കുട്ടി കൈ ഛേദിക്കപ്പെട്ട് കിടക്കുന്നു; ബലവേന്ദ്രന്‍ തലയില്‍ കൈവെച്ച് പറഞ്ഞു-നരബലി| ഗുജ്‌റാൾ അഭിമുഖം

കഴിഞ്ഞ മുപ്പതുവര്‍ഷത്തിലേറെയായി മരണത്തിന്റെ നേര് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍. ആമയൂര്‍ കൂട്ടക്കൊല, പാലക്കാട് പുത്തൂര്‍ ഷീല വധം, വടക്കാഞ്ചേരി മിനി കൊലക്കേസ് തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പോസ്റ്റ്മോര്‍ട്ടവും ഫൊറന്‍സിക് പരിശോധനയും നടത്തിയത് ഗുജ്റാളാണ്. പതിനാറായിരത്തിലധികം മൃതദേഹങ്ങള്‍ ഗുജ്‌റാളിന്റെ പോസ്റ്റുമോര്‍ട്ടം ടേബിളിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മെഡിക്കോ ലീഗല്‍ കോഡ് (ആരോഗ്യ നിയമസംഹിത) തയ്യാറാക്കിയതും നടപ്പിലാക്കിയതും ഗുജ്റാള്‍ തന്നെ. അദ്ദേഹവുമായി പി.വി. ഷാജികുമാർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
മെഡിക്കോ ലീഗല്‍ കേസുകളില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടികള്‍ എന്തൊക്കെയാണ്? അതിന് എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ?
മുമ്പൊക്കെ മിക്കവാറും മെഡിക്കോ ലീഗല്‍ കേസുകളിലും പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്ത ഡോക്ടര്‍ കോടതിയില്‍ പോകേണ്ടിവരുമായിരുന്നു. പ്രതിയുടെ സാന്നിദ്ധ്യത്തില്‍ ഡോക്ടര്‍ മൊഴി രേഖപ്പെടുത്തണം. ഫോറന്‍സിക് സര്‍ജനെന്ന നിലയില്‍ ഏറ്റവും സംതൃപ്തി കിട്ടുന്നത് പോസ്റ്റുമാര്‍ട്ടത്തിലെ കണ്ടെത്തലും നിഗമനങ്ങളും കോടതിയില്‍ വിജയകരമായി അവതരിപ്പിക്കുമ്പോഴാണ്. മരിച്ച മനുഷ്യന്റെ നാവാകേണ്ടത് യഥാര്‍ത്ഥത്തില്‍ കോടതിയിലാണ്. ഡോക്ടര്‍മാരെ എല്ലാ കേസിലും വിളിക്കാന്‍ പാടില്ലെന്ന് 1989-ല്‍ പരമാനന്ദ് കട്ടാരകേസില്‍ സുപ്രീം കോടതിയില്‍ നിന്ന് നിര്‍ദ്ദേശമുണ്ട്.
പലപ്പോഴും സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ ഇടയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് കോടതിയില്‍ പോകേണ്ടി വരും. പരിശോധിച്ചതും പോസ്റ്റുമാര്‍ട്ടം ചെയ്തതും കാസര്‍ഗോഡും ഡോക്ടര്‍ തിരുവനന്തപുരത്തുമാണെങ്കില്‍ മൊഴി നല്‍കാന്‍ കാസര്‍ഗോഡ് വരെ പോകേണ്ടിവരും. ഡോക്ടര്‍ ആശുപത്രിയിലെ ഏക സെപ്ഷലിസ്റ്റോ ഹെല്‍ത്ത് സെന്ററിലെ ഏകഡോക്ടറോ ആണെങ്കില്‍ ആ ദിവസങ്ങളിലെ ചികിത്സ മുടങ്ങും. ചിലപ്പോള്‍ തലേദിവസമാകും പോലീസുദ്യോഗസ്ഥര്‍ വിളിച്ചുപറയുക. അതോടെ പിറ്റേദിവസം നടത്തേണ്ട ശസ്ത്രക്രിയകള്‍ വരെ മുടങ്ങിയതായി കേട്ടിട്ടുണ്ട്.
ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തര്‍ക്കമുണ്ടെങ്കിലേ ഡോക്ടറെ വിളിക്കാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് ഞാന്‍ നിരവധി അപേക്ഷകള്‍ നല്‍കി. ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള സമിതി സംഘടനകളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചപ്പോള്‍ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി പ്രസിഡണ്ടെന്ന നിലയില്‍ ഞാന്‍ നിവേദനം നല്‍കി. ആ സമയത്ത് രാജ്യസഭയില്‍ ശ്രേയാംസ്‌കുമാര്‍ എം.പി. ഒരു ചോദ്യം ചോദിച്ചു. 'ഡോക്ടര്‍മാരെ പലപ്പോഴും കോടതിയിലേക്ക് വിളിക്കപ്പെടുന്നത് കൊണ്ട് ആവശ്യത്തിന് രോഗികള്‍ക്ക് ചികില്‍സ നിഷേധിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരെ'യെന്ന്. കേന്ദ്ര ഗവണ്‍മെന്റ് ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്ന സമയമായത് കൊണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.ഡോക്ടര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാന്‍ കേരള ഹൈക്കോടതി അടുത്ത കാലത്ത് ഉത്തരവ് നല്‍കിയിട്ടുണ്ട്.
മെഡിക്കോ ലീഗല്‍ സിസ്റ്റം കൊണ്ടുവന്നതിന് പിറകില്‍ പ്രവര്‍ത്തിച്ചത് ഡോക്ടര്‍ ആയിരുന്നല്ലോ.. എന്തൊക്കെയായിരുന്നു അതിന് വേണ്ടി ചെയ്തത്..? എന്തൊക്കെയായിരുന്നു അത് വന്നത് വഴിയുണ്ടായ മാറ്റങ്ങള്‍.?
മെഡിക്കോ ലീഗല്‍ പരിശോധനകള്‍ പ്രധാനമായും രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്നവയാണ്. ഒരു വ്യക്തി ആക്രമണത്തിന് ഇരയായി പരിക്കുപറ്റി വന്നാല്‍ അയാളുടെ മുറിവ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് എഴുതുകയെന്നതും വിവരം പോലീസിനെ അറിയിക്കുകയെന്നതും ഡോക്ടറുടെ നിയമപരമായ ബാധ്യതയാണ്. പരിക്കുകള്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ വിചാരണസമയത്താണ് പ്രധാന്യത്തോടെ പരിഗണിക്കപ്പെടുന്നത്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം തടയാനും അതുവഴി രാജ്യത്തെ ക്രമസമാധാനപാലനം ഭദ്രമാക്കാനും കഴിയും. ഇത് ഏകദേശം എല്ലാ മെഡിക്കോ ലീഗല്‍ പരിശോധനകളുടെയും കാര്യത്തില്‍ ബാധകമാണ്.പരിശോധനകള്‍ എങ്ങനെ നടത്തണമെന്നും കണ്ടെത്തലുകള്‍ ഏതെല്ലാം വിധത്തില്‍ രേഖപ്പെടുത്തണമെന്നും അവയെപ്പറ്റിയുള്ള അഭിപ്രായം എങ്ങനെയെല്ലാം രൂപീകരിക്കണമെന്നുമുള്ള കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ വേണ്ടത്ര അവബോധമില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ ഇവയെല്ലാം പരമപ്രധാനമാണ് താനും. പല പരിശോധനകളും ശരിയായി നടത്താനുതകുന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് മാതൃകകള്‍ ലഭ്യമല്ലാതിരുന്നതും ഒരു പ്രശ്നമായിരുന്നു. റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാനമൊട്ടാകെ ഒരു ഏകരൂപമില്ലാതിരുന്നതാണ് മറ്റൊരു പ്രശ്നം. ഫോറന്‍സിക് മെഡിസിനില്‍ പി.ജി പഠനത്തിന് ശേഷം ജില്ലാ പോലീസ് സര്‍ജനായി ജോലി ചെയ്യുമ്പോള്‍ തന്നെ നാല് വര്‍ഷത്തോളം അത്യാഹിത വിഭാഗത്തിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ പരിചയമാണ് ഇത്തരം കുറവുകള്‍ ശ്രദ്ധിക്കാനും അവയ്ക്ക പരിഹാരമായി സമഗ്രമായ ഒരു മെഡിക്കോ ലീഗല്‍ കോഡ് ആവശ്യമാണെന്ന് ചിന്തിക്കാനും എനിക്ക് പ്രേരകമായത്. എന്റെ ഗുരുനാഥന്‍ പ്രൊഫ.എം.ആര്‍. ചന്ദ്രന്‍ സാറാണ് ഈ ആശയം പകര്‍ന്നുനല്‍കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെയാണ് അത് പൂര്‍ത്തീകരിച്ചതും.
2005ല്‍ മെഡിക്കോ ലീഗല്‍ അപ്ഡേറ്റ് എന്ന പേരില്‍ കെ.ജി.എം.ഒ.എ വഴിയാണ് ആദ്യമായി ഒരു കരട് രൂപം ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കപ്പുറം അത് മുന്നോട്ട് പോയില്ല. പിന്നീട് ഫോറന്‍സിക് സര്‍ജന്മാരുടെ സംഘടനയായ കേരളാ മെഡിക്കോ ലീഗല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായപ്പോഴാണ് വിശദമായ ഒരു മെഡിക്കോ ലീഗല്‍ കോഡിന്റെ രചന ആരംഭിച്ചത്. 2008-ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറെ നേരില്‍ കണ്ട് കോഡിന്റെ ഒരു കോപ്പി നല്‍കുകയും അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്തു. ടീച്ചര്‍ അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായ ഉഷാ ടൈറ്റസിനെ അതിന്റെ ചുമതല ഏല്‍പ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തി ഞാന്‍ തന്നെ തയ്യാറാക്കിയ അന്തിമകരട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. അപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിനെയും ആഭ്യന്തരസെക്രട്ടറി ജയകുമാര്‍ സാറിനെയും നേരില്‍കണ്ട് കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
അതിന്റെ ഫലമായി 2011 ഓക്ടോബറില്‍ കേരള മെഡിക്കല്‍ ലീഗല്‍ കോഡ് നിലവില്‍ വന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലും 2013-ല്‍വന്ന മാറ്റങ്ങളും പോക്സോ നിയമവും മെഡിക്കോ ലീഗല്‍ കോഡില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാക്കിതീര്‍ത്തു. ബലാല്‍സംഗത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റിയതും കുട്ടികള്‍ക്കെതിരായുള്ള ലൈഗികാതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതും അതിജീവിതരുടെയും കുറ്റാരോപിതരുടെയും വൈദ്യപരിശോധനാരീതികള്‍ പുനര്‍നിര്‍വചിക്കേണ്ടത് ആവശ്യമാക്കി.
അതിജീവിതരുടെ അന്തസ്സ് ഹനിക്കാത്തവിധം പരിശോധനയിലും തെളിവുശേഖരണത്തിലും പാളിച്ചകള്‍ വരാതെയും സമഗ്രമായ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കേണ്ടതായി വന്നു. അതിന്റെ ഭാഗമായി 2015-ല്‍ കേരള മെഡിക്കോലീഗല്‍ പ്രൊട്ടോക്കോള്‍ ഫോര്‍ എക്സാമിനേഷന്‍ ഓഫ് സര്‍വ്വൈവല്‍ ഓഫ് സെക്ഷ്വല്‍ ഒഫന്‍സസ് തയ്യാറാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തിലധികം ഈ മാര്‍ഗരേഖപ്രകാരം നടത്തപ്പെട്ട പരിശോധകളില്‍ നിന്നും നടത്തിയ വിവരശേഖരണത്തിന്റെയും ബന്ധപ്പെട്ട എല്ലാവരുമായും നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രമാര്‍ഗ്ഗരേഖയുടെ പരിഷ്‌കരണമായി കുറ്റമറ്റ ഒരു മാര്‍ഗ്ഗരേഖ Kerala Medico Legal Protocol for Examination of Survival of Sexual Offences-2019 തയ്യാറാക്കി. അറസ്റ്റിലാകുന്ന വ്യക്തികളുടെ വൈദ്യപരിശോധനയ്ക്കും അവരുടെയും റിമാന്റ് തടവുകാരുടെയും ചികില്‍സയ്ക്കായുള്ള 2022-ല്‍ നടപ്പിലാക്കിയ മാര്‍ഗ്ഗരേഖയും തയ്യാറാക്കി.
കേരളത്തിലെ മെഡിക്കോ ലീഗല്‍ രംഗം പ്രവര്‍ത്തിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂടുണ്ടാക്കാന്‍ സര്‍വ്വീസ് കാലഘട്ടത്തില്‍ എനിക്ക് കഴിഞ്ഞു.
ഫോറന്‍സിക് പരിശോധനയില്‍ മരണത്തിന്റെ കാണത്തിലേക്ക് എത്തിചേരുന്നതില്‍ എന്തൊക്കെയാവും പരിഗണനയില്‍ വരിക ?
തെളിവുകള്‍ പല രീതിയിലും പല വഴികളിലും നമ്മിലേക്ക് എത്തിച്ചേരും. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയപ്പോള്‍ ഒരു കോള്‍ വന്നു. കുറുക്കന്‍ കടിച്ച് മരിച്ചതാണെന്ന് അപ്പുറത്ത് നിന്ന് പോലീസുകാരന്‍ പറഞ്ഞു.
'ശരീരത്തില്‍ എല്ലായിടത്തും കടിച്ചിട്ടുണ്ടോ..'
ഞാന്‍ ചോദിച്ചു.
'ഇല്ല..കഴുത്തില് മാത്രമേ കടിച്ചിട്ടുള്ളൂ..'
കുറുക്കന്‍ കഴുത്തില്‍ കടിക്കുകയോ..!
എനിക്കെന്തോ അസ്വഭാവികത തോന്നി.
ഞാന്‍ ചെന്നെത്തി നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് കയ്യിലെ മുറിവുകളാണ്. പ്രതിരോധിക്കുന്നതിനിടയില്‍ കൈപ്പത്തിയില്‍ വെട്ടേറ്റത്.
'നിങ്ങളെ നാട്ടിലൊക്കെ കുറുക്കന്‍ കൊടുവാളും കൊണ്ടാണോ നടക്കുന്നത്..'
ഞാന്‍ പോലീസ് ഉദ്യോഗസ്ഥനോട് ചെറുചിരിയോടെ ചോദിച്ചു. കുറുക്കനൊന്നുമല്ല കടിച്ചത്, അതൊരു കൊലപാതകമായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള വെട്ട് കൊണ്ട് ശ്വാസനാളിയും മറ്റും രണ്ടായി മുറിഞ്ഞാല്‍ അത് രണ്ട് ഭാഗത്തേക്കും വലിഞ്ഞുമാറി മാംസം തുരന്നെടുത്തത് പോലെ തോന്നും. അതാണ് സംഭവിച്ചത്. ഗൂര്‍ഖയാണ് കൊന്നത്. അയാളുപയോഗിക്കുന്ന വളഞ്ഞ കത്തി വെട്ടിയപ്പോള്‍ മുറിവിന്റെ ആഴം കൂടിയതാണ്.
2004-ല്‍ വേള്‍ഡ് കപ്പ് ക്രിക്കറ്റ് ഫൈനല്‍നടന്നതിന്റെ പിറ്റേദിവസം ഒരു ഡെഡ്ബോഡിയെത്തി. അയല്‍വീട്ടിലെ മതിലില്‍നിന്ന് വീണുമരിച്ചതാണെന്നാണ് കൊണ്ടുവന്നവര്‍ പറഞ്ഞത്. ആ സ്ഥലത്ത് ആ വീട്ടില്‍ മാത്രമായിരുന്നു ടിവിയുള്ളത്. ഫൈനല്‍ കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ വീട്ടുകാര്‍ കിടന്നു. പന്ത്രണ്ട് മണിയാവുമ്പോള്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. വീട്ടുകാരി ഓടിവന്ന് നോക്കുമ്പോള്‍ ഒരാള്‍ വീണുകിടക്കുന്നു. ആള്‍ക്കാരെല്ലാം ഓടിക്കൂടി. തലകുത്തി വീണ് മരിച്ചതാണെന്ന് വിചാരിച്ച് പോസ്റ്റ്മാര്‍ട്ടത്തിന് വന്നതാണ്.
ഞാന്‍ നോക്കുമ്പോള്‍ മരിച്ചവന്റെ കൈയ്യില്‍ ജൂള്‍ ബേണ്‍ കണ്ടു. ഇലക്ട്രിക്ക് ഷോക്കിന്റെ പാട്.
ഞാനും എസ്.ഐയും കൂടി നേരെ വീട്ടില്‍ ചെന്നു. ഷോക്കേറ്റ് മരിച്ചതാണെന്ന് ഉറപ്പായി. സ്റ്റെപ്പപ്പില്‍ നിന്ന് ജനലിലേക്ക് കറന്റ് കേബിള്‍ വഴി കണക്ഷന്‍ കൊടുത്തിരിക്കുന്നത് എസ്.ഐ കണ്ടു. അയാള്‍ മരിച്ചതിന്റെ പരിഭ്രമത്തിലും വെപ്രാളത്തിലും ഊരിവെയ്ക്കാന്‍ മറന്നതാണെന്ന് ഒറ്റനോട്ടത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
അതുകണ്ടെത്തിയപ്പോള്‍ പേടിയോടെ വീട്ടിലെ സ്ത്രീ എല്ലാം തുറന്നുപറഞ്ഞു. മരണപ്പെട്ടവനെ കൊണ്ട് ശല്യം സഹിക്കാന്‍ വയ്യാതെ ചെയ്തതാണ്. എപ്പോഴും അയാള്‍ ഒളിഞ്ഞുനോക്കും. വൃത്തികേടുകള്‍ പറയും. കുട്ടിയെയും കൊണ്ട് ഫീഡ് ചെയ്യുമ്പോഴൊക്കെ ഇവന്‍ ഒളിഞ്ഞുനോക്കും. സ്ത്രീയുടെ ഭര്‍ത്താവ് സെക്യൂരിറ്റി ജോലിയായിരുന്നു. ഭര്‍ത്താവിനോട് എങ്ങനെ പറയുമെന്ന് വിചാരിച്ച് അവള്‍ ആങ്ങളയോട് കാര്യം അവതരിപ്പിച്ചു. സഹോദരനാണ് സ്റ്റെപ്പപ്പില്‍ നിന്ന് ജനലിലേക്ക് കണക്ഷന്‍ കൊടുത്തത്.
'സാറേ.. അബദ്ധം പറ്റിയതാണ്. മരിക്കുമെന്ന് വിചാരിച്ച് ചെയ്തതല്ല. പേടിപ്പിക്കാന്‍ നോക്കിയതാണ്'
സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ കേസ് തള്ളിപ്പോയി.
വീണുമരിച്ചു എന്ന് പറഞ്ഞ് അഗളിയില്‍ നിന്നൊരുത്തനെ കൊണ്ടുവന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോള്‍ ആള്‍ക്ക് നല്ല പരിക്കുണ്ട്. അടിച്ചുതല്ലിക്കൊന്നതാണെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് മനസ്സിലായി. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരനോട് ആള്‍ക്കാരുടെ ഇടയില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. സംശയാസ്പദമായ ഡെഡ്ബോഡികള്‍ മുന്നിലെത്തുമ്പോള്‍ ഞാനങ്ങനെ ചെയ്യാറുണ്ട്. ആശുപത്രിയിലെ ആരെയെങ്കിലും ഡെഡ് ബോഡി കാണാന്‍ വരുന്നവര്‍ക്ക് അടുത്തേക്ക് തന്ത്രപരമായി കാര്യങ്ങള്‍ അന്വേഷിക്കാന്‍ അയക്കും. അപ്പോള്‍ നമുക്കൊരു സൂചന കിട്ടും. അങ്ങനെ കുറേ കേസുകള്‍ കിട്ടിയിട്ടുണ്ട്.
ഇവിടെയും അതുതന്നെ സംഭവിച്ചു. അന്ന് പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ കുറച്ച് സമയമെടുത്തു. ഒരു മണിക്കൂറില്‍ തീരേണ്ടതാണ്. മൂന്ന് മണിക്കൂറായി. ഒരുത്തന്‍ വന്ന് കലഹിക്കാന്‍ തുടങ്ങി. വേറൊരു പോസ്റ്റുമാര്‍ട്ടം ഉണ്ടായിരുന്നു, അതാണ് വൈകിയതെന്ന് എന്റെ കൂടെയുള്ളവര്‍ അവനോട് പറഞ്ഞു. എന്നിട്ടും അവന്‍ ചീത്ത പറയുന്നത് നിര്‍ത്തുന്നില്ല. അവന്റെ ദേഷ്യവും വെപ്രാളവും കണ്ടപ്പോള്‍ അവന്‍ തന്നെയാകും പ്രതിയെന്ന് എനിക്ക് സംശയം തോന്നി.
ഡെഡ്ബോഡി നാട്ടിലെത്തിയതും അവനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ എന്റെ ഊഹം ശരിയാണെന്ന് തെളിഞ്ഞു.
മരിച്ചവര്‍ക്കൊപ്പമായിരിക്കും ജീവിതത്തിന്റെ സിംഹഭാഗവും ഡോക്ടര്‍ ചെലവഴിച്ചിട്ടുണ്ടാവുക. ജീവിക്കുന്നവര്‍ക്കിടയിലേക്ക് വരുമ്പോള്‍ അത് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ടോ?
എല്ലാ ദിവസവും മരിച്ചവരുമായിട്ടാണ് ഇടപെടുന്നത്. പലപ്പോഴും മൃതദേഹത്തില്‍ നിന്ന് അസുഖങ്ങളൊക്കെ പകരാം. അതുകൊണ്ട് ഏറെ സൂക്ഷ്മതയോടെയാണ് എല്ലാം ചെയ്യുന്നത്. ഭാര്യ(സന്ധ്യ)യാണ് എന്നേക്കാള്‍ സംഘര്‍ഷത്തിലാവേണ്ടിയിരുന്നത്. എന്നും മരിച്ചവരുടെ മണവും കൊണ്ടാണല്ലോ ഞാന്‍ വീട്ടില്‍ കയറുന്നത്..! പക്ഷേ അവളോ മക്കളോ പരാതിയോ പരിഭവമോ ഒന്നും പറയാറില്ല. പകലുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കൊന്നും പോവാന്‍ മിക്കപ്പോഴും കഴിയാറില്ല. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് കുളിക്കാതെയൊന്നും അങ്ങോട്ട് പോവാനൊക്കില്ലല്ലോ. വീട്ടില്‍ പോയി കുളിച്ച് ചടങ്ങിന് പോയാല്‍ മോര്‍ച്ചറിയില്‍ തിരിച്ചുപോവാനും മനസ്സ് അനുവദിക്കില്ല. അതുകൊണ്ട് ചടങ്ങുകള്‍ക്കൊന്നും അങ്ങനെ പോവാറില്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ പോസ്റ്റുമാര്‍ട്ടവും ഒരു വലിയ ചടങ്ങാണല്ലോ..
മരണത്തിന്റെ കാരണം അറിയാനും മരണദേഹത്തിന് വേണ്ടി കാത്തിരിക്കുന്നവരെ കാണുമ്പോള്‍ വേറൊന്നിനും തോന്നാറില്ല. വേഷവുമെടുത്തിട്ട് പോസ്റ്റുമാര്‍ട്ടം ടേബിളിന് മുന്നില്‍ വന്നുനില്‍ക്കും. സന്ധ്യയും ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ്. ജോലി കഴിഞ്ഞ് ഒന്നിച്ചുതിരിച്ചുപോകുമ്പോള്‍ അവള്‍ അറിയാതെ പറയും: 'ഒന്ന് ഗ്ലാസ് താഴ്ത്തിയിടാമോ...' ഞാനത് കേട്ട് ചിരിക്കും. കാറില്‍ മോര്‍ച്ചറിയുടെ മണം പടര്‍ന്നിട്ടുണ്ടാവും. മരണത്തിന്റെ മണം ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക..!
പല സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കേസ് തെളിയിച്ച വാര്‍ത്ത മുമ്പെപ്പോഴോ വായിച്ചതോര്‍ക്കുന്നു. ഡോക്ടറാണല്ലോ അത് പോസ്റ്റുമാര്‍ട്ടം ചെയ്തത്.. ആരാണ് മരിച്ചത്? ആരാണ് കൊന്നത്?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് കുറച്ചപ്പുറത്തായി കൈയ്യുടെ ഒരു ഭാഗം വഴിയില്‍ കിടക്കുന്നത് ഒരാള്‍ കണ്ടു. മുട്ടിനും തോളിനും ഇടയ്ക്ക് മുറിച്ചത്. അത് തുടക്കമായിരുന്നു. അത് പോസ്റ്റുമാര്‍ട്ടം ചെയ്തതിന്റെ പിറ്റേ ദിവസം വേറൊരിടത്ത് നിന്ന് വേറൊരു ഭാഗം കിട്ടി. മൂന്നാം ദിവസം ശരീരം കിട്ടി. നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് ഭാഗങ്ങള്‍ കിട്ടി. അതോടെ തലയൊഴിച്ച് എല്ലാം കിട്ടി. തല മാത്രം കിട്ടിയില്ല. കഴുത്തില്‍ മുറുക്കിയതിന്റെ പാടുണ്ട്. കൊലപാതകമാണ്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. വേറൊരുജില്ലയിലെ ഒരു സ്ത്രീയാണ്. പാലക്കാടുകാരന്റെ കൂടെ ഒളിച്ചോടിപ്പോന്നത്. വിവാഹപ്രായമെത്തിയ മക്കള്‍ ഒക്കെയുള്ള സ്ത്രീയാണ്. എല്ലാവരും ഉപേക്ഷിച്ചു.
തല ഒരിക്കലും കിട്ടാത്ത രീതിയില്‍ കൊണ്ടുപോയി കളഞ്ഞു. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സമരം നടന്നപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എത്രയോ ലോഡ് മാലിന്യങ്ങള്‍ കുഴി കുത്തി മൂടണമെന്ന് കോടതിവിധിയുണ്ടായി. ആ കുഴിയിലേക്ക് ബോക്സിലാക്കിയിട്ട് അയാള്‍ തല വലിച്ചെറിഞ്ഞു.
അതിനിടയില്‍ ഒരു സംഭവമുണ്ടായി. ആ സ്ത്രീയുടെ എല്ലാ ഭാഗങ്ങളും ഇവിടെ അടുക്കിവെച്ചിരിക്കുകയാണ്. സ്ത്രീയുമായിട്ട് അടുപ്പമുള്ള ഒരാള്‍ മാത്രം അവരെ കാണാന്‍ വന്നു. ഒരു കുടുംബക്കാരും കാണാന്‍ വന്നില്ല. ബന്ധുക്കളും നാട്ടുകാരും അറിയാതെ ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ സ്ത്രീയെ കാണാന്‍ വന്നതാണ്. മുട്ടിന് താഴെയുള്ള മുറിപ്പാട് കണ്ട് കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: ''ഇതവള്‍ തന്നെ..! ചെറുപ്പത്തില്‍ ഞങ്ങള്‍ ഓടിക്കളിച്ചപ്പോള്‍ വീണുണ്ടായ വലിയ മുറിവായിരുന്നു..'' ആ സ്ത്രീയുടെ തലയില്ലാത്ത ശരീരത്തിന് മുന്നില്‍ അയാള്‍ സങ്കടത്തോടെ നിന്ന ഒരു നില്‍പ്പുണ്ട്. അതിപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല.
നരബലിയുമായി ബന്ധപ്പെട്ട ഒരു മരണാനുഭവത്തിലൂടെ ഡോക്ടര്‍ കടന്നുപോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തായിരുന്നു ആ സംഭവം?
അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ഒരു കുട്ടി പുഴയുടെ തീരത്ത് മരിച്ചുകിടക്കുന്നതറിഞ്ഞ് ബലവേന്ദ്രന്‍ എന്ന ആശുപത്രിയിലെ ജീവനക്കാരനെയും കൂട്ടി ഞാന്‍ പോയി. പുഴയിലെ കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ അഞ്ച് വയസ്സുകാരന്‍ മരിച്ചുകിടക്കുകയാണ്. തലയും ഇടതുംകൈയ്യും വലതുകാലും ഉടലില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്. കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് കരയിലേക്ക് മലര്‍ത്തിക്കിടത്തിയപ്പോള്‍ ബലവേന്ദ്രന്‍ തലയില്‍ കൈവെച്ച് അറിയാതെ പറഞ്ഞു: 'നരബലി സാര്‍..'
കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് നരബലിയുടെ നടുക്കുന്ന യാഥാര്‍ത്ഥ്യം അറിഞ്ഞത്. മധുരൈവീരന്‍ എന്ന ദൈവത്തിനാണ് കുട്ടികളെ ബലിയര്‍പ്പിക്കുന്നത്. വലതുകാലും വിപരീദത്തിലുള്ള ഇടതുകൈയ്യും വെട്ടും. മറുകാല്‍ മറുകൈ എന്നാണ് വിളിക്കപ്പെടുന്നത്.
നാടോടികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. പോലീസ് കേസിന് പിറകെ ഏറെ നാള്‍ പോയെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തമിഴ് നാട് സ്വദേശിയായൊരു വ്യാപാരി ചെയ്തതാണെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. കച്ചവടം തകര്‍ന്നപ്പോള്‍ മധുരൈവീരന് കുട്ടിയെ ബലി നല്‍കിയാല്‍ പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെടുമെന്ന് ജോല്‍സ്യന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നാടോടികളില്‍ നിന്ന് അയാള്‍ കുട്ടിയെ വാങ്ങിയതെന്നും കഥയുണ്ട്. ബലിയുടെ ദിവസം വരെ കുട്ടിക്ക് ഇഷ്ടമുള്ളതെല്ലാം ബലി നല്‍കുന്നവര്‍ നല്‍കും. മുടി മുറിക്കില്ല. ആ കുട്ടിയുടെ പേര് പ്രഭു എന്നായിരുന്നു. മധുരൈവീരന് ബലി കൊടുക്കുന്ന കുട്ടി മധുരൈവീരന്റെ അടുത്തേക്ക് വേഗത്തിലെത്തുമെന്ന് നാടോടികള്‍ വിശ്വസിക്കും. അവരും സന്തോഷത്തോടെ ബലിയില്‍ സാക്ഷികളാവുമെന്ന് ബലവേന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി..!
(ജൂണ്‍ 30 ലക്കം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
(തുടരും)
Content Highlights: Dr PB Gujral murders human sacrifice medico legal system postmortem experience