ഈശ്വരാരാധന മാതൃരൂപത്തിൽ

#ആചാര്യ സി.പി. നായർ

നവരാത്രിമാഹാത്മ്യം

സർവേശ്വരനെ മാതൃരൂപത്തിൽ ആരാധിക്കുക എന്നത് ഹൈന്ദവധർമത്തിന്റെ സവിശേഷതയാണ്. മാനുഷികബന്ധങ്ങളിൽ മുഖ്യമായിട്ടുള്ളത് അമ്മയോടുള്ള ബന്ധമാണല്ലോ. മാതൃരൂപത്തിലുള്ള ഈശ്വരാരാധന സത്യസാക്ഷാത്കാരം സുഗമമാക്കുന്നു.

സർവശക്തിസ്വരൂപിണിയായ ദേവിയെ മാതൃരൂപത്തിൽ ആരാധിച്ച് സാക്ഷാത്കരിക്കുകയും മാതാവിന്റെ സംരക്ഷണത്തിൽ ഒരു ശിശുവിനെപ്പോലെ ജീവിതം നയിക്കുകയും ചെയ്ത് ദേവീപൂജയുടെ മഹത്ത്വം ലോകത്തിനു കാണിച്ചുകൊടുത്ത മഹാത്മാവാണ് ശ്രീരാമകൃഷ്ണ പരമഹംസർ.

ദേവീഭാഗവതം തൃതീയസ്കന്ധത്തിൽ 26മുതൽ 30വരെ അഞ്ച്‌ അധ്യായങ്ങളിലാണ് നവരാത്രി വ്രതത്തെക്കുറിച്ച് പറയുന്നത്. നവരാത്രിയിലെ അഷ്ടമി, നവമി, ദശമി ദിവസങ്ങളിലെ പൂജയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തിയും സമ്പത്തും ജ്ഞാനവും നവരാത്രി വ്രതാനുഷ്ഠാനത്താൽ നമുക്ക് പ്രാപ്തമാക്കാം. പത്താംദിവസം വിജയദശമിയായി ആഘോഷിക്കുന്നു. ദുർഗാഷ്ടമി ദിവസം ഗ്രന്ഥങ്ങൾ പൂജയ്ക്കുവെക്കണം. ഗ്രന്ഥപൂജയെ അക്ഷരവിദ്യയോടുള്ള ആദരമായിട്ടാണ് സൂചിപ്പിക്കുന്നത്. മഹാനവമി ആയുധപൂജയായി കൊണ്ടാടുന്നു. കർഷകരെ സംബന്ധിച്ച് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ആയുധങ്ങളാണ്. ഓരോ തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവരുടെ തൊഴിലുപകരണങ്ങളാണ് അവരുടെ ആയുധങ്ങൾ.

വിജയദശമി ദിവസമാണ് വിദ്യാരംഭം. സരസ്വതീപൂജ കഴിഞ്ഞ് കുട്ടികൾക്ക് അക്ഷരം കുറിക്കുന്നു. രണ്ടു വയസ്സു കഴിഞ്ഞ് മൂന്നാം വയസ്സിൽ എഴുത്തിനിരുത്തും. നാലാംവയസ്സിൽ പതിവില്ല. അഞ്ചാംവയസ്സിൽ എഴുത്തിനിരുത്താമെന്ന് പൂർവികർ നിർദേശിക്കുന്നുണ്ട്.