സർക്കാർ സേവനങ്ങൾക്ക് എ.ഐ. പേഴ്‌സണൽ അസിസ്റ്റന്റ്; ‘മിറ’ അവതരിപ്പിച്ച് ശൈഖ് മുഹമ്മദ്

2027 മാർച്ചുമുതൽ ലഭ്യമാകും

ദുബായ് : പൊതുസേവനമേഖലയിൽ ആഗോളതലത്തിൽതന്നെ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട്, നിർമിതബുദ്ധിയിൽ (എ.ഐ.) പ്രവർത്തിക്കുന്ന പേഴ്‌സണൽ അസിസ്റ്റന്റായ ‘മിറ’യെ യു.എ.ഇ. തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ‘ഗവൺമെന്റ് 4.0’ എന്ന വിപ്ലവകരമായ കാഴ്ചപ്പാടിന് കീഴിൽ ‘മീറ’ അവതരിപ്പിച്ചത്. പരമ്പരാഗത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കപ്പുറം, സ്വദേശികളുടെയും പ്രവാസികളുടെയും ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സേവനങ്ങൾ പൂർത്തിയാക്കി നൽകുന്ന വ്യക്തിഗതവും സംയോജിതവുമായ എ.ഐ. സംവിധാനമാണിത്.

‘മിറ’ യു.എ.ഇ. സർക്കാരിന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്നും രാജ്യത്തെ എല്ലാ പൗരർക്കും താമസക്കാർക്കും വേണ്ടി പ്രവർത്തിക്കാൻ രൂപകല്പനചെയ്ത ആദ്യത്തെ സർക്കാർ അസിസ്റ്റന്റാണിതെന്നും പദ്ധതി അവതരിപ്പിച്ചുകൊണ്ട് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗെർഗാവി പറഞ്ഞു. ഏജന്റിക് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും നടപടികൾ സ്വയം പൂർത്തിയാക്കാനും ‘മിറ’യ്ക്ക് സാധിക്കുമെന്ന് ഗവൺമെന്റ് നോളജ് എക്‌സ്‌ചേഞ്ച് അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് റാഷിദ് ബിൻ താലിയ വ്യക്തമാക്കി.

2027 മാർച്ച് മുതലാണ് ‘മിറ’ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുക. ആദ്യഘട്ടത്തിൽ പൗരർക്കും താമസക്കാർക്കും ഏറ്റവും അത്യന്താപേക്ഷിതമായ മുൻഗണനാ സേവനങ്ങളായിരിക്കും ലഭ്യമാവുക.

റെസിെഡൻസി വിസ, തിരിച്ചറിയൽ രേഖകൾ, പാസ്‌പോർട്ട് പുതുക്കൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇതിലുൾപ്പെടുന്നു. ഘട്ടംഘട്ടമായി മറ്റ് സേവനങ്ങൾകൂടി കൂട്ടിച്ചേർത്ത് 2027 അവസാനത്തോടെ യു.എ.ഇ.യിലെ മുഴുവൻ സർക്കാർ സേവനങ്ങളും ‘മിറ’യിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഏത് സർക്കാർ വകുപ്പാണ് ഒരു പ്രത്യേക സേവനം നൽകുന്നതെന്നോ അതിന് എന്തെല്ലാം രേഖകളാണ് വേണ്ടതെന്നോ ഉപഭോക്താക്കൾ ഇനി ഓർത്തുവെക്കേണ്ടതില്ലെന്ന് ബിൻ താലിയ വിശദീകരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിനുവേണ്ടി ആവശ്യമായ അപേക്ഷകളും രേഖകളും ‘മിറ’ സ്വയം തയ്യാറാക്കി നൽകും. ഇതിനുപുറമെ, ഭാഷാ പരിമിതികൾ പൂർണമായും മറികടന്നുകൊണ്ട് താമസക്കാർക്ക് അവരുടെ സ്വന്തം ഭാഷയിൽതന്നെ സർക്കാരുമായി ആശയവിനിമയം നടത്താനും ആവശ്യങ്ങൾ അറിയിക്കാനും ‘മിറ’ സൗകര്യമൊരുക്കും.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ 50 ശതമാനം സർക്കാർ മേഖലകളും സേവനങ്ങളും പ്രവർത്തനങ്ങളും ഏജന്റിക് എ.ഐ.യിലേക്ക് മാറ്റാനാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് ദേശീയ ഏജന്റിക് എ.ഐ. ദൗത്യസംഘത്തിന്റെ അധ്യക്ഷൻ കൂടിയായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിൽ ആയിരത്തിലധികം വിദഗ്ധരാണ് ഈ ദൗത്യത്തിനായി പ്രവർത്തിക്കുന്നത്.

1970-കളിലെ സ്റ്റാമ്പുകളും തപാൽ ഇടപാടുകളും മുതൽ 2000-ത്തിലെ മൊബൈൽ ഗവൺമെന്റും ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും വരെയുള്ള ശൈഖ് മുഹമ്മദിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ദീർഘവീക്ഷണത്തിന്റെ തുടർച്ചയാണ് ‘മിറ’യെന്നും അദ്ദേഹം വിശദീകരിച്ചു.