ഒമാൻ ദേശീയദിന സൈനിക പരേഡിന് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിച്ചു

മസ്കറ്റ്: ഒമാന്റെ ഈ വർഷത്തെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൈനിക പരേഡിന് സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലുള്ള റോയൽ ആർമി ഓഫ് ഒമാന്റെ സുൽത്താൻ ഓഫ് ഒമാൻസ് ആർമേഡ് ഡിവിഷനിലെ ശഫാ ക്യാമ്പ് പരേഡ് ഗ്രൗണ്ടിലാണ് പ്രൗഢഗംഭീരമായ സൈനിക പരേഡ് അരങ്ങേറിയത്.
റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സ്, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് ഓഫ് ഒമാൻ കാവൽറി എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രതീകാത്മക യൂണിറ്റുകളും സംയുക്ത സൈനിക, അശ്വാരൂഢ സംഗീത ബാൻഡുകളും പരേഡിൽ അണിനിരന്നു.
പരേഡ് ഗ്രൗണ്ടിൽ എത്തിയ സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, റോയൽ ഓഫീസ് മന്ത്രി, സുൽത്താൻസ് ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ്, റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സുൽത്താൻ റോയൽ വേദിയിലേക്ക് (റോയൽ ഡയസ്) എത്തിയതോടെ പരേഡ് വിഭാഗങ്ങൾ സൈനിക സല്യൂട്ട് നൽകുകയും സംയുക്ത സൈനിക ബാൻഡ് ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സുൽത്താന്റെ ആഗമനത്തോടുള്ള ആദരസൂചകമായി സുൽത്താൻ ഓഫ് ഒമാൻ പീരങ്കിപ്പട 21 ആചാരവെടികൾ മുഴക്കി.
പിന്നീട് സൈനിക പരേഡ് കമാൻഡർ റോയൽ വേദിക്ക് മുന്നിലെത്തി പരേഡ് നടപടികൾ ആരംഭിക്കുന്നതിനായി സുപ്രീം കമാൻഡറുടെ അനുമതി തേടി.
സുൽത്താൻസ് ആംഡ് ഫോഴ്സ്, റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫയേഴ്സ് എന്നിവയുടെ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംയുക്ത സൈനിക സംഗീത ബാൻഡ് റോയൽ വേദിക്ക് മുന്നിൽ സ്ലോ മാർച്ചിലും ഓർഡിനറി മാർച്ചിലും സംഗീത പ്രകടനം അവതരിപ്പിച്ചു. തുടർന്ന് സംയുക്ത സൈനിക സംഗീതത്തിന്റെ അകമ്പടിയോടെ സെറിമോണിയൽ ഗാർഡ് നിരകൾ സുപ്രീം കമാൻഡർക്ക് സൈനിക സല്യൂട്ട് നൽകി അണിനിരന്നു.
ഇതിന് പിന്നാലെ റോയൽ ഗാർഡ് ഓഫ് ഒമാൻ കാവൽറിയെയും റോയൽ കാവൽറിയെയും പ്രതിനിധീകരിക്കുന്ന അശ്വാരൂഢ സംഗീത ബാൻഡുകൾ റോയൽ വേദിക്ക് മുന്നിലൂടെ കടന്നുപോകുകയും സുൽത്താന് സൈനിക സല്യൂട്ട് അർപ്പിക്കുകയും ചെയ്തു.
തുടർന്ന് മാർച്ചിംഗ് സംഘം 'ലോംഗ് ലിവ് ഒമാൻ' എന്ന സൈനിക ഗാനം ആലപിക്കുകയും, 'അല്ലാഹുവിൽ വിശ്വാസം, സുൽത്താനോട് കൂറ്, മാതൃരാജ്യത്തിന്റെ പ്രതിരോധം' എന്ന പ്രതിജ്ഞാവാചകം മുഴക്കുകയും, സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്കിന് മൂന്ന് തവണ ആയുരാരോഗ്യ ആശംസകൾ നേരുകയും ചെയ്തു.
സമാപനമായി സംയുക്ത സൈനിക സംഗീത ബാൻഡ് ദേശീയ ഗാനം ആലപിക്കുകയും പങ്കെടുത്ത സേനാവിഭാഗങ്ങൾ സുൽത്താന് സൈനിക സല്യൂട്ട് നൽകുകയും ചെയ്തു. പരേഡിന്റെ സമാപനം കുറിച്ചുകൊണ്ട് സുൽത്താൻ പരേഡ് ഗ്രൗണ്ടിൽ നിന്ന് മടങ്ങി.