എന്നെ ഒരുപാടുനാൾ ഓർക്കണമെന്നില്ല, അതിനു സാധ്യതയുമില്ല- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

#കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി/ എം.കെ. കൃഷ്ണകുമാർ
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി| ഫോട്ടോ: റിദിൻ ദാമു
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി| ഫോട്ടോ: റിദിൻ ദാമു

കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്നത് വിജയിച്ച ഒരു സംരംഭകന്റെ പേര് മാത്രമല്ല. താൻ നേടിയതിന്റെ ഒരു ഭാഗം ഈ സമൂഹത്തിന് തിരിച്ചുനൽകണം എന്ന മനോഭാവം കൂടിയാണ്; തന്റെ അവയവം മറ്റൊരാൾക്ക് പകുത്തുനൽകിയ സ്നേഹത്തിെന്റയും കാരുണ്യത്തിെന്റയും മറുപേരാണ്. ചിറ്റിലപ്പിള്ളി 75 വയസ്സിലേക്കെത്തുമ്പോൾ അദ്ദേഹം വൃക്ക പകുത്ത് നൽകിയതിന്റെ പതിനഞ്ചാം വർഷം കൂടിയാവുന്നു. പുതിയ സംരംഭകർക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും ഇേദ്ദഹത്തിൽനിന്ന്‌ പലതും പഠിക്കാനുണ്ട്..

പറപ്പൂർ എന്ന ജന്മഗ്രാമം എങ്ങനെയാണ് സ്വാധീനിച്ചത്

= പത്തുവരെ പള്ളിസ്കൂളിലാണ് പഠിച്ചത്. മലയാളം മീഡിയം. ചെറിയൊരു പഠനപ്രശ്നം എനിക്കുണ്ടായിരുന്നു. അക്കങ്ങൾ പരസ്പരം മാറിപ്പോകുന്ന അവസ്ഥ. അന്നത്‌ എന്റെ അശ്രദ്ധയായാണ് അധ്യാപകരും വീട്ടുകാരുമെല്ലാം കരുതിയിരുന്നത്. അതിന് നല്ല അടിയും കിട്ടിയിരുന്നു. ഡിസ്‌ സ്‌ലെക്‌സിയ എന്ന വാക്കുപോലും അന്നുകേട്ടിട്ടില്ല. സൂക്ഷിച്ചാണ് ഞാൻ അക്കങ്ങൾ ഇപ്പോഴും കൈകാര്യംചെയ്യുന്നത്. എന്നെ മനക്കരുത്തുള്ള ആളാക്കാൻ ഗ്രാമജീവിതം സഹായിച്ചു. കോളേജിൽ ചെന്നപ്പോൾ ഗ്രാമത്തിൽനിന്ന് വന്നതിന്റെയും മലയാളം മീഡിയം പഠിച്ചതിന്റെയും അപകർഷതയെ പടിപടിയായി മറികടന്നു. ശരാശരിക്കുമുകളിലുള്ള വിദ്യാർഥിയായി. പിജി ജയിക്കാൻ കഴിഞ്ഞു. നേട്ടങ്ങൾ ആരും തളികയിൽ വെച്ചുതരുന്നതല്ല എന്നു വീണ്ടുംപറയാനാണ് ഇത് വിശദീകരിക്കുന്നത്.

ജീവിതത്തെ സ്വാധീനിച്ച അഞ്ചുകാര്യങ്ങൾ എഴുതേണ്ടിവന്നാൽ എവിടെനിന്നു തുടങ്ങും ? ഏതിലവസാനിക്കും...

= കോളേജിൽ പഠിക്കുമ്പോഴും പഠനംകഴിഞ്ഞിട്ടും ബിസിനസുകാരനാവാൻ ആഗ്രഹിച്ചയാളല്ല ഞാൻ. ഒരു ചെറിയ സ്ഥാപനത്തിൽ ജോലിതുടങ്ങി. പക്ഷേ, ആ സ്ഥാപനത്തിന് വലിയ വളർച്ചയുണ്ടായില്ല. എനിക്കാണെങ്കിൽ വേറേ ജോലി കിട്ടിയതുമില്ല. അങ്ങനെ സ്വന്തം വ്യവസായം തുടങ്ങി. അതാണ് പ്രധാന വഴിത്തിരിവ്, ഒന്നാമത്തെകാര്യം എന്നുപറയാം. രണ്ടും കല്പിച്ചാണ് ഇതിനിറങ്ങിയത്. ജോലിചെയ്ത കാലംകൊണ്ട് വ്യവസായത്തെക്കുറിച്ച് ചെറിയ പരിചയം കിട്ടിയിരുന്നു. ലോകപരിചയവും കിട്ടി. അങ്ങനെയാണ് വി-ഗാർഡ് സ്‌റ്റൈബിലൈസറിന്റെ ഉദ്ഭവം. എനിക്കുകിട്ടിയിരുന്ന ശമ്പളത്തെക്കാൾ അല്പംകൂടുതൽ ഇതിൽനിന്ന് കിട്ടിയാൽ സന്തോഷമായിരുന്നു. പക്ഷേ, ഞാൻ മാറിച്ചിന്തിക്കുന്നയാളാണ്. വ്യത്യസ്‌തമായി ചിന്തിച്ച് ഉത്‌പന്നമിറക്കി. വ്യത്യസ്തമായ രൂപംപോലും. അതൊരു വിജയമായിയെന്നത് രണ്ടാമത്തെകാര്യം. ഓരോ കൊല്ലവും വൈദ്യുതിമന്ത്രി പറയും, ഇനി വോൾട്ടേജ് പ്രശ്നമുണ്ടാകില്ലെന്ന്. നാട്ടുകാർക്ക് സന്തോഷമാവും. പക്ഷേ, നമ്മുടെ ചങ്കാണിടിക്കുന്നത്. നമ്മുടെ കഞ്ഞിയിലാണ് പാറ്റവീഴുന്നത്. വോൾട്ടേജ് വ്യതിയാനം ഉണ്ടായില്ലെങ്കിൽ സ്റ്റെബിലൈസറിന് പ്രസക്തിയില്ലല്ലോ. അതുകൊണ്ട് പമ്പ്, വാട്ടർഹീറ്റർ, കേബിൾ എന്നിവയൊക്കെ ഉണ്ടാക്കാൻതുടങ്ങി. ഒന്നിൽ തിരിച്ചടി ഉണ്ടായാലും മറ്റൊന്ന് നിലനിൽക്കുമെന്ന കണക്കുകൂട്ടലാണത്. നിർമാണത്തിൽ ഔട്ട്‌സോഴ്‌സിങ് തുടങ്ങിയതാണ് മൂന്നാമത്തെ പ്രധാനകാര്യം. അതിനൊരു കാരണമുണ്ടായി. കേരളത്തിൽ അന്ന് വ്യാപകമായിരുന്ന തൊഴിൽസമരങ്ങൾ ഞങ്ങളുടെ സ്ഥാപനത്തിലും തലപൊക്കി. 60 ജീവനക്കാരേ അന്നുണ്ടായിരുന്നുള്ളൂ. ഞാൻ സ്കൂട്ടറിലാണ് പോയിരുന്നത്. സമരം സ്ഥാപനത്തിന്‌ പ്രതിസന്ധിയാകുമെന്ന സന്ദർഭത്തിലാണ് ഔട്ട്സോഴ്‌സിങ് തുടങ്ങിയത്. മറ്റു സ്ഥാപനങ്ങളിൽ ജോലിയേൽപ്പിച്ച് അവിടെനിന്ന് ഉത്‌പന്നമെടുക്കാൻ തുടങ്ങി. അസംസ്കൃതസാധനങ്ങൾ നൽകും, സൂപ്പർവൈസർമാരെ അവിടേക്ക് അയക്കും. അങ്ങനെയാണ് ആ സമരത്തിന്റെ പ്രത്യാഘാതത്തെ മറികടന്നത്. ഇല്ലെങ്കിൽ ആ സമരത്തോടെ അന്ന് പല സ്ഥാപനങ്ങൾക്കും സംഭവിച്ചതുപോലെ വി-ഗാർഡും പൂട്ടിപ്പോകുമായിരുന്നു. അങ്ങനെ ഓരോ പരീക്ഷണങ്ങൾ നടത്തി വിജയിച്ചപ്പോൾ മുന്നോട്ടുപോകാൻ ധൈര്യം ലഭിച്ചെന്നത് പ്രധാനമാണ്. അപരിചിതനായ ഒരു ട്രക്ക് ഡ്രൈവർക്ക് സ്വന്തം വൃക്ക ദാനംചെയ്തുവെന്നതാണ് നാലാമത്തെ കാര്യം. അതൊരു മഹാകാര്യമാണെന്നൊന്നും ഞാൻ കരുതുന്നില്ല. ഫാ.ഡേവിസ് ചിറമ്മൽ വൃക്കദാനം ചെയ്തതാണ് എനിക്ക് പ്രചോദനമായത്. ആരോഗ്യമുള്ള ആർക്കും ചെയ്യാവുന്ന കാര്യമാണതെന്ന് എനിക്കു മനസ്സിലായി. അതെന്റെ അറുപതാംവയസ്സിലായിരുന്നു. ആ അവയവദാനം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഡോക്ടർമാരും പറഞ്ഞു ഒരു കുഴപ്പവുമില്ലെന്ന്.

ഒരാശയം മനസ്സിലുറച്ചാൽ അത് പറഞ്ഞുനടന്നിട്ടു കാര്യമില്ല. പ്രവർത്തിച്ചുകാണിക്കണം. അങ്ങനെയാണ് വൃക്ക നൽകാൻ തീരുമാനിച്ചത്. പക്ഷേ, ഭാര്യയടക്കം ബന്ധുക്കളും സുഹൃത്തുക്കളും എതിർത്തു. അവർക്കു ഭയമായിരുന്നു. വൃക്ക വാങ്ങാനുള്ള പണംനൽകിയാൽ പോരേ എന്നാണ് ചിലർ ഉപദേശിച്ചത്. പക്ഷേ, നന്നായിപ്പഠിച്ച് മനസ്സിലാക്കിയാണത് ചെയ്തത്. എടുത്തുചാട്ടമായിരുന്നില്ല. അതെനിക്ക് വലിയൊരു കാര്യമായി തോന്നിയിട്ടുമില്ല. വൃക്ക നൽകിയതുകൊണ്ട് ഒരു ആരോഗ്യപ്രശ്നവും എനിക്കില്ല.

സമൂഹത്തിൽ ബോധവത്‌കരണമുണ്ടാക്കാൻ അതിനു കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്‌. ആ ആശയം പ്രചരിപ്പിക്കാനായി എന്നതാണ് പ്രധാനം. ഇപ്പോഴും ചിലരുടെ ഫോണുകൾ എനിക്കുവരാറുണ്ട്. ബന്ധുക്കൾക്ക് വൃക്ക നൽകാൻപോകുന്നവരുടെ സന്ദേഹങ്ങളാണ്. ഒരു കുഴപ്പവുമില്ലെന്ന് ഞാൻ ഉറപ്പിച്ചുപറയും. അതോടെ അവർക്ക് സമാധാനമാവും. വി-ഗാർഡ് തുടങ്ങി, 25 കൊല്ലം കഴിഞ്ഞ് വണ്ടർലാ (ആദ്യം വീഗാലാൻഡ്) തുടങ്ങിയതാണ് അഞ്ചാമത്തെ കാര്യമായി പറയാവുന്നത്. വിദേശത്ത് പോയപ്പോഴാണ് ഇതിന്റെ ആശയം വന്നത്. വി-ഗാർഡ് തുടങ്ങിയതിനെക്കാൾ വലിയ തീരുമാനമായിരുന്നു അത്. കാരണം, നിക്ഷേപം കൂടുതലായിരുന്നു. റിസ്‌ക് കൂടുതലായിരുന്നു. ജീവനക്കാർ കൂടുതൽ ആവശ്യമായിരുന്നു. രണ്ടുംകല്പിച്ച് തുടങ്ങാൻ തീരുമാനിച്ചു. ഓഡിറ്റർമാരും ഉപദേശകരും അത് നിരുത്‌സാഹപ്പെടുത്തി. കാരണം, വാട്ടർ തീം പാർക്കിനെക്കുറിച്ച് അവർ കേട്ടിട്ടുപോലുമില്ലായിരുന്നു. ആർക്കും പരിചയമില്ലാത്ത സ്ഥിതി. പക്ഷേ, ഞാൻ അതിന് ഒരു ടീമുണ്ടാക്കി. അമ്യൂസ്‌മെന്റ് പാർക്ക് പഠിക്കാൻമാത്രം അവരെ പലതവണ വിദേശത്തുകൊണ്ടുപോയി കാണിച്ചുകൊടുത്തു. ഒരു ജൂനിയർ ആർക്കിടെക്ടിനെ കൂടെക്കൂട്ടി. ജൂനിയർ ആയാലേ ഞാൻ പറയുന്നത് അയാൾക്ക് മനസ്സിലാവുകയുള്ളൂ. പ്രശ്നങ്ങൾമാറി, അത് ജയംകണ്ടു. അതൊരു വഴിത്തിരിവായി. ഇപ്പോൾ മൂത്തമകൻ അരുൺ വണ്ടർലായുടെയും ഇളയമകൻ മിഥുൻ വി-ഗാർഡിന്റെയും നേതൃത്വം വഹിക്കുന്നു. ഭാര്യ ഷീല വസ്ത്രവിഭാഗമായ വി-സ്റ്റാർ ക്രിയേഷൻസിന്റെ ചുമതല വഹിക്കുന്നു.

ചാരിറ്റിയെ ബിസിനസുമായി ഇത്രയേറെ ആഴത്തിൽ ഇണക്കിയ മറ്റൊരു മലയാളിയില്ല, താങ്കളെപ്പോലെ. അതിലൊരു ദർശനമുണ്ട്, രാഷ്ട്രീയമുണ്ട്, ആത്മവിശ്വാസമുണ്ട്. എങ്ങനെയാണ് അതിലേക്കെത്തിയത്

= അത് വ്യക്തിപരമാണ്. സമൂഹത്തിന്റെ അംഗീകാരം, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിവയ്ക്കാണ് പണത്തെക്കാൾ ഞാൻ മുൻതൂക്കം നൽകുന്നത്. കണ്ണിൽേച്ചാരയില്ലാതെ ലാഭം ഉണ്ടാക്കിയവരുമുണ്ട്. അവരെ ദൈവം ശിക്ഷിച്ചതായി ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഈ നേട്ടങ്ങൾ എന്റെമാത്രം കഴിവാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജനം എനിക്കുതന്നതാണ്. അപ്പോൾ കുറച്ച് തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് ഒരു ഫൗണ്ടേഷനുണ്ടാക്കി ചില സഹായങ്ങൾ ചെയ്യുന്നത്. പലരും അതെല്ലാം ചെയ്യുന്നുണ്ട്. ഞാൻമാത്രം ചെയ്യുന്നുവെന്നല്ല.

വിജയിച്ച ഒരു സംരംഭകൻ എന്നനിലയിൽ താങ്കളൊരു പാഠപുസ്തകമാണ്. പുതിയ സംരംഭകരോട് എന്താണ് പങ്കിടാനുള്ളത്

= സംരംഭകനെന്ന നിലയിൽ പല കോളേജുകളിലും കുട്ടികളുമായി സംവദിക്കാറുണ്ട്. എന്റെ അനുഭവങ്ങളേ എനിക്ക് യുവാക്കളോട് പറയാനാവൂ. അവരോട് പറയാറുള്ളത്, ഒരു സ്ഥാപനം തുടങ്ങിയതുകൊണ്ടു മാത്രമായില്ല എന്നാണ്. സാങ്കേതികവിദ്യ നന്നായാൽമാത്രം പോരാ. മാർക്കറ്റിങ് വളരെ പ്രധാനമാണ്. അത് ഒരു തന്ത്രമാണ്. നിങ്ങൾ വിതരണം ചെയ്യുന്നത് എവിടേക്കാണെന്ന് ധാരണയുണ്ടായിരിക്കണം. അതുപോലെ ധനകാര്യം ഏറെ പ്രധാനമാണ്. എൻജിനിയറിങ്ങിൽ നിങ്ങൾ മിടുക്കനായിരിക്കാം. ഞാൻ ധനകാര്യമേഖലയെപ്പറ്റി അറിയാനായി പല കോഴ്‌സുകളും ചെയ്തിട്ടുണ്ട്. കമ്യൂണിക്കേഷൻ സ്കില്ലും പ്രധാനമാണ്. തുടക്കത്തിൽ അത്ര പ്രധാനമല്ലെങ്കിലും പിന്നീട് അത് ആവശ്യമായി വരും. ആ കോഴ്‌സുകൾക്ക് ഞാൻ പങ്കെടുത്തിട്ടുണ്ട്. അതുപറയാൻ എനിക്ക് മടിയില്ല. ഞാൻ പലതും പഠിച്ചെടുത്ത് മാറിയ ആളാണ്. പണ്ട് സാങ്കേതികവിദ്യയിൽ താത്‌പര്യവും ധാരണയും ഉള്ളതിനാൽ ഞാൻ അതിന്‌ ശ്രദ്ധ നൽകി. പക്ഷേ, സ്ഥാപനം തുടങ്ങിയപ്പോൾ അതിനുവേറേ ആളെ നിയമിച്ചു. ഞാൻ ദൈനംദിനകാര്യങ്ങളിൽ ശ്രദ്ധിച്ചു. ഇപ്പോൾ അവരോട് ചോദിച്ചുവേണം പല കാര്യങ്ങളും എനിക്കറിയാൻ. അതിലെനിക്കൊരു മടിയുമില്ല.

ഒരു സ്ഥാപനം വളരുമ്പോൾ ഒരു ടീമും വലുതായി വരണം. അല്ലാതെ എല്ലാം എന്റെ തലയിലൂടെ പോയാലേ ശരിയാവൂ എന്ന് വിശ്വസിക്കുന്നയാളല്ല ഞാൻ. അതേസമയം, സംരംഭകന് എല്ലാ മേഖലയിലും അടിസ്ഥാന അറിവുവേണം. സംരംഭകത്വമെന്നത് ഒരു ഹെർക്കുലീയൻ ടാസ്‌ക്കാണ്. 24 മണിക്കൂർ ഓൺ ഡ്യൂട്ടിയാണ്. നിങ്ങൾ കാണുന്ന ആശയങ്ങൾ നിങ്ങളുടെ ഉറക്കംകെടുത്തണം. എന്നാലേ വിജയിക്കൂ. 1977-ൽ തുടങ്ങിയയാളാണ് ഞാൻ. ഏത്രയോ ഉയർച്ച-താഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. പല വമ്പന്മാരും വീണു. എന്നാൽ, ഞാൻ ഒരു കഠിനാധ്വാനിയാണോയെന്ന് ചോദിച്ചാൽ അല്ല. എന്റെ താത്‌പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചേ ഞാൻ ജോലിചെയ്യൂ. മറ്റൊരാൾക്ക് ചെയ്യാവുന്നതാണെന്നു തോന്നിയാൽ അതയാളെ ഏൽപ്പിക്കും. അയാൾക്ക് നിർദേശങ്ങൾ നൽകും. വിശദമായി അയാൾക്കു പറഞ്ഞുനൽകണം. അതില്ലാതെ പ്രശ്നമായാൽ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ആ കാര്യത്തിൽ ഞാൻ വിജയമാണ്. നയപരമായ തീരുമാനങ്ങളിലാണ് ഞാനിപ്പോൾ ശ്രദ്ധിക്കുന്നത്. സംരംഭകൻ ഓരോ വിഷയത്തിലും എന്തുചെയ്യാൻ പറ്റുമെന്ന് തുരന്നുനോക്കിക്കൊണ്ടിരിക്കണം. എന്ത് പുരോഗതി വരുത്താൻപറ്റുമെന്ന് നോക്കണം. ഞാൻ ചെയ്ത കാര്യങ്ങൾ പലതും ആദ്യദിവസംമുതൽ വിജയിച്ചതല്ല. വിജയിപ്പിച്ചെടുത്തതാണ്. ആരും എല്ലാ കഴിവുമായി ജനിക്കുന്നില്ല. അത് ആർജിക്കുകയാണ്.

വിജയങ്ങളോടൊപ്പം പരാജയങ്ങളും സംഭവിച്ചിട്ടുണ്ടാവാം. ആ സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടുന്നത്

= എനിക്ക് പരാജയകഥകളും പറയാനുണ്ട്. എല്ലാ പദ്ധതികളും വിജയിക്കണമെന്നില്ല. പരാജയത്തെ നേരിടാൻ ഒരുമടിയുമില്ല. നേരത്തേ എല്ലാം നന്നായി പഠിച്ചുതയ്യാറെടുത്തിട്ടും ഒരു പദ്ധതി പരാജയപ്പെട്ടാൽ ദയയില്ലാതെ അത് വേണ്ടെന്നുവെക്കും. പ്രസ്ഥാനത്തിന് അതാവശ്യമാണ്. വിജയം ആരും വെള്ളിത്തളികയിൽ കൊണ്ടുവന്ന് തരുന്നതല്ല. അത് നമ്മൾ നേടിയെടുക്കുന്നതാണ്. ജനത്തിന്റെ ആവശ്യവും താത്‌പര്യവും മനസ്സിലാക്കി മാറ്റങ്ങൾ വരുത്തി നമ്മൾ വിജയിപ്പിക്കുന്നതാണത്. പലർക്കും പറ്റുന്നത് ജനങ്ങളുടെ മനസ്സറിഞ്ഞ് മാറ്റം വരുത്താത്തതല്ലേ എന്നെനിക്ക് തോന്നാറുണ്ട്. പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഞാനേറ്റെടുക്കും. ജീവനക്കാരെ കൂടെനിർത്തും. വി-ഗാർഡിന്റെ ഭൂഗർഭ കേബിൾ നിർമാണഫാക്ടറി തുടങ്ങിയത് വലിയ മെഷിനറികളോടെയായിരുന്നു. അത്ര വലിയ മെഷീനുകൾ മുൻപ്‌ ഉപയോഗിച്ചിട്ടില്ല. പക്ഷേ, എന്തുകൊണ്ടോ വിചാരിച്ച വിൽപ്പനയുണ്ടായില്ല. ഒരു കാരണം, കേബിളുകൾ കൂടുതലും സർക്കാരിന് വിതരണംചെയ്യുന്നതായിരുന്നു. അതിൽ ചില മാമൂലുകളുണ്ട്. അതിന് തയ്യാറായില്ല. അങ്ങനെ ഓർഡർ കിട്ടാതായി. കുറെനാൾ ശ്രമിച്ചിട്ടും വിജയിക്കാതായപ്പോൾ നിർത്താൻ തീരുമാനിച്ചു. ജീവനക്കാർക്ക് ഞെട്ടലായിരുന്നു. പക്ഷേ, മെഷീനുകൾ സ്‌ക്രാപ് വിലയ്ക്ക് വിറ്റും സ്ഥലം മറ്റു ഉത്‌പന്നങ്ങൾക്ക് ഉപയോഗിച്ചും മുന്നോട്ടുപോകാമെന്നു പറഞ്ഞ് അവരെ ഞാൻ ആശ്വസിപ്പിക്കുകയായിരുന്നു. ചുമർക്ലോക്കുകളും പിവിസി പൈപ്പുകളും നിർമിച്ചിരുന്നു. ലാഭകരമല്ലെന്നുകണ്ടപ്പോൾ അതും നിർത്താൻ മടിച്ചില്ല. ഏതിനും ഒരു വ്യത്യസ്‌തത വേണമെന്നതുകൊണ്ട് ഓർണമെൻറൽ ക്ലോക്കുകളാണുണ്ടാക്കിയത്. കുറെ വർഷം ലാഭകരമായിപ്പോയി. പിന്നെ മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും മറ്റും വിലകുറഞ്ഞ അനുകരണങ്ങൾ വരാൻതുടങ്ങി. കല്യാണങ്ങൾക്കും മറ്റും ക്ലോക്ക് സമ്മാനം നൽകുന്ന രീതിയും മാറി. മൊബൈൽഫോൺ വന്നപ്പോൾ ക്ലോക്ക് ആവശ്യമില്ലാതെയുമായി. അപ്പോൾ മനസ്സിലായി അതിനു ഭാവിയില്ലെന്ന്. പിന്നെ കടിച്ചിതൂങ്ങിയിട്ട് കാര്യമില്ലെന്നുബോധ്യമായി.

പണത്തെക്കാൾ വലുതാണ് മനസ്സമാധാനം. ഇത് താങ്കളുടെ ഒരു പ്രസ്താവനയാണ്‌. പലരും അതു പറയാറുള്ളത് ഒരു ഭംഗിവാക്കുപോലെയാണ്. മിക്കവരുടെയും കാര്യത്തിൽ, പണമില്ലാതെ ഒരു മനസ്സമാധാനവുമില്ല എന്നതാണ് സത്യം. പണത്തിലൂടെയല്ലാതെ മനസ്സമാധാനത്തിലേക്കെത്താൻ കഴിയുമെന്ന് അനുഭവപ്പെട്ട സന്ദർഭങ്ങൾ ഉണ്ടോ ? ഈ പണമത്രയും ഇല്ലാതായും മനസ്സമാധാനത്തോടെ ജീവിക്കാനാവുമെന്ന് വിശ്വസിക്കുന്നുണ്ടോ

= ഒരു വ്യക്തിക്ക് അയാൾ വിജയമാണെന്നു പറയണമെങ്കിൽ ആദ്യ പരിഗണന മനസ്സമാധാനംതന്നെയാണ്. പണമുണ്ടാക്കിയിട്ട് സുഖമായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല. അതുപോലെത്തന്നെയാണ് ആരോഗ്യവും. ആരോഗ്യമില്ലെങ്കിൽ പണമുണ്ടായിട്ട് കാര്യമൊന്നുമില്ല. പണത്തിന് മൂന്നാംസ്ഥാനംമാത്രം. തീർച്ചയായും പണം വേണം. പാവങ്ങളെ സഹായിക്കണമെങ്കിലും പണം വേണം. സമൂഹത്തിൽ സ്വീകാര്യതവേണം,. അത് പ്രധാനമാണ്. എല്ലാമുണ്ടായിട്ടും നാട്ടുകാർക്ക് കണ്ണെടുത്താൽ കണ്ടുകൂടെങ്കിൽ കാര്യമില്ലല്ലോ.

ഈ വിഷയത്തിൽ മൂന്നു നാലു ഘടകങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. അതിലെ ശതമാനം മാത്രമേ വ്യത്യാസമുള്ളൂ. മനസ്സമാധാനമുണ്ടോ എന്നതുതന്നെയാണ് പ്രധാന കാര്യം. എത്ര പണമുണ്ടായിട്ടും മനസ്സമാധാനമില്ലെങ്കിൽ വിജയിച്ചെന്നു പറയാനാവില്ല. ബിസിനസിന്റെ പുറകേ നടന്ന് രോഗങ്ങൾ വരുത്തിയിട്ടു കാര്യമില്ല. സാമൂഹികാംഗീകാരവും വേണം. തട്ടിപ്പും വെട്ടിപ്പും നടത്തിയ പണക്കാരുണ്ട്. അതിലവർക്ക് ചമ്മലുമില്ല. അവരെക്കുറിച്ചല്ല പറയുന്നത്.

ഞാനിപ്പോൾ ടെൻഷൻ കൊണ്ടുനടക്കാറില്ല. രാത്രി പത്തരയാവുമ്പോഴേക്കും എന്റെ ബ്രെയിൻ ‘സ്വിച്ച്ഡ് ഓഫ്' ആകും. അതിന് അരമണിക്കൂർമുൻപ്‌ മൊബൈൽഫോൺ ഓഫ്ചെയ്യും. രാവിലെ അഞ്ചരയ്ക്ക് ഉണരുന്നതായിരുന്നു ചെറുപ്പത്തിലേ ശീലം. ഇപ്പോൾ, ഇത്ര നേരത്തേ ഉണരുന്നത് എന്തിനായെന്ന് ചിന്തിച്ച് പിന്നേയും കിടക്കും. വീട്ടുകാരുമായി ചെലവഴിക്കാൻ സമയംകണ്ടെത്താറുണ്ട്. അതും ഇതിനിടയിലൂടെ നടക്കണം. 24 മണിക്കൂറും ബിസിനസെന്നു പറഞ്ഞു ഭ്രാന്തുപിടിച്ചുനടന്നിട്ട് കാര്യമില്ല. അതുകൊണ്ടുമാത്രം വിജയിക്കണമെന്നില്ല.

വരുംതലമുറകൾ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യനെ ഏതുരീതിയിൽ ഓർക്കണമെന്നാണ് താങ്കളുടെ ആഗ്രഹം

= എന്നെ ഒരുപാടുനാൾ ഓർക്കണമെന്നില്ല. അതിനു സാധ്യതയുമില്ല. ഒരു തലമുറ ഓർക്കുമായിരിക്കും. ഒരു ശരാശരിക്കാരനായിരുന്നു ഞാൻ. ഒന്നാം റാങ്കുകാരനൊന്നുമായിരുന്നില്ല. ആ എനിക്കുപോലും ചിലതുപറ്റി എന്നുള്ളതു മറ്റുള്ളവർക്കു പ്രചോദനമാവട്ടെ എന്നുമാത്രം. ഒരാൾ ഏതെങ്കിലുംരംഗത്ത് വിജയിച്ചയാളായിരിക്കാം; അഗ്രഗണ്യനായിരിക്കാം. എന്നാൽ, അയാളുടെ വ്യക്തിത്വവും പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

Content Highlights: Learn from Kochouseph Chittilappilly, a visionary entrepreneur & philanthropist who donated an organ.