കേരളപ്പിറവി ദിനാഘോഷവും മലയാളം മിഷന്‍ പ്രവേശനോത്സവവും സംഘടിപ്പിച്ചു

ക്വാലാലംപൂര്‍: മലയാളം മിഷന്‍ മലേഷ്യ ചാപ്റ്റര്‍ കേരളപ്പിറവി ദിനാഘോഷവും മലയാളം മിഷന്‍ പുതിയ ബാച്ച് കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ പ്രവേശനോത്സവവും സംയുക്തമായി സംഘടിപ്പിച്ചു. മലേഷ്യയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡബ്ല്യു.എം.എഫ് മലേഷ്യ ചാപ്റ്ററാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ക്വാലാലംപൂരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ പുരസ്‌കാര ജേതാവുമായ ഹരിത സാവിത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കണിക്കൊന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിക്കുകയും പ്രശസ്തി പത്രം സമ്മാനിക്കുകയും ചെയ്തു. മലയാളം മിഷന്‍ മലേഷ്യ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ മഞ്ജു സജീഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. ഡബ്ല്യു.എം.എഫ് മുന്‍ പ്രസിഡന്റ് ടോണി മൈക്കിള്‍, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി നിഷ സജുമോന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കണിക്കൊന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ:അരുണ ഗോപിനാഥ്, കുമാരി മേഹ സുരേഷ് എന്നിവര്‍ തങ്ങളുടെ കണിക്കൊന്ന കോഴ്‌സ് പഠനത്തിന്റെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. പഠിതാക്കള്‍ക്കായി ഒരുക്കിയ മാതൃകാ ക്ലാസ് മുറി തികച്ചും വ്യത്യസ്താനുഭവമായിരുന്നു. തുടര്‍ന്ന് പഠിതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഭാഷാ പ്രതിജ്ഞ ചൊല്ലുകയും കേരളപിറവിയോട് അനുബന്ധിച്ചുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ ഡബ്ല്യു.എം.എഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീജ.എസ്. നായര്‍ വിതരണം ചെയ്തു. മലയാളം മിഷന്‍ അധ്യാപകരായ സതീശന്‍ ഒ.പി സ്വാഗതവും ചിത്ര.എസ്. കുറുപ്പ് നന്ദിയും പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്
Content Highlights: Malayalam Mission Malaysia Celebrates Kerala Piravi