പ്രതിഷേധം നിരാശയിൽനിന്നെന്ന് ഫഡ്‌നവിസ്

മാർച്ച് രാഷ്ട്രീയമായി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമം

മുംബൈ : തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതി​േര ഉദ്ധവ് താക്കറെയും രാജ് താക്കറെയും നേതൃത്വം നൽകിയ മുംബൈ പ്രതിഷേധ മാർച്ചിനെതി​േര മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.

ജനങ്ങൾ നിരസിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനോടുള്ള നിരാശയാണ് പ്രതിഷേധത്തിൽ പ്രതിഫലിച്ചതെന്ന് ഫഡ്‌നവിസ് പറഞ്ഞു. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026-ലാണ് ആരംഭിച്ചതെന്നും ഗ്യാനേഷ് കുമാർ 2025-ലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായതെന്നും പറഞ്ഞ ഫഡ്‌നവിസ്, 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചു. ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ നിരാശയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നും മാർച്ച് രാഷ്ട്രീയമായി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ഫഡ്‌നവിസ് ആരോപിച്ചു. പ്രതിഷേധത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ കുറവ് ആളുകളാണ് പങ്കെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.