ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനായി അബുദാബി ക്ഷേത്രത്തിൽ പ്രാർഥന

അബുദാബി : ഫ്ലൈദുബായ് വിമാനത്തിൽവെച്ച് സഹപൈലറ്റിന്റെ ഭീകരാക്രമണശ്രമത്തെ ജീവൻ പണയംവെച്ചും ചെറുത്തുതോൽപ്പിച്ച് 174 യാത്രികരെ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു.

സന്ന്യാസിമാരുൾപ്പെടെ നൂറുകണക്കിനു ഭക്തർ പങ്കെടുത്ത ചടങ്ങിൽ ക്യാപ്റ്റന്റെ ധീരതയെ ആദരിക്കുകയും കുടുംബത്തിന് കരുത്തുപകരണമെന്ന് പ്രാർഥിക്കുകയും ചെയ്തു.

ക്യാപ്റ്റൻ സ്മിത്ത് യു.എ.ഇ.യുടെ അഭിമാനമാണെന്ന് അബുദാബി ക്ഷേത്ര അധികൃതർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.

അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ക്യാപ്റ്റൻ സ്മിത്തിനെ ശനിയാഴ്ച ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും നേരിട്ടെത്തി സന്ദർശിച്ചിരുന്നു.

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽവിളിച്ച് അഭിനന്ദിച്ചിരുന്നു.

അടുത്ത മേയിൽ നടക്കുന്ന ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ നെതന്യാഹു അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്മിത്തിന്റെ ജന്മനാടായ ഗുജറാത്ത് സർക്കാർ അദ്ദേഹത്തിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിക്കുകയും പ്രശസ്തമായ സോമനാഥക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു.