ഡാര്‍വിനെ ശാസ്ത്രജ്ഞനാക്കിയ വലിയ മൂക്കും അവിശ്വാസിയാക്കിയ രണ്ട് മരണങ്ങളും

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പുരോഹിതനാകാന്‍ ശ്രമിച്ച ആളാണ്. ഇതിനായി അദ്ദേഹം കുറേക്കാലം ദൈവ ശാസ്ത്രം പഠിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മറ്റൊരു ഇഷ്ടം കൂടി അന്നുണ്ടായിരുന്നു. കുടുംബ സുഹൃത്തായ ഒരാളുടെ മകളായ ഫാനി ഓവെനെ വിവാഹം കഴിക്കണം. വിവാഹ ശേഷം സ്വന്തം ഗ്രാമത്തിലെ ഇടവകയുടെ ചുമതല ഏറ്റെടുക്കണം. പിന്നീട് ഇഷ്ടപ്പെട്ട പ്രകൃതി ശാസ്ത്രത്തില്‍ പഠനവും അന്വേഷണവും നടത്തണം. അധിക വരുമാനം ഉണ്ടാകില്ലെങ്കിലും സംതൃപ്തമായ കുടുംബ ജീവിതം തനിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. വൈദ്യ ശാസ്ത്ര പഠനത്തിന് ചേര്‍ന്ന അദ്ദേഹത്തെ ദൈവ ശാസ്ത്ര പഠനത്തിലേക്ക് തള്ളിവിട്ടതിനു പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. പിതാവ് റോബര്‍ട്ട്, മുത്തച്ഛന്‍ ഇറാസ്മസ് എന്നിവരെ പോലെ ഡോക്ടര്‍ ആകാന്‍ ഡാര്‍വിന്‍ പഠനം ആരംഭിച്ചിരുന്നു. പക്ഷേ എഡിന്‍ബര്‍ഗിലെ മെഡിക്കല്‍ പാഠ്യപദ്ധതി അദ്ദേഹത്തിന് തീരെ ആകര്‍ഷകമായി തോന്നിയില്ല. അപ്പോഴാണ് ചെറിയ കുട്ടികളില്‍ അനസ്തീഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തുന്നതിന് അദ്ദേഹം സാക്ഷിയാകുന്നത്. ഈ കാഴ്ചകള്‍ കണ്ട് മാനസിക വിഷമമേറിയാണ് അദ്ദേഹം വൈദ്യ പഠനം ഉപേക്ഷിച്ചത്.
അതിന് മുന്‍പ് തന്നെ ഡാര്‍വിന്റെ കുടുംബം, പ്രത്യേകിച്ച് പിതാവ് റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍, മകനെ ഒരു പുരോഹിതനായി കാണാന്‍ ആഗ്രഹിച്ചിരുന്നു. ആംഗ്ലിക്കന്‍ സഭയിലെ വൈദികന്‍ എന്ന ബഹുമാന്യമാര്‍ന്ന പദവി മാത്രമല്ല അത് സുസ്ഥിരവുമായ തൊഴിലുമാണെന്ന് പിതാവ് പറയുമായിരുന്നു. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അദ്ദേഹം ദൈവശാസ്ത്രത്തിലേക്ക് മാറി. കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജിലാണ് ദൈവ ശാസ്ത്ര പഠനത്തിന് ചേര്‍ന്നത്. കേംബ്രിഡ്ജില്‍, സസ്യശാസ്ത്രജ്ഞനും ജിയോളജിസ്റ്റുമായ റെവറന്റ് ജോണ്‍ ഹെന്‍സ്ലോ ആയിരുന്നു അദേഹത്തിന്റെ ഗുരു. ഹെന്‍സ്ലോ പ്രകൃതി ശാസ്ത്രത്തില്‍ അതീവ താല്പര്യക്കാരനായിരുന്നു. ഈ സ്വാധീനം കൂടിയാണ് ഡാര്‍വിനെ പ്രകൃതി ചരിത്രത്തിലേക്ക് നയിച്ചത്. മാത്രമല്ല സസ്യ, ജന്തുശാസ്ത്രങ്ങളിലേക്ക് കൂടി കൂടുതല്‍ അടുപ്പിച്ചു. പരിണാമ സിദ്ധാന്ത പഠനത്തില്‍ പിന്നീട് തനിക്ക് സഹായകരമായി മാറിയ ജോണ്‍ ജെയിംസ് ഔഡുബോണ്‍, ചാള്‍സ് ലീല്‍ തുടങ്ങിയ പ്രകൃതിശാസ്ത്രജ്ഞരുടെ കൃതികളിലേക്ക് ഡാര്‍വിനെ നയിച്ചത് ഹെന്‍സ്ലോ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് നിര്‍ണായക യാത്രാ ദൗത്യം ഡാര്‍വിനിലേക്ക് എത്തുന്നത്. HMS ബീഗിള്‍ എന്ന പര്യവേക്ഷണ കപ്പലിന്റെ രണ്ടാമത്തെ ദൗത്യം.
Content Highlights: charles darwin unheard stories