സൗദിയിൽ റോഡരികിൽ കുഴഞ്ഞുവീണ് മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ബത്തയ്ക്കടുത്ത് റോഡരികിൽ കുഴഞ്ഞുവീണ് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻപൽസി ദമ്പതികളുടെ മകനാണ് വിജയരാജ്. ഭാര്യ: ഇഴിൽ പ്രഭ. ഷാരോൺ വിജയ്, ഷാന വിജയ് എന്നിവർ മക്കളാണ്.

15 ദിവസം മുമ്പാണ് ബത്തയ്ക്കടുത്ത ഫർസ്ഥക്കിൽ റോഡരികിലൂടെ നടക്കുന്നതിനിടെ വിജയരാജിന് തളർച്ച അനുഭവപ്പെട്ടതിനെ പിന്നാലെ കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

നാല് വർഷം മുമ്പാണ് നിർമ്മാണ മേഖലയിലെ തൊഴിലാളിയായി വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറി. ഇതിനിടെ നാല് മാസം മുമ്പ് ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്‌ക്കെടുത്ത വകയിൽ വലിയ തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിലും കാലതാമസം നേരിട്ടു.

വിജയരാജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ എംബസ്സിയാണ് മുതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് വഹിച്ചത്.

Content Highlights: Vijayaraj Chellan, a 45-year-old from Thiruvananthapuram, passed away after collapsing in Riyadh., He had expired Iqama and faced financial struggles due to rental car debts., Keli Kala Samskarika Vedi coordinated repatriation efforts., The Indian Embassy in Riyadh funded the transportation of the body back to Kerala.