93-ാമത് ശിവഗിരി തീർഥാടനം: യു.എ.ഇയിൽ ഈ മാസം 15 ന്

ശിവഗിരി തീര്‍ഥാടനത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ശിവഗിരി തീര്‍ഥാടനത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ദുബായ്: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ ഈമാസം 15 ന് അജ്മാൻ കൾച്ചറൽ സെന്ററിൽ വെച്ച് ശിവഗിരി തീർഥാടനം ആചാരാനുഷ്ഠാനങ്ങളോടെ ആചരിക്കും. യു.എ.ഇയിലെ എട്ട് യൂണിയനുകളുടെ നേതൃത്വത്തിലാണ് 93-ാമത് തീർഥാടനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ 16-ാമത് വർഷമാണ് യു.എ.ഇയിൽ ശിവഗിരി തീർഥാടനം അരങ്ങേറുന്നത്.

15ന് രാവിലെ 11 മണിക്ക് നടക്കുന്ന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നല്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീർഥാടനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ശിവ സ്വരൂപാനന്ദ സ്വാമികൾ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, ബി.ജയപ്രകാശ്, സുരേഷ് തിരുകുളം, സാജൻ സത്യ, ശ്രീധരൻ പ്രസാദ്, ജെ.ആർ.സി ബാബു, സിജു മംഗലശ്ശേരി എന്നിവർ പങ്കെടുക്കും.

തീർഥാടന ദിനത്തിൽ പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 6.30ന് ധർമ്മ പതാക ആരോഹണം, തുടർന്ന് എട്ട് മണി മുതൽ സർവ്വ ഐശ്വര്യപൂജ, ഭക്തി സാന്ദ്രമായ ഭജനുകൾ, പദയാത്ര, 51 പേരുടെ ദൈവദശകാലപനം, ശിവ സ്വരൂപാനന്ദ സ്വാമികളുടെ പ്രഭാഷണം എന്നിവയും ഉണ്ടാകും. ഉച്ചക്ക് 12.30 മുതൽ 5000 തീർഥാടകർക്ക് അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് എൻജിനീയറിംഗ് തുടങ്ങിയവയുടെ എക്‌സിബിഷനും, സാറ്റലൈറ്റ് ടെക്‌നോജിയിൽ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥ് നടന്നുന്ന പ്രഭാഷണവും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ നൃത്ത പരിപാടികൾ അവതരിപ്പിക്കും.

കഴിഞ്ഞ ഒരു മാസമായി യു.എ.ഇയിലെ എട്ട് യൂണിയനുകളിലും നടന്നിരുന്ന ഗുരുദേവ കലാ സാഹിത്യ മത്സരങ്ങളുടെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കും. വൈകുന്നേരം ആറ് മണിക്ക് ഭഗവതി പൂജ, തുടർന്ന് ദീപാരാധന, പതാക അവഹോരണം എന്നീ ചടങ്ങുകളോടെ തീർഥാടനം അവസാനിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബി. ജയപ്രകാശൻ, വൈസ് ചെയർമാൻ സാജൻ സത്യ, സെക്രട്ടറി ശ്രീധരൻ പ്രസാദ്, ട്രഷറർ ജെ.ആർ.സി ബാബു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: 93rd Shivagiri Pilgrimage to Be Celebrated in UAE February