മണിക്കൂറിന്റെ കൂലി തൊഴിലാളിക്ക്, മിച്ചം വന്ന തൊഴിലിന്റെ ലാഭം മുതലാളിക്ക്; വര്‍ഗസമരവും കമ്മ്യൂണിസവും

#വിമൽ കോട്ടക്കൽ
മാർക്സ് ഏംഗൽസ്
മാർക്സ് ഏംഗൽസ്

രു സാങ്കല്‍പിക കഥയില്‍ നിന്ന് തുടങ്ങാം. നമ്മള്‍ ഒരു മൃഗശാല സന്ദര്‍ശിക്കുന്നു. അവിടെ ഇരുമ്പഴിക്കുള്ളിലുള്ള ചിമ്പാന്‍സിയുടെ മുന്നിലെത്തുമ്പോള്‍ അത് നമ്മളോട് പറയുകയാണ്, ''ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ''സത്യത്തില്‍ നമ്മള്‍ തലകറങ്ങി വീഴും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ഉറപ്പാണ്. കാരണം, ഭാഷയും ഫിലോസഫിയും മനുഷ്യന് മാത്രമുള്ള ഒരു സിദ്ധിയാണ്. മനുഷ്യനെ മനുഷ്യനാക്കിയ പ്രധാന സിദ്ധി.

''ഒരേ നദിയില്‍ രണ്ടുതവണ ഇറങ്ങാനാവില്ല''. പ്രശസ്ത ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലിറ്റസിന്റെ പ്രസിദ്ധമായ വാചകം. പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തതായി ഒന്നുമില്ലെന്ന ചിന്ത ആദ്യം മുന്നോട്ടുവെച്ച തത്വചിന്തകനായിരുന്നു അദ്ദേഹം. നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ നിമിഷത്തിലും നദി മാറുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഛാന്ദോഗ്യോപനിഷത്തില്‍ ഉദ്ദാലക മഹര്‍ഷി മകനായ ശ്വേതകേതുവിനോട് പരമമായ ജ്ഞാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ചോദ്യോത്തരങ്ങള്‍ക്കൊടുവില്‍, ബ്രഹ്‌മജ്ഞാനമാണ് പരമമായ ജ്ഞാനമെന്നും എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന ആ സത്ത നീ തന്നെയാണെന്നും (തത് ത്വം അസി) പറയുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയിലെ അതിപ്രശസ്തമായ രണ്ട് ഉദ്ധരണികളാണ് മേല്‍പ്പറഞ്ഞത്. വാക്കുകള്‍ക്കുള്ളില്‍ അതിനേക്കാള്‍ ഘനമുള്ള ആശയത്തെ ഒളിപ്പിക്കുന്ന, ഭാഷയിലേയും ചിന്തയിലേയും ഈ വിദ്യ മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും സാധ്യമല്ല. മനുഷ്യന്‍ എന്നാല്‍ സവിശേഷമായ മനീഷയുള്ള ജീവിയാണെന്നാണ് പറയുക. ഈ സവിശേഷബുദ്ധി തന്നെയാണ് അവനെ ഫിലോസഫര്‍-തത്വചിന്തകന്‍ ആക്കിയത്. മറ്റൊരു ജീവിയിലും തത്വചിന്തകരില്ല, ഉണ്ടാവുക സാധ്യമല്ല. അറിവിനോടുള്ള ഇഷ്ടം എന്ന അര്‍ത്ഥത്തിലാണ് ഫിലോസഫി എന്ന പദം വികസിച്ചത്. ഏറ്റവും അടിസ്ഥാനപരമായ അറിവ് അവനവന്റെ ഉണ്‍മയെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണുണ്ടാകുന്നതെന്ന് ഫിലോസഫി നമ്മോട് പറയുന്നു. ഒരുപക്ഷേ ആധുനിക മനുഷ്യനെ നിര്‍മിച്ച ചിന്താപദ്ധതിയാണിത്.

Content Highlights: nammalangane nammalayi , vimal kottakkal ,marxism, social, carl marx

Continue reading