രണ്ടുമാസത്തിനിടെ പിടികൂടിയത് 300 കിലോയിലേറെ മയക്കുമരുന്ന്

വിമാനത്താവളങ്ങൾ വഴിയുള്ള 14 കടത്തുശ്രമങ്ങൾ പരാജയപ്പെടുത്തി
അബുദാബി : യു.എ.ഇ.യിലെ വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ 14 വൻ മയക്കുമരുന്ന് കടത്തുശ്രമങ്ങൾ രാജ്യത്തെ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. നാഷണൽ ആന്റി നർകോട്ടിക്സ് ഏജൻസിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളിൽ രണ്ടു മാസത്തിൽ താഴെ സമയത്തിനുള്ളിൽ 300 കിലോഗ്രാമിലധികം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ അന്താരാഷ്ട്ര ലഹരി കടത്തുകാരെ സംഭവത്തിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഇന്റലിജൻസ് ഏജൻസികളിൽനിന്ന് ലഭിച്ച മുൻകൂർ വിവരങ്ങളുടെയും നൂതന ഡേറ്റ അനലിറ്റിക്സ് സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ സംശയാസ്പദമായ ചരക്കുകളും യാത്രക്കാരെയും സുരക്ഷാസേനയുടെ കൃത്യമായ നിരീക്ഷണത്തിലാക്കിയത്.
വിമാനത്താവളങ്ങളിൽ ലഗേജുകൾ നേരിട്ടു തുറന്നുപരിശോധിക്കാതെ തന്നെ അതിനുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ചിരിക്കുന്ന ലഹരിവസ്തുക്കൾ നിമിഷങ്ങൾക്കകം കണ്ടെത്തുന്ന അത്യാധുനിക സ്മാർട്ട് സ്ക്രീനിങ് സാങ്കേതികവിദ്യയും ഡിറ്റക്‌ഷൻ സിസ്റ്റങ്ങളുമാണ് യു.എ.ഇ. കസ്റ്റംസ് ഉപയോഗിക്കുന്നത്. വിമാനങ്ങളുടെ വിവരങ്ങൾ, ട്രാൻസിറ്റ് റൂട്ടുകൾ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ തത്സമയം വിശകലനംചെയ്ത് അപകടസാധ്യതയുള്ള ചരക്കുകളെ കൃത്യമായി വേർതിരിച്ചെടുക്കാൻ ഈ സംവിധാനത്തിന് സാധിക്കുന്നു.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ശൃംഖലകളും തകർക്കാൻ രാജ്യത്തിന്റെ സുരക്ഷാവ്യൂഹം സദാ സജ്ജമാണെന്നും, യു.എ.ഇ.യെ ലഹരികടത്തിന്റെ ഇടത്താവളമാക്കാൻ അനുവദിക്കില്ലെന്നും നാഷണൽ ആന്റി നർകോട്ടിക്സ് ഏജൻസി വ്യക്തമാക്കി.