യു.എ.ഇ. ഒരുദിവസം പ്രതിരോധിക്കുന്നത് 6.4 ലക്ഷം സൈബർ ആക്രമണങ്ങൾ

ദുബായ് : യു.എ.ഇ.യിൽ പ്രതിദിനം ശരാശരി 6,40,000 സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്ന് യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി.

ഒരു പ്രമുഖ സ്വകാര്യസ്ഥാപനത്തെ ലക്ഷ്യമിട്ട് നടന്ന 50 ലക്ഷം ഡോളറിന്റെ റാൻസംവെയർ ആക്രമണത്തെ പ്രതിരോധിച്ച സംഭവവും അദ്ദേഹം വെളിപ്പെടുത്തി. അറബ് മീഡിയ സമ്മിറ്റിൽ 'മീഡിയയും അഞ്ചാം തലമുറ യുദ്ധങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അന്താരാഷ്ട്ര ഏജൻസികളുമായും സ്വകാര്യമേഖലയുമായും കൈകോർത്ത് യു.എ.ഇ. നടത്തിയ വിജയകരമായ പ്രതിരോധനീക്കത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

സിസ്റ്റത്തിലെ സുരക്ഷാ അപാകത മുതലെടുത്ത് കടന്നുകൂടിയ ഹാക്കർ 50 ലക്ഷം ഡോളറാണ് ആവശ്യപ്പെട്ടത്. വിവരങ്ങൾ പൂർണമായി ചോരുന്നതിന് മുൻപുതന്നെ ആഗോള സഹകരണത്തോടെ ഭീഷണി തടയാനായെങ്കിലും, ഹാക്കർ ചിലവിവരങ്ങൾ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചു. അതിർത്തികളില്ലാത്ത ഇത്തരം സൈബർ കടന്നാക്രമണങ്ങളെ ചെറുക്കാൻ ആഗോള സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനങ്ങൾ തടസ്സപ്പെടുത്തുന്നതിന് പുറമേ വൈദ്യുതി, ജലം, സാമ്പത്തികം തുടങ്ങിയ രാജ്യത്തിന്റെ നിർണായകമേഖലകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കർമാർ ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

വ്യാജപ്രചാരണങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സംഭവങ്ങളുടെ ഗതിതിരിച്ചുവിടാനും ഒരു വ്യക്തിക്കോ 'ലോൺ വുൾഫ്' ആക്രമണകാരിക്കോ സാധിക്കും. അതുകൊണ്ട് ജനങ്ങളുടെ ജാഗ്രതയാണ് പ്രതിരോധത്തിന്റെ ആദ്യഘടകമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ വ്യക്തമാക്കാൻ ഒരു വിദ്യാർഥിനിയുടെ ദാരുണ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സഹപാഠികൾ ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ആ പെൺകുട്ടിക്ക് ഒരു അധ്യയനവർഷം മുഴുവൻ പഠനം ഉപേക്ഷിക്കേണ്ടിവന്നു.

തമാശയായി തുടങ്ങുന്ന ഇത്തരം പ്രവണതകൾ ഒരു കുട്ടിയുടെ ഭാവിയെത്തന്നെ ബാധിക്കുമെന്നും, സാങ്കേതികവിദ്യയെ ഭയപ്പെടുകയല്ല, മറിച്ച് അതിനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സിസ്റ്റങ്ങൾ തകരാറിലായാൽ നന്നാക്കിയെടുക്കാം, എന്നാൽ ആശയങ്ങളും ചിന്തകളും തകരാറിലായാൽ അത് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് സൈബർ സുരക്ഷാതലവൻ മുന്നറിയിപ്പ് നൽകി. നിർമിതബുദ്ധിയുടെ 95 ശതമാനം ഉപയോഗവും പോസിറ്റീവാണെങ്കിലും അതിനെ കൃത്യമായി നിയന്ത്രിക്കണം. ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാൻ വൈകുമ്പോൾ വ്യാജ പ്രചാരകർ അത് മുതലെടുക്കുന്നു. എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് പൊതുജനങ്ങളും മാധ്യമങ്ങളും ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം. അഞ്ചാം തലമുറ സൈബർ ഭീഷണികളെ നേരിടാൻ സർക്കാരും സ്വകാര്യ മേഖലയും മാധ്യമങ്ങളും പൊതുജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.