.ജെ.പി. നേതാക്കളോ മന്ത്രിമാരോ പാർട്ടി വക്താക്കളോ എന്റെ ഷോകളിൽ പങ്കെടുക്കുന്നില്ല. ഒരു അപ്രഖ്യാപിത വിലക്ക്. പരിപാടികൾ ബഹിഷ്കരിക്കുകയാണെന്ന് അവർതന്നെ സമ്മതിച്ചിട്ടുണ്ട്. അരുൺ ജെയ്റ്റ്‌ലി സമ്മതിച്ചിട്ടുണ്ട്, രാം മാധവ് സമ്മതിച്ചിട്ടുണ്ട്. ഞങ്ങളുടെ പാർട്ടിക്ക് താങ്കളോട് ദേഷ്യമെന്താണെന്ന് പ്രകാശ് ജാവഡേക്കർ എന്നോടു ഫോണിൽ ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു. പാർട്ടി അധ്യക്ഷനെക്കണ്ട് പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നിർദേശിച്ചു. അമിത് ഷായുമായി ഞാൻ ഇതേക്കുറിച്ച് നേരിൽ സംസാരിച്ചു. 24 മണിക്കൂറിനുള്ളിൽ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിട്ട് അദ്ദേഹം വിളിച്ചില്ല. പ്രധാനമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംസാരിച്ചു. പരിഹരിക്കാൻ കഴിഞ്ഞില്ല. കാര്യങ്ങൾക്ക് ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

 2007-ലെ ഈ അഭിമുഖത്തിനുശേഷം താങ്കൾ എപ്പോഴെങ്കിലും നരേന്ദ്രമോദിയുടെ അഭിമുഖത്തിനായി ശ്രമിച്ചിട്ടുണ്ടോ? ഇപ്പോഴും അദ്ദേഹത്തിന്റെ അഭിമുഖത്തിനായി ശ്രമം തുടരുകയാണോ 

2007-ലെ അഭിമുഖത്തിനുശേഷം  വർഷങ്ങളായി ഞാൻ മോദിയുടെ അഭിമുഖത്തിനായി ശ്രമിക്കുകയാണ്. 2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ ഞാൻ അഭിമുഖം ചോദിച്ച് അദ്ദേഹത്തിന് കത്തെഴുതി. മൂന്നുനാല് കത്തുകളെഴുതി. ഇ-മെയിലിൽ നൽകി. പ്രധാനമന്ത്രിയുടെ വീട്ടിൽ എന്റെ സഹപ്രവർത്തകർ കത്തുകളെത്തിച്ചു. പണ്ടൊരിക്കൽ നമ്മൾ അഭിമുഖത്തിനായി ഇരുന്നപ്പോൾ മോശം അനുഭവത്തിലാണ് അത് പര്യവസാനിച്ചതെന്നും അതിനാൽ പുതിയ ഒരു അഭിമുഖംചെയ്യാൻ അവസരം തരണമെന്നും കത്തിൽ അഭ്യർഥിച്ചു. രണ്ടുപേർക്കും അത് താത്‌പര്യമുള്ള കാര്യമാകും. മാത്രമല്ല, താങ്കൾക്ക് ഇന്ത്യൻ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ലഭിക്കും. സർക്കാർ ചെയ്ത പല കാര്യങ്ങളും ജനങ്ങളോട് അഭിമുഖത്തിലൂടെ വിശദീകരിക്കാൻ കഴിയും. താങ്കളോട് സംസാരിക്കാൻ എനിക്ക് അതിയായ താത്‌പര്യമുണ്ട് എന്നൊക്കെ ഞാൻ കത്തിൽ എഴുതിയിരുന്നു. എന്നാൽ, അദ്ദേഹം ഒരിക്കൽപ്പോലും മറുപടി എഴുതാൻ തയ്യാറായില്ല.

തുടരും

(25/6/23 ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Karan Thapar interview, Mathrubhumi weekend, manoj menon