ഗ്ലോബല്‍ വില്ലേജില്‍ ശ്രദ്ധേയമായി ധോള്‍ ഫൗണ്ടേഷന്‍ സംഗീത നിശ

ദുബായ്: ദക്ഷിണേഷ്യന്‍ പരമ്പരാഗത സംഗീതത്തിന്റെയും അത്യാധുനിക ഇലക്ട്രോണിക്സ്, കെല്‍റ്റിക് സംഗീതത്തിന്റെയും സംയോജനമായ ധോള്‍ സംഗീതം ഗ്ലോബല്‍ വില്ലേജിലും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു മാസത്തോളം ആഗോളഗ്രാമത്തില്‍ അവതരിപ്പിച്ച ധോള്‍ ഫൗണ്ടേഷന്‍ സംഗീതനിശ ആസ്വദിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ബ്രിട്ടീഷ് ഇന്ത്യന്‍ ധോള്‍ ഡ്രമ്മര്‍ ജോണി കല്‍സി 1989 ലാണ് ധോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഇത് പിന്നീട് യു.കെയിലെ ആദ്യത്തെ ധോള്‍ അക്കാദമിയായി പരിണമിക്കുകയായിരുന്നു.
ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ 92-ാമത് ജന്മദിന പാര്‍ട്ടിയില്‍ അവതരിപ്പിച്ച സംഗീതനിശയിലൂടെ ധോള്‍ ഫൗണ്ടേഷന്‍ ആഗോള അംഗീകാരം നേടിയിരുന്നു. ജോണി കല്‍സിയും സംഘവും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സ് സമാപനചടങ്ങ്, ബക്കിംങ്ഹാം കൊട്ടാരത്തിലെ കോറണേഷന്‍ ഗാല കണ്‍സേര്‍ട്ട് തുടങ്ങിയ പരിപാടികളിലും ധോള്‍ ഫൗണ്ടേഷന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 'ഗാങ്‌സ് ഓഫ് ന്യൂയോര്‍ക്ക്', 'ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്' തുടങ്ങിയ ചിത്രങ്ങളില്‍ ഹിപ്നോട്ടിക് ബീറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ഹോളിവുഡിലും പ്രശസ്തമാണ് ഫൗണ്ടേഷന്‍.
ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഗ്ലോബല്‍ വില്ലേജിലെത്തിയ ആസ്വാദര്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭവമാണ് ധോള്‍ ഫൗണ്ടേഷന്‍ സംഗീതനിശയിലൂടെ ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി മൂന്ന് തവണയും ചൊവ്വാഴ്ച ഒഴികെയുള്ള മറ്റ് ദിവസങ്ങളില്‍ രണ്ടുതവണയുമായാണ് സംഗീതനിശ അരങ്ങേറിയത്.
Content Highlights: music night