അന്ന് അമ്മയെ നഷ്ടപ്പെട്ടു, ഇന്ന് അച്ഛൻ കൊലയാളി | മാന്നാറിലെ ഒരു ദിനം | Reporter's diary

ഇരമത്തൂർ, മാന്നാർ
''ചേട്ടാ, കലയുടെ വീട്ടിലേക്കുള്ള വഴി?''
''മാഫീ മുഷ്കിൽ, മാഫീ മുഷ്കിൽ.. ഇൻശാഅള്ളാ.''
''എന്താ?''
''മാഫീ മുഷ്കിൽ, മാഫീ മുഷ്കിൽ.. ഇൻശാഅള്ളാ.. ഹഹഹാ..''
''ചേട്ടൻ ഗൾഫിലായിരുന്നല്ലേ..''
''അല്ല, വീട്ടിലായിരുന്നു. (കയ്യിലുണ്ടായിരുന്ന റിപ്പോർട്ടർ മൈക്കിലേക്ക് നോക്കി) കുന്ത്രാണ്ടമൊക്കെ ഉണ്ടല്ലോ, നല്ലത് ചെയ്തുകൂടേ..''
''ചേട്ടൻ ഇപ്പോൾ ചെയ്യുന്നതുപോലുള്ള നന്മയാണോ..''
''ഹഹഹാ..''
ചേട്ടനെയും ചിരിയെയും വിട്ട് ആ വെയ്റ്റിങ് ഷെഡ്ഡിൽനിന്നിറങ്ങി, ഇരമത്തൂരിലെ വഴിയരികെ കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി. മനുഷ്യർ മാത്രമല്ല, ആ പരിസരമൊന്നാകെ വൈചിത്ര്യത്തിൽ പുതഞ്ഞുനിൽക്കുന്നതായി തോന്നി. ഭയവും അസ്വസ്ഥതയും അവിശ്വാസവുമെല്ലാം അന്തരീക്ഷത്തിൽ ഘനീഭവിച്ചിരിക്കുന്നതുപോലെ. തലേന്നു പെയ്ത മഴയിൽ വിഷാദം പൂണ്ടുനിൽക്കുന്ന പ്രകൃതി. പൂഴിമണലിൽ മഴയുടെ നനവ് പാതിയുണങ്ങി വിലക്ഷണമായ ചിത്രങ്ങൾ തീർത്തിരിക്കുന്നു. കാറ്റുപോലും വീശാനറച്ചുനിൽക്കുന്നു. അകത്തേക്കെടുക്കുന്ന പ്രാണവായുവിനു പോലും കനം..
കലയുടെ തിരോധാനത്തെ കുറിച്ചുള്ള പോലീസ് അന്വേഷണവും ഭർത്താവായിരുന്ന അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയുമെല്ലാം ഈ പ്രദേശത്തെ ഒന്നോടെ ഉലച്ചുകളഞ്ഞിരിക്കുന്നു. ഇരമത്തൂർ ഐക്കരമുക്കിലെ റോഡിന് ഇരുവശത്തുമായി എതിർദിശയിലേക്ക് പോകുന്ന വഴികളിൽ ഒരു കിലോമീറ്റർ മാത്രം അകലത്തിലാണ് കലയുടെയും അനിൽകുമാറിന്റെയും വീട്. വ്യത്യസ്ത സമുദായാംഗങ്ങളായ ഇവരുടെ പ്രണയവിവാഹവും തുടർന്നുണ്ടായ പ്രശ്നങ്ങളും നാട്ടുകാരുടെ ഓർമകളിൽ ഇപ്പോഴുമുണ്ട്. അച്ഛൻ മരിച്ചിട്ടോ ഒന്നര വയസ്സിൽ ഇട്ടിട്ട് പോയ ഏകമകനെ കാണാനോ വരാത്ത കല നാട്ടുചർച്ചകളിൽനിന്ന് പൂർണമായും പുറന്തള്ളപ്പെട്ടിട്ടുമില്ല. ഇടയ്ക്ക് കലയെ ആലപ്പുഴവെച്ചും മണ്ണാറശ്ശാലവെച്ചുമൊക്കെ കണ്ടെന്ന് പലരും പറയാറുണ്ടെന്ന് കലയുടെ ബന്ധുക്കൾ പറയുന്നു.
ഇതുവരെ മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയിരുന്ന ആള്‍ ഈ മണ്ണിനടിയില്‍ത്തന്നെ ഉണ്ടായിരുന്നെന്ന പോലീസ് കണ്ടെത്തലിന്റെ ആഘാതമേറ്റവര്‍, അത് ശരിയാണോ എന്ന് സംശയിക്കുന്നവര്‍, കല കൊല്ലപ്പെട്ടതാണെന്ന് നേരത്തേ സംശയിക്കുകയും പറയുകയും ചെയ്തിരുന്നവര്‍, നൂറ്റാണ്ടുകളായി നാം പേറുന്ന ജാതീയതയെന്ന മാലിന്യത്തിന്റെ പുകമറയിലൂടെ മാത്രം കാര്യങ്ങളെ കാണുന്നവര്‍, പ്രതികളെ അനുകൂലിക്കുന്നവര്‍.. പിന്നെ, കല യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെങ്കില്‍ അതേക്കുറിച്ച്സൂചനയെങ്കിലും ഉണ്ടായിരുന്നവര്‍-ഇരമത്തൂരില്‍ കണ്ടവരെല്ലാം ഇതിലേതെങ്കിലുമൊക്കെ വികാരം പ്രസരിപ്പിക്കുന്നവരായിരുന്നു. പക്ഷേ, ഒന്നിനോടൊന്ന് ഇഴചേര്‍ന്ന് വാക്കില്‍നിന്നോ പ്രവൃത്തിയില്‍നിന്നോ പലപ്പോഴും ഇവരാരെന്നോ എന്തെന്നോ തിരിച്ചറിയാന്‍ സാധിക്കില്ലെന്നുമാത്രം.
കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് കണ്ട അയല്‍വാസികള്‍ ഉള്‍പ്പെടെ ആരും ഈ 'നാട്ടുകാരാ'യിരുന്നില്ല. 'ഞാനാദ്യമായാണ് ഇവിടെ വരുന്നതെന്ന്' പറഞ്ഞുപോയായാള്‍ അഞ്ചു മിനിറ്റ് കഴിഞ്ഞ് തൊട്ടടുത്ത വീടിന്റെ ഉമ്മറത്തിരുന്ന് ചായ കുടിക്കുന്നതാണ് കണ്ടത്. പലരും മുഖത്ത് നോക്കിയാല്‍ത്തന്നെ തിരിഞ്ഞുനടക്കുന്നു. സംസാരിക്കാന്‍ പോലും ഭയപ്പെടുന്നു. ചിലര്‍,വെയ്റ്റിങ് ഷെഡ്ഡില്‍ കണ്ട ചേട്ടനെ പോലെ,പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. അടുത്തെവിടെ ഹോട്ടലുണ്ടെന്നറിയാന്‍ പോലും നാലഞ്ചുപേരോട് തിരക്കേണ്ടിവന്നു. മനുഷ്യര്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെ, എല്ലാവരും അപരനെ അവിശ്വാസത്തോടെ മാത്രം വീക്ഷിക്കുന്നതുപോലെ..
പോലീസിന്റെ വെളിപ്പെടുത്തല്‍ ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത് കലയുടെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കുമാണ്. പറക്കമുറ്റാത്ത മകനെപ്പോലും വിട്ട് മറ്റൊരാള്‍ക്കൊപ്പം പോയവളെന്ന് പഴിച്ചിരുന്നവളായതിനാല്‍ പ്രത്യേകിച്ചും. കാലം കഴിയുന്തോറും, മകനെ കാണാന്‍ പോലും വരാത്തവളെന്ന നിലയിലുള്ള കുറ്റാരോപണത്തിന്റെ കനം കൂടിക്കൂടി വരികയായിരുന്നു. അവളെ ആലപ്പുഴയിലുള്‍പ്പെടെ കണ്ടെന്ന കിംവദന്തികള്‍ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമായിരുന്നു. എങ്കിലും കല എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ കൂടിയായിരുന്നു വീട്ടുകാര്‍ക്ക് ആ കരക്കമ്പികള്‍. കല എന്നെങ്കിലും വരുമെന്ന പ്രതീക്ഷ ഏറ്റവുമുണ്ടായിരുന്നത് ജ്യേഷ്ഠന്റെ ഭാര്യയായ ശോഭന കുമാരിയ്ക്കായിരുന്നു. വീട്ടിലെ റേഷന്‍ കാര്‍ഡില്‍നിന്ന് പേരുപോലും വെട്ടാതെ കാത്തിരിക്കുകയായിരുന്നു ഈ ഗൃഹനാഥ.
'എന്റെ പേരിലാണ് ഈ റേഷൻകാർഡ്,' റേഷൻ കാർഡ് എടുത്തുകാണിച്ച് ശോഭന പറഞ്ഞു. 'ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ അവളുടെ പേരിൽ റേഷൻ കിട്ടില്ല. എങ്കിലും അവൾ വരുമ്പോൾ രേഖ വേണമല്ലോ. ആ പ്രതീക്ഷയിലാണ് കാർഡിൽനിന്ന് പേരൊഴിവാക്കാതിരുന്നത്. അവൻ (കലയുടെ ഭർത്താവ്) സ്നേഹം നടിച്ച് ചതിക്കുകയായിരുന്നില്ലേ ഞങ്ങളെ. അവനത് ചെയ്തിട്ടുണ്ടെങ്കിൽ വെറുതേവിടരുത്. കൊന്നെന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ചെന്ന് ഏറ്റെടുക്കത്തില്ലായിരുന്നോ. അവളെക്കൊണ്ട് സെപ്റ്റിക് ടാങ്കിൽ ഇടേണ്ട കാര്യമുണ്ടായിരുന്നോ അവന്മാർക്ക്. അത്ര പാപിയായിരുന്നോ ഞങ്ങടെ കൊച്ച്. കലയുടെ അമ്മ മരിക്കുന്ന സമയത്ത് 'എന്റെ കുഞ്ഞിനെ കൂടെ നോക്കിക്കോണേ'യെന്ന് പറഞ്ഞതാണ്. അതെനിക്ക് പാലിക്കാൻ പറ്റിയില്ല. അവനേത് നാട്ടിലാണെങ്കിലും ഇവിടെ വരുത്തി ശിക്ഷിക്കണം. ' അടക്കിവെച്ചിരുന്ന ദുഃഖം അവരുടെ കണ്ണിൽനിന്നടർന്നു.
കല പോയി കുറച്ചുദിവസത്തിനു ശേഷം തനിയ്ക്ക് വന്ന ഫോൺകോളിനെ കുറിച്ചും ശോഭന സംശയം പ്രകടിപ്പിക്കുന്നു. 'കലയാണെന്ന് പറഞ്ഞാണ് എനിക്ക് കോൾ വന്നത്. പാലക്കാട്ടുണ്ടെന്നും സൂരജെന്ന ആൾക്കൊപ്പമാണെന്നും അന്വേഷിച്ചു വരരുതെന്നും പറഞ്ഞു. കല എന്നെ അക്കയെന്നാണ് വിളിക്കുന്നത്. 'അക്ക കലയാണെന്ന്' എന്നാണ് കോൾ ചെയ്തയാൾ പറഞ്ഞത്. ഫോണിലൂടെ കലയുടെ ശബ്ദം മുമ്പ് കേട്ടിട്ടില്ലാത്തതിനാൽ അതവളുടെ ശബ്ദമായിരുന്നോ എന്ന് ഉറപ്പിക്കാനാവില്ല. മാത്രമല്ല, അവൾ വിളിച്ചല്ലോ എന്ന സന്തോഷത്തിലുമായിരുന്നു. പോലീസ് പറയുന്നത് സത്യമാണെങ്കിൽ അന്ന് എന്നെ വിളിച്ചതാരാണ്. എനിക്കതറിയണം.' അവർ കൂട്ടിച്ചേർത്തു.
കല കൊല ചെയ്യപ്പെട്ടെന്ന പോലീസ് നിഗമനം അനിൽ ഉൾപ്പെടെ പലർക്കും ഉൾക്കൊള്ളുക പ്രയാസമാണെങ്കിലും അവൾ കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നവരും വിശ്വസിച്ചിരുന്നവരും ഇവിടെത്തന്നെയുണ്ട്. അതിലൊരാളാണ് കലയുടെ ബന്ധുവും അയൽവാസിയുമായ ശോഭ. കല കൊല്ലപ്പെട്ടിരിക്കാമെന്ന് കരുതാൻ തനിയ്ക്ക് കാരണങ്ങളുണ്ടെന്ന് ശോഭ പറയുന്നു:
കല കൊലചെയ്യപ്പെട്ടോ ഇല്ലയോ എന്ന് സംശയിക്കുന്നവരും വിശ്വസിക്കുന്നവരുമൊക്കെ ഉണ്ടെങ്കിലും, കലയുടെ അന്നത്തെ തിരോധാനവും ഇപ്പോഴത്തെ അന്വേഷണവും കൊണ്ട് ജീവിതം ഒരുപോലെ കീഴ്മേൽ മറിഞ്ഞ ഒരാളുണ്ട് -കലയുടെ മകൻ. അന്ന് അമ്മയെ നഷ്ടപ്പെട്ടു. ഇന്ന് അച്ഛൻ കൊലയാളിയാവുന്ന അവസ്ഥ. അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് കള്ളക്കഥ ഉണ്ടാക്കുകയാണെന്നുമാണ് പ്ലസ് വൺ വിദ്യാർഥിയായ മകൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞത്.
'അമ്മ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നുമുള്ള അച്ഛന്റെ വാക്ക് അന്ധമായി വിശ്വസിച്ചിരിക്കുകയാണ് ആ പാവം,' പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കലയുടെ ഒരു ബന്ധു പറഞ്ഞു. 'ചില പരിമിതികളൊക്കെ ഉള്ള കുഞ്ഞാണവൻ. താമസിച്ചിരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ അമ്മയുടെ മൃതദേഹമുണ്ടായിരുന്നു എന്നംഗീകരിക്കാൻ അവനെക്കൊണ്ട് ഒരിക്കലും പറ്റില്ല. ഇത്രയും ജീവിതംകണ്ട ഞങ്ങൾക്ക് തന്നെ അത് വിശ്വസിക്കാൻ കഴിയുന്നില്ല. കല കൊല ചെയ്യപ്പെട്ടതാണെങ്കിൽ അവന്റെ ഇതുവരെയുള്ള ജീവിതം തന്നെ ഒരു നുണയായിപ്പോകും. അപ്പോൾ, അത് വീടിന്റെ സെപ്റ്റിക് ടാങ്കിലാണെന്ന് അറിഞ്ഞാലോ..? അവനെക്കുറിച്ചോർക്കുമ്പോൾ ഇതൊന്നും സത്യമായിരിക്കരുതേ എന്ന് അറിയാതെ പ്രാർത്ഥിച്ചുപോവുകയാണ്.'
കലയുടെ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴേക്കും സന്ധ്യയായി. മാന്നാറിലെ ആ അസാധാരണ ദിവസം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് ദിവസം മുഴുവൻ കൂടെയുണ്ടായിരുന്ന വീഡിയോ ജേർണലിസ്റ്റ് ജെയ്വിൻ ആ ചോദ്യം ചോദിച്ചത് -''ചുരുളിയിൽ വന്നുപെട്ട പോലെ ഉണ്ടല്ലേ?'' മറുപടിയൊന്നുമില്ലാതെ ഞാനവനെ നോക്കി.
ഒരാളെ കൊന്ന് ഒന്നര പതിറ്റാണ്ട് കാലം അവരുടെ ഏറ്റവുമടുത്ത ബന്ധുക്കൾ പോലും വെറുക്കുന്ന വിധത്തിൽ വ്യക്തിഹത്യ ചെയ്തുകൊണ്ടിയിരിക്കുക. അത് മനുഷ്യസാധ്യമാണോ? അങ്ങനെയെങ്കിൽ എത്ര വലിയ, കൂട്ടായ ആസൂത്രണമാകും അതിനു പിന്നിൽ നടന്നിട്ടുണ്ടാവുക? അതോ ഇനി പോലീസിനു ലഭിച്ച വിവരങ്ങൾ തെറ്റായിരിക്കുമോ? കല ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? കൊല്ലപ്പെട്ടെന്നത് സത്യമെങ്കിൽ എത്ര നീചമായ അനീതിയാണ് മരണശേഷവും ആ പെൺകുട്ടിക്ക് നേരെ ഉണ്ടായത്? ആ മകന് ഏതെങ്കിലും കാലത്ത് അതുൾക്കൊള്ളാൻ കഴിയുമോ?.. മടക്കയാത്രയിൽ ചോദ്യങ്ങളുടെ ചുരുളുകൾ ഉള്ളിൽ അഴിഞ്ഞഴിഞ്ഞ് വീണുകൊണ്ടേയിരുന്നു.
Content Highlights: Shihabudheen Thangal, Reporters diary, experience,Kala case