ഒമാൻ ദേശീയ ദിനാഘോഷം

മസ്കറ്റ് : ഒമാന്റെ ദേശീയ ഐക്യത്തിന്റെയും പൈതൃകത്തിന്റെയും പുരോഗതിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് വിവിധ പ്രവാസി കൂട്ടായ്മകളുടെ സംയുക്താഭിമുഖ്യത്തിൽ ഒമാൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.

ഫോർച്യൂൺ ഫിറ്റ്നസ് സെന്ററിൽ നടന്ന പരിപാടിയിൽ അസ്മൽ ചിറയിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒമാന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും വികസനക്കുതിപ്പും അടയാളപ്പെടുത്തുന്ന ദേശീയ ദിനം പ്രവാസി സമൂഹത്തിനും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിൽ പ്രവാസികൾ നൽകുന്ന സംഭാവനകളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കുകയും ഒമാനോടുള്ള ആദരവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.

സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ഷഹദ് കൊയിലാണ്ടി, ജംഷാദ്, ഹംസ കിന്നിംഗാർ, റിംഷാദ്, നൗഫൽ കൊല്ലം തുടങ്ങി വിവിധ പ്രവാസി സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ ഒത്തുചേരൽ ആഘോഷങ്ങൾക്ക് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സവിശേഷമായ തിളക്കം നൽകി. ഒമാന്റെ വളർച്ചയിൽ പങ്കാളികളാകാനുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.

Content Highlights: Oman National Day Celebration, Pravasi News