ഭൂമിക്കരികിലൂടെ വെള്ളിയാഴ്ച കടന്നുപോകുന്നത് രണ്ട് ഛിന്നഗ്രഹങ്ങള്‍; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

വെള്ളിയാഴ്ച രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന് നാസ. 2024 വൈ.സി 9, 2024 വൈ.എല്‍ 1 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കുനേരെ വന്നുകൊണ്ടിരിക്കുന്നത്.  ഛിന്നഗ്രഹങ്ങളെ കുറിച്ച് അടുത്തുനിന്ന് കണ്ടുകൊണ്ട് പഠിക്കാനുള്ള അവസരമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. 

44 അടി അഥവാ ഒരു വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് 2024 വൈ.സി 9. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10:17-നാണ് ഇത് ഭൂമിയുമായുള്ള കുറഞ്ഞ അകലത്തിലെത്തുക. മണിക്കൂറില്‍ 31,293 കിലോമീറ്ററാണ് ഇതിന്റെ വേഗത. 1,310,000 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. അതായത് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയോളം ദൂരമാണിത്. ജ്യോതിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇത് വളരെ ചെറിയ അകലമാണ്. നിലവിലെ സാഹചര്യത്തില്‍ 2024 വൈ.സി 9 ഭൂമിക്ക് ഒരുതരത്തിലും ഭീഷണിയല്ല എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. 

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11:33-നാണ് 2024 വൈ.എല്‍ 1 ഭൂമിക്കരികിലേക്കെത്തുക. താരതമ്യേനെ ചെറിയ ഈ ഛിന്നഗ്രഹത്തിന് 38 അടി അഥവാ ഒരു ബസ്സിന്റെയത്ര വലിപ്പമാണുള്ളത്. മണിക്കൂറില്‍ 17,221 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 3,360,000 കിലോമീറ്റര്‍ അകലെ കൂടെയാണ് കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ആറ് മടങ്ങോളമാണിത്. അതിനാല്‍ തന്നെ 2024 വൈ.എല്‍ 1 ഭൂമിക്ക് ഭീഷണിയല്ല.  

Content Highlights: NASA Warns Of Two Giant Space Rocks Heading Towards Earth Tomorrow: Are We Safe?