മാലിന്യസംസ്കരണ നടപടികളിൽ അതൃപ്തിയുമായി കോടതി

ബി.എം.സി.ക്ക് രൂക്ഷവിമർശനം

മുംബൈ : മുംബൈ നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെ (ബി.എം.സി) കടുത്ത ഭാഷയിൽ വിമർശിച്ച് ബോംബെ ഹൈക്കോടതി. നഗരത്തിലെ സമ്പന്നമേഖലമാത്രം വൃത്തിയാക്കിയാൽ പോരാ, മുംബൈ എന്നാൽ തെക്കൻ മുംബൈ മാത്രമല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.

എല്ലായിടത്തും മാലിന്യമാണ്. തെക്കൻ മുംബൈയും വർളിയും വൃത്തിയായതുകൊണ്ടുമാത്രം മുംബൈ മുഴുവൻ വൃത്തിയായി എന്ന് പറയാൻ കഴിയില്ലെന്ന് കോടതി തുറന്നടിച്ചു. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നഗരത്തിലെ പ്രധാന മാലിന്യസംസ്കരണ കേന്ദ്രമായ കഞ്ചൂർമാർഗ് ലാൻഡ്ഫില്ലിൽ ഖരമാലിന്യം തുടർച്ചയായി തള്ളുന്നതിനെ ചോദ്യംചെയ്തുള്ള ഒരുകൂട്ടം പൊതുതാത്പര്യ ഹർകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജോഗേശ്വരിയിലും മലാഡിലും സ്ഥിതി ഗുരുതരമാണ്. 24 വാർഡുകൾക്കും പ്രത്യേക ശുചിത്വ പ്ലാൻ നൽകിയിട്ടും തെരുവുകളിൽ മാലിന്യം തള്ളുന്നത് അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കോടതിയുടെ നിരീക്ഷണത്തിൽ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതിയാണ് ഏറ്റവും പരിതാപകരം. ജോഗേശ്വരി, മലാഡ്, കാന്തിവ്‌ലി, ബോറിവ്‌ലി തുടങ്ങിയ ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ റോഡരികിൽ തന്നെ കിടക്കുകയാണ്. ഇത് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തുന്നതായി കോടതി പറഞ്ഞു.

വർഷങ്ങളായി കോടതി ഒട്ടേറെ നിർദേശങ്ങൾ നൽകിയിട്ടും നഗരത്തിന്റെ ശുചിത്വത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ബെഞ്ച് വിമർശിച്ചു.

ആർക്കും എതിരല്ല, പക്ഷേ അടിസ്ഥാന ശുചിത്വ അച്ചടക്കം ഉണ്ടായിരിക്കണം. വാർഡ് ശുചിത്വം പാലിക്കപ്പെടണം. ഇപ്പോഴുള്ള ആശങ്ക പൗരന്മാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമാണെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് ഹൈക്കോതി. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഒക്ടോബർ 22-ലേക്ക് മാറ്റി.