സൗദിയില്‍ ആരോഗ്യ മേഖലയില്‍ രണ്ടാംഘട്ട പ്രാദേശികവത്കരണം ആരംഭിച്ചു

ജിദ്ദ: നാല് ആരോഗ്യ പ്രൊഫഷനുകളുടെ സൗദിവത്കരണ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ രണ്ടാംഘട്ടം നടപ്പിലാക്കിത്തുടങ്ങിയതായി അധികൃതര്‍ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് സ്വകാര്യ മേഖലയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട നാല് ജോലികള്‍ സൗദിവത്കരണ തോത് വര്‍ധിപ്പിക്കുന്നത്. തീരുമാനം 2025 ഒക്ടോബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ തീരുമാനം അനുസരിച്ചു ക്ലിനിക്കല്‍ ന്യൂട്രീഷന്‍, ഫിസിയോ തെറാപ്പി ജോലികളില്‍ 80% സൗദി പൗരന്മാരെ നിയമിച്ചു സ്വദേശിവല്‍ക്കരണ നിരക്ക് ഉയര്‍ത്തണം. അതേസമയം മെഡിക്കല്‍ ലബോറട്ടറികള്‍ 70%വും റേഡിയോളജി 65%വും സൗദി വത്കരണത്തോത് ഉയര്‍ത്തണം. സ്പെഷ്യലിസ്റ്റുകള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 7,000 റിയാലും, ടെക്നീഷ്യന്മാര്ക്ക് 5,000 റിയാലുമായി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ നടപടിക്രമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൗദിവതകരണ തോത് നടപ്പാക്കേണ്ടതിന്റെ വിശദാംശങ്ങളും അനുപാതങ്ങളും വിവരിച്ചിട്ടുണ്ട്. കൂടാതെ ഇതുസംബന്ധമായ പിഴകള്‍ ഒഴിവാക്കുന്നതിനും സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ മേഖലകളെ ദേശസാല്‍ക്കരിക്കാനുള്ള നേരത്തെയുള്ള ശ്രമങ്ങളുടെ അടിസ്ഥാനമാക്കിയാണ് രണ്ടാം ഘട്ടം രൂപപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ആരോഗ്യ മന്ത്രാലയം രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനു മേല്‍നോട്ടം വഹിക്കും. റിക്രൂട്ട്മെന്റ് സഹായം, പരിശീലനം തുടങ്ങിയ പിന്തുണയും പ്രോത്സാഹനങ്ങളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നല്‍കും.
Content Highlights: Saudi Arabia implements phase 2 of increased Saudization for 4 healthcare professions. Learn about quotas, salaries, and deadlines for compliance by October 17, 2025.