അയര്‍ലന്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളുടെ പോരാട്ടം

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് രണ്ട് വനിതകള്‍. ഫിനഗേല്‍ സ്ഥാനാര്‍ത്ഥി ഹീതര്‍ ഹംഫ്രീസും ഇടതുസഖ്യത്തിന്റെ പിന്തുണയുള്ള കാതറീന്‍ കൊണോലിയുമാണ് ഒക്ടോബര്‍ 24 ന് ജനവിധി തേടുന്നത്. ഫിനാഫാള്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍ പ്രചാരണത്തിന്റെ മധ്യത്തില്‍ പിന്‍മാറിയതോടെ മത്സരം രണ്ട് സ്ഥാനാര്‍ത്ഥികളിലേക്ക് ചുരുങ്ങി.
അപ്പാര്‍ട്ട്മെന്റിന്റെ വാടക ഇനത്തില്‍ കൂടുതലായി കൈപ്പറ്റിയ 3,300 യൂറോ തിരിച്ചു നല്‍കിയില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് ഗാവിന് പിന്‍മാറേണ്ടി വന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാല്‍ ജിം ഗാവിന്റെ പേരും ബാലറ്റിലുണ്ടാകും.
ഭരണകക്ഷിയായ ഫിനാഫാള്‍ സ്ഥാനാര്‍ത്ഥിയായ ജിം ഗാവിന്റെ പിന്‍മാറ്റം ഫിനാഗേല്‍ സ്ഥാനാര്‍ത്ഥി ഹീതര്‍ ഹംഫ്രീസിനും ഗുണം ചെയ്തേക്കും. ഫിനാഫാള്‍ നേതാവും പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് ഹീതറിന് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് സൂചന.
അള്‍സ്റ്റര്‍ ബാങ്കിലും കൂട്ടിഹില്‍ ക്രെഡിറ്റ് യൂണിയനിലും പ്രവര്‍ത്തിച്ചിട്ടുള്ള ഹീതര്‍ ഹംഫ്രീസ് (65) 2003 മുതല്‍ 2011 വരെ മോനാഗന്‍ കൗണ്ടി കൗണ്‍സില്‍ അംഗമായിരുന്നു. കാവന്‍ - മോനാഗന്‍ മണ്ഡലത്തില്‍ നിന്നും 2011 മുതല്‍ ഐറീഷ് പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമാണ്.
മുന്‍ ഗാല്‍വേ മേയറും ഗാല്‍വേ വെസ്റ്റില്‍ നിന്നുള്ള സ്വതന്ത്ര ടിഡി (പാര്‍ലമെന്റ് അംഗം) യുമായ കാതറീന്‍ കൊണോലി (68) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ബാരിസ്റ്ററുമാണ്. സിന്‍ഫിന്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പിന്തുണ കാതറീനുണ്ട്.
Content Highlights: Ireland's Presidential Race: Two Women Vie for the Nation's Top Office