മക്കയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു

#ജാഫറലി പാലക്കോട്

മക്ക: സൗദി അറേബ്യയിലെ മക്കയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയതായും മൂന്നാമത്തെ കുട്ടിയെ കാണാതായതായും സിവിൽ ഡിഫൻസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് മൂന്ന് കുട്ടികൾ മലവെള്ളപ്പാച്ചിലിൽപ്പെട്ടതായി വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ട് കുട്ടികളേ പുറത്തെടുത്തു. ഇവരിൽ ഒരാൾ മരിച്ചിരുന്നു. കാണാതായ മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

മഴ പെയ്യുന്ന സമയങ്ങളിൽ താഴ്വരകളിൽ നിന്നും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്ന് പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Content Highlights: makkah-flash-floods-child-dead-missing