ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ റിയാദ്, മദീന മേഖലകളിൽ അഞ്ച് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയും അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ച രണ്ടുപേരുടെ വിവരങ്ങളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) പുറത്തുവിട്ടു. മരിച്ചവരിൽ ഒരാൾ സൗദി പൗരനും മറ്റൊരാൾ ഇന്ത്യൻ പൗരത്വമുള്ള പ്രവാസിയുമാണ്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരിൽ ഒരു സൗദി പൗരനും ഇന്ത്യ, യമൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വീതം പ്രവാസികളും നേപ്പാൾ സ്വദേശിയായ ഒരു പ്രവാസിയുമുണ്ട്.
പരിക്കേറ്റവരുടെ നിലയിൽ നേരിയ പരിക്ക് മുതൽ ഗുരുതരാവസ്ഥ വരെയുള്ള വ്യത്യാസങ്ങളുണ്ടെന്നും ഇവർക്ക് വിവിധ ആശുപത്രികളിൽ ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഗാക്ക അറിയിച്ചു.
ഷൈബ എണ്ണപ്പാടത്തിന് നേരെയും
ആക്രമണം
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണസംസ്കരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി നേരത്തെ ഊർജ മന്ത്രാലയം അറിയിച്ചിരുന്നു. സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതിനു പിന്നാലെ വീണ അവശിഷ്ടങ്ങളാണ് രണ്ടുപേരുടെ മരണത്തിനും മറ്റുരണ്ടുപേർക്ക് പരിക്കേൽക്കാനും കാരണമായത്.
കൊല്ലപ്പെട്ടവർ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണെന്ന് ഊർജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. എണ്ണപ്പാടത്ത് പ്രവർത്തിക്കുന്ന കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചതായും മന്ത്രാലയം അറിയിച്ചു. സംഭവം എണ്ണപ്പാടത്തിന്റെ അതിർത്തിക്ക് പുറത്താണ് ഉണ്ടായത്. ആക്രമണം എണ്ണപ്പാടത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എണ്ണസംസ്കരണ കേന്ദ്രത്തിലുണ്ടായ സംഭവത്തിൽ പാകിസ്താൻ, ഇന്ത്യ സ്വദേശികളായ രണ്ട് പ്രവാസികൾക്കും പരിക്കേറ്റിരുന്നു. ഇതിനിടെ, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ എത്തിയ നാല് ഡ്രോണുകൾ വെടിവെച്ചിട്ടതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.
Content Highlights: dammam-airport-resumes-operations-drone-attack-saudi