എ.ടി.എമ്മിന് ഇന്ന് ദുബായിൽ തുടക്കം

ദുബായ് : ആഗോള വിനോദസഞ്ചാര, ആതിഥേയത്വ മേഖലയിലെ ഏറ്റവും വലിയ കൂട്ടായ്മയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എ.ടി.എം-2026) 33-മത് പതിപ്പിന് തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ഈ മാസം 17 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള മേളയിൽ വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര മന്ത്രാലയങ്ങൾ, എയർലൈനുകൾ, പ്രമുഖ ഹോട്ടൽ ശൃംഖലകൾ, സാങ്കേതിക വിദ്ഗധർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 'ട്രാവൽ 2040: ഇന്നവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ അതിരുകൾ തേടി' എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വിനോദസഞ്ചാരം, സഞ്ചാരികളുടെ മാറുന്ന മുൻഗണനകൾ എന്നിവ ആഗോള യാത്രാമേഖലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മേള ചർച്ച ചെയ്യുമെന്ന് ആർ.എക്സ്. ഗ്ലോബൽ യു.എ.ഇ. റീജണൽ പോർട്ട്‌ഫോളിയോ ഡയറക്ടർ ഡാനിയൽ കർട്ടിസ് പറഞ്ഞു.

പ്രധാന ആകർഷണമായി'എ.ടി.എം. ട്രാവൽ ടെക്'

സാങ്കേതിക മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇത്തവണ പുതുതായി 'എ.ടി.എം ട്രാവൽ ടെക്' മേളയുടെ ഭാഗമായി അരങ്ങേറും.

30 രാജ്യങ്ങളിൽ നിന്നുള്ള 180-ലധികം പ്രദർശകരാണ് ഈ വിഭാഗത്തിൽ പങ്കെടുക്കുന്നത്. 850 ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ടെക് & ഇനവേഷൻ ഹബ് എന്ന പ്രത്യേക കേന്ദ്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വി.ആർ, എ.ആർ, റോബോട്ടിക്‌സ്, ഫിൻടെക്, ഗ്രീൻ ടെക്‌നോളജി എന്നിവയിലെ അത്യാധുനിക മാറ്റങ്ങൾ പ്രദർശിപ്പിക്കും.

ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം എ.ഐ വിഭാഗം സി.ഇ.ഒ. ഡോ. മർവാൻ അൽ സറൂണി ചർച്ചകൾക്ക് തുടക്കം കുറിക്കും. സേബർ, ട്രിപ്പ്.കോം, ട്രിപ്പ് അഡ്വൈസർ, വേഗോ, മേക്ക്‌മൈട്രിപ്പ്, വിസ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെ പ്രമുഖർ എ.ഐ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിക്കും.

മന്ത്രിതല ചർച്ചകളും ആഗോള പങ്കാളിത്തവും

മേളയുടെ ആദ്യദിനം 'ഗ്ലോബൽ സ്റ്റേജിൽ' നടക്കുന്ന 'മിനിസ്റ്റീരിയൽ ഡിബേറ്റ്' ശ്രദ്ധേയമാകും. ജി.സി.സി. മേഖലയിലെ വിനോദസഞ്ചാര സുസ്ഥിരതയും സഞ്ചാരികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്യും. യു.എ.ഇ. സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി, യു.എൻ ടൂറിസം സെക്രട്ടറി ജനറൽ ശൈഖ അൽ നുവൈസ്, ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി തുടങ്ങിയ പ്രമുഖർ മന്ത്രിതല ചർച്ചയിൽ പങ്കാളികളാകും.

ടൂറിസം ഇക്കണോമിക്സ്, യൂറോമോണിറ്റർ ഇന്റർനാഷണൽ, എസ്.ടി.ആർ. തുടങ്ങിയ ആഗോള ഗവേഷണ ഏജൻസികൾ വിപണിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവതരിപ്പിക്കും. കൂടാതെ, ആഗോളതലത്തിൽ ബിസിനസ് ആശയവിനിമയം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ നവീകരിച്ച പുതിയ ബ്രാൻഡ് ഐഡന്റിറ്റിയോടെയാണ് ഇത്തവണ എ.ടി.എം സന്ദർശകരെ സ്വീകരിക്കുന്നത്.